Thursday, March 5, 2009

എഫ്‌.എം സ്‌പോണ്‍സേര്‍ഡ്‌ ബോധക്ഷയം

നിത്യന്‍ രാവിലെ ക്ലബ്‌. എഫ്‌.എം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയം 4.30. അപ്പോള്‍ അലാറം വച്ചെഴുന്നേറ്റ്‌ റേഡിയോ കേള്‍ക്കുകയാണോ എന്നു തോന്നിയേക്കാം. അങ്ങിനെ തോന്നുന്നവര്‍ക്ക്‌ ഞങ്ങള്‍ ബുദ്ധിജീവികളെപ്പറ്റിയോ അവരുടെ ശീലങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല എന്നതാണ്‌ സത്യം. മെമ്മറികാര്‍ഡ്‌ പുകപിടിച്ചുപോയതുകൊണ്ട്‌ ടെലിവിഷന്‍, ഫാന്‍, റേഡിയോ, മോട്ടോര്‍ എന്നീ വസ്‌തുക്കളുടെ സ്വിച്ചോണ്‍ കര്‍മ്മം മാത്രമാണ്‌ നമ്മള്‍ സ്വയം നിര്‍വ്വഹിക്കുക.

സ്വിച്ചോഫ്‌ കര്‍മ്മം അനുഷ്‌ഠിക്കാന്‍ കുടുംബത്തില്‍നിന്നോ സമീപഗ്രാമങ്ങളില്‍ നിന്നോ ആരുംതന്നെ എത്തുന്നില്ലെങ്കില്‍ നാവുതാണുപോയതുകൊണ്ടു നാവടങ്ങി എന്നതുപോലെ യന്ത്രം സ്വന്തം നിലയ്‌ക്കങ്ങ്‌ നിലയ്‌ക്കുകയാണ്‌ പതിവ്‌. വിശേഷബുദ്ധി അശേഷമില്ലാത്തതുകൊണ്ട്‌ പാതിരാവില്‍ മനുഷ്യന്‍ ചത്തപോലെ ഉറങ്ങുമ്പോഴും എഫ്‌.എം ടണ്‍ കണക്കിന്‌ ഫണ്‍ ചൊരിഞ്ഞുകൊണ്ടിരിക്കും.

4.30 ന്‌ എഫ്‌. എം സ്വമേധയാ അലറിവിളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഉറക്കം പോയത്‌. മറന്നുപോയ പല സംഗതികളും ഓര്‍മ്മയിലേക്ക്‌ ലോങ്‌മാര്‍ച്ച്‌ നടത്തുക ഈ ബ്രാഹ്മമൂഹൂര്‍ത്തത്തിലായിരിക്കും. അതുകൊണ്ടാണ്‌ എഴുത്തുകാര്‍ ഈ സമയത്ത്‌ എഴുത്തിനിരിക്കുന്നത്‌്‌. എഴുത്താണിയോട്‌ അലര്‍ജിയുള്ള നമ്മള്‍ മറ്റുമേഖലകളില്‍ കര്‍മ്മനിരതരാവുന്നതും.

മനസ്സുവിളിച്ചിടത്തേക്ക്‌ കൈയ്യെത്തിയതേയുള്ളൂ. ഇടം കൈയ്യില്‍ വില്ലും വലംകൈയ്യില്‍ അമ്പുമായി ബാലയവനന്‍ നിദ്രയില്‍ നിന്നും മൂരിനിവര്‍ന്നു കര്‍മ്മനിരതനായി. ഉറങ്ങുമ്പോള്‍ തലക്കുത്തില്‍ വച്ച സാധനങ്ങളുമായിത്തന്നെ ഉണരണം എന്ന്‌ മൂപ്പര്‍ക്ക്‌ നിര്‍ബന്ധമുള്ള കാര്യമാണ്‌. തട്ടിലെ ദോശ പോലെ യവനസുന്ദരിയും മറിഞ്ഞുവീണു. വായില്‍ നിന്നും വന്നത്‌ ഗ്രീക്കിലായതുകൊണ്ട്‌ അത്‌ എഫ്‌.എമ്മിനോടുള്ള സ്വാഭാവിക പ്രതികരണത്തിന്റെ തത്സമയ സംപ്രക്ഷേപണമായിരിക്കണം. എന്നെ ചീത്തവിളിച്ചതാവാന്‍ വഴിയില്ല.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ്‌ ഇനിയെന്തെല്ലാം സല്‌ക്കര്‍മ്മങ്ങളാണ്‌ അനുഷ്‌ഠിക്കേണ്ടത്‌ എന്നചിന്തയിലായിരിക്കണം യവനന്‍. വലത്തേക്കൈയ്യുടെ തള്ളവിരല്‍ വായിലും ഇടത്തേക്കൈ വില്ലിലും മുറുക്കിപ്പിടിച്ച്‌ ധ്യാനനിരതനായി ഇരിക്കുകയാണ്‌. അച്ഛന്‍ അര്‍ജുനനാണെങ്കില്‍ മോന്‍ ദ്രോണാചാര്യന്‍ എന്ന ഭാവം തന്നെ മുഖത്ത്‌.

നമ്മള്‍ക്കായിട്ട്‌ പറയാന്‍ ഒന്നുമില്ലാത്തപ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആരെങ്കിലും പറയുന്നത്‌ കേള്‍ക്കുകയാണ്‌. അതും ഒരു സുന്ദരിയുടെ പേച്ചാവുമ്പോള്‍ ഗുണംകൂടുമെന്നാണ്‌ ഐതിഹ്യം. അപ്പോള്‍ കുഞ്ഞമ്മദ്‌ക്കാ ചോദിച്ചപോലെ ഓള്‌ ചുന്നരിയാന്ന്‌ ഞ്ഞി ഞമ്മളോട്‌ പറഞ്ഞത്‌ ഹമുക്കേ ഓള ശെത്തം കേട്ടിറ്റേനൂം എന്ന്‌ ആളുകള്‍ ചോദിച്ചുകളയും. എല്ലാം ഓരോരോ വിശ്വസം. കുയിലിന്‌ ശബ്ദം സൗന്ദര്യം എന്നല്ലേ. അതുകൊണ്ട്‌ എഫെമ്മിലെ കുയില്‍ നാദം ഒരു മയിലിന്റേതാവാനേ വഴിയുളളൂ.

റേഡിയോയുടെ പ്രധാനധര്‍മ്മം പണ്ട്‌ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. റേഡിയോനിലയത്തില്‍ നിലയവിദ്വാന്‍മാര്‍ ആസ്ഥാനവിദ്വാന്‍ മാരുടെ ഭാവികണക്കിലെടുത്ത്‌ കിട്ടുന്ന വാര്‍ത്തകള്‍ അല്‌പം ചൂടുള്ളതാണെങ്കില്‍ കുറച്ചു സമയം ഐസിലിട്ട്‌ വെയ്‌ക്കും. ഫ്രീസര്‍ സംവിധാനമൊക്കെ വന്നത്‌ പിന്നീടാണ്‌. ഇനി മഞ്ഞുകൊണ്ട വെടിമരുന്നുപോലെയാണ്‌ കിട്ടിയ വാര്‍ത്തയെങ്കില്‍, ആവശ്യത്തിന്‌ ചൂട്‌ പകര്‍ന്ന്‌ അന്തരീക്ഷത്തിലേക്ക്‌ പറഞ്ഞുവിടും. അക്കാലത്ത്‌ മര്‍ഫി, ബുഷ്‌, ഫിലിപ്‌സ്‌ എന്നൊക്കെ പേരുകളുള്ള റേഡിയോ സെറ്റുകള്‍ ഒരാഡംബര വസ്‌തുവായിരുന്നു. റേഡിയോവിന്‌ നികുതിയുള്ള കാലം. കാലം കാലന്‌ വഴിമാറിയപ്പോള്‍ സ്ഥിതിമാറി.

അങ്ങിനെ കളമൊഴിയാള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ നാട്ടുകാരോട്‌ ക്ഷേമാന്വേഷണങ്ങള്‍ തുടങ്ങി. എസ്‌.എം.എസ്‌ അയക്കേണ്ട കാര്യം ആദ്യം തന്നെ പറയുകയാണ്‌ അതിന്റെയൊരു രീതി. ഈ എഫ്‌.എം. റേഡിയോ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും തോന്നിപ്പോകുന്ന ഒരു സംശയമാണ്‌. ഇതിലെ അവതാരകരെ പെറ്റിട്ടതുതന്നെ എസ്‌.എം.എസ്‌ സമ്പ്രദായത്തിലൂടെയാണോ ആവോ.

ഓരോ ദിവസവും ഇഷ്ടംപോലെ വിഷയങ്ങളുള്ളതുകൊണ്ട്‌ രക്ഷപ്പെട്ടു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കിട്ടിയ വിഷയം കണ്‍ഫ്യൂഷന്‍. ഹലോ, ............ എഫ്‌. എമ്മിലേക്ക്‌ സ്വാഗറ്റം. പരയൂ, എവിടുന്നാണ്‌ വിലിക്കുന്നത്‌. എന്തായിരുന്നൂ കണ്‍ഫ്യൂഷന്‍.

"ഞാമ്പിളിക്കുന്നത്‌ വടകരേന്നാണെ. എന്റ പേര്‌ രാജേശ്‌. ഞാനിവിടെ ഒരു മൊബേല്‍ ഷാപ്പില്‌ സെയില്‍സ്‌ മേനാണേ. മെഞ്ഞാന്നില്ലേ ഞാനെന്റമ്മേനേം കൂട്ടി ബസ്സില്‍ കാര്യതാണേ. നല്ലതെരക്കേന്വേ. എറങ്ങേണ്ട സ്ഥലത്തെത്തി തിക്കിത്തിരക്കി ഒര്യാന എറങ്ങ്യപ്പാട്‌ ഞാനമ്മേന്റെ കൈയ്യിങ്ങ്‌ പിടിച്ച്‌. അമ്മ്യെന്താ നടക്കാത്തേന്ന്‌ വിചാരിച്ച്‌്‌ തിരിഞ്ഞുനോക്കുമ്പാ ആള്‌മാറിപ്പോയീന്ന്‌ മനസ്സിലായെ, ചമ്മിപ്പോയി. ബമ്പന്‍ കംഫ്യൂശനായിപ്പോയേ".

ആഹഹ! ശ്ശോ എന്തൊരു കണ്‍ഫ്യൂഷന്‍ ന്നും പറഞ്ഞു കളമൊഴിയാള്‍ തുടങ്ങിയപ്പോഴേക്കും നിത്യന്‍ കരച്ചിലടയ്‌ക്കാന്‍ പാടുപെടുകയായിരുന്നു. മിനിമം ഒരു ഒന്നൊന്നര ടണ്‍ ഫണ്‍ തലയില്‍ വന്ന്‌ പതിച്ചാല്‍ കരയുകയാണോ അതോ ചിരിക്കുകയാണോ വേണ്ടതെന്ന ഭാവം നിത്യകാമുകിയുടെ മുഖത്ത്‌ തളം കെട്ടിനില്‌ക്കുകയയും ചെയ്യുന്നു.

മരണാസന്നനായ ഈയുള്ളവനെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്താനുള്ള യാതൊരു ശ്രമവും എഫ്‌.എം. യന്ത്രത്തിലെ തരുണിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല, അടുത്ത കണ്‍ഫ്യൂഷന്റെ യജമാനനെ വിളിച്ച്‌ എന്റെ തല ലക്ഷ്യംവച്ച്‌ വിടാനുള്ള ശ്രമം തുടങ്ങുകയും ചെയ്‌തു. നമ്മള്‍ ആണുങ്ങള്‍ക്ക്‌ വിശേഷബുദ്ധി ചിലപ്പോള്‍ ഉണ്ടാവണമെന്നില്ല. നിത്യനെപ്പോലുള്ളവര്‍ക്ക്‌ ജന്മനാ അതില്ലാതിരുന്നതുകൊണ്ട്‌്‌ ജാതകപ്രകാരം നിത്യകാമുകിം രക്ഷതി യൗവ്വനേ എന്നാണ്‌ ആചാര്യന്‍ എഴുതിവച്ചിരിക്കുന്നത്‌.

ഒരു ഞെട്ടലോടെയാണ്‌ അടുത്ത ടെണ്‍ ഫണ്ണുമായി എഫ്‌.എം ടിപ്പര്‍ കാതിനരികിലെത്തിയ വിവരം തരുണിയില്‍ നിന്നുമറിയുന്നത്‌. ഫണിന്റെ ഉടമ ഒരു കോളേജുകുമാരിയാണ്‌. ഓളിങ്ങനെ നടന്നുപോവുമ്പോള്‍ മുന്നിലൂടെ ഓള ചങ്ങാതി നടന്നുപോവുന്നതുകണ്ടു. വേഗം നടന്ന്‌ പിന്നിലൂടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു. മുന്നിലത്തെ ചരക്ക്‌ പെട്ടെന്ന്‌ തിരിഞ്ഞുനോക്കുമ്പോഴേക്കം ഓള്‌ ഞെട്ടിപ്പോയി. അതൊരാങ്കുട്ട്യേനും. ഹ്‌ഹഹ!

'ആനക്കുട്ടിയാവാത്തത്‌ ഭാഗ്യം' ന്നും പറഞ്ഞ്‌ പിന്നോട്ട്‌ മറിഞ്ഞുപോയതുമാത്രമേ എനിക്കോര്‍മ്മയുള്ളൂ. നിത്യകാമുകി പഠിച്ചത്‌ കൃഷിശാസ്‌ത്രമാണ്‌. തെങ്ങിന്റെ പള്‍സ്‌ നോക്കി കുറിപ്പെഴുതുന്ന രീതിയുണ്ടോയെന്നറിയില്ല. നിത്യന്‍ വടിയായിട്ടില്ല ബോധം പോയതുമാത്രമാണെന്ന്‌ പള്‍സ്‌ നോക്കി മൂപ്പര്‌ പ്രഖ്യാപിച്ചതറിഞ്ഞപ്പോള്‍ ഒരിക്കല്‍കൂടി ബോധം മറിഞ്ഞത്‌ നന്നായോര്‍മ്മയുണ്ട്‌.

ഒരിക്കലുമില്ലാകിരുന്ന ബോധം ഇന്നായിട്ട്‌ പോവുകയൊന്നുമില്ല, ഇതു കഥകഴിഞ്ഞതുതന്നെയാണെന്ന്‌ ചില അഭ്യുദയകാംക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നതായും പിന്നീടാണറിഞ്ഞത്‌. എക്കാലത്തും നേരും നെറിയുമുള്ള കുറച്ചാളുകളെങ്കിലും നാട്ടിലുണ്ടാവുമെന്നത്‌ സത്യം തന്നെയാണ്‌.

വിവരം പത്രത്തില്‍ കൊടുക്കാന്‍ ആളുകള്‍ പുറപ്പെടാന്‍ നോക്കുമ്പോള്‍ 'തലയില്‍ ഒരു ടണ്‍ ഫണ്‍ വീണുമരിച്ചു എന്നു പ്രത്യേകം കൊടുക്കണം' എന്ന്‌ ഞാനറിയാതെ വിളിച്ചുപറഞ്ഞുപോയിപോലും . മുറ്റത്ത്‌ കെട്ടിയ മുഷര്‍ അതുകേട്ട്‌ നെഗറ്റീവ്‌ സെന്‍സില്‍ ഒന്നു ഓരിയിട്ടുവെന്നും ഒരൈതിഹ്യമുണ്ട്‌. നിത്യനായതുകൊണ്ട്‌ ആ പറഞ്ഞതുകൊണ്ടുമാത്രം ജീവനുണ്ടാവണമെന്നൊന്നുമില്ല, ഇങ്ങിനെ പലേ നമ്പറും ഓനെടുക്കും എന്ന ഉറച്ചനിലപാടുതന്നെയായിരുന്നു ഭൂരിപക്ഷത്തിനും.

പെട്ടെന്നായിരുന്നു ആ ശബ്ദം. "അമ്മേ എന്റെ അമ്പ്‌ കാണുന്നില്ലാ, എനിക്കിപ്പംതന്നെ എയ്യണം". അറിയാതെ കണ്ണുതുറന്നുപോയി. വില്ലുംകുലച്ചുപിടിച്ച്‌ ഇതാ ഇപ്പം ശരിയാക്കിത്തരാ എന്ന ഭാവത്തില്‍ നിത്യപുത്രന്‍. കട്ടില്‍ തേര്‍ത്തടമായി സങ്കല്‍പിച്ചതാവണം. സമീപത്തെങ്ങും കൊടിമരവും കിളിയുമില്ലാത്തതുകൊണ്ട്‌ ലക്ഷ്യം നിത്യശിരസ്സാവാനേ വഴിയുള്ളൂ.

"മൂപ്പരങ്ങിനെയെന്നും പോവൂലാന്ന്‌ ഞാന്‍ പറഞ്ഞതല്ലേ. വെറുംവാക്കൊന്നും പറേന്ന ആളൂ്വല്ല. എന്നേംകൊണ്ടേ കുരിശ്‌ പോവൂന്ന്‌ ഇന്നലേംകൂടി ഒറപ്പിച്ച്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇതൊരു ബോധക്കേട്‌ മാത്രാന്ന്‌ ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാ."

ചുറ്റിലുമുണ്ടായിരുന്നവര്‍ നിരാശരായി പുറത്തിറങ്ങിയപ്പോഴേ സംഗതിയുടെ കിടപ്പ്‌ മനസ്സിലായുള്ളൂ. ഒന്നു വാര്‍ത്ത കേക്കണല്ലോ, മോന്‍ റേഡിയോ ഇങ്ങെടുത്താട്ടേ എന്നുപറഞ്ഞപ്പോള്‍ ചെക്കന്‍ വില്ലുകൈവിടാതെ ജനാലയില്‍ കൂടെ അനന്തവിഹായസ്സിലേക്ക്‌ വിരല്‍ ചൂണ്ടി.

"ഇങ്ങളേതായാലും പോയി. മൂന്നാമത്തെ ടണ്‍ ഫലിതം വരുമ്പോഴേക്കും ഞാന്‍ എന്റെയും ചെക്കന്റെയും കാര്യം ആലോചിച്ചു. പിന്നെ അമാന്തിച്ചില്ല. വലിച്ചൊരേറുകൊടുത്തു. ചെമ്മീനിലെ പരീക്കുട്ടി കടാപ്പുറത്ത്‌ പാടിപ്പാടി മരിച്ചതുപോലെ ടണ്‍കണക്കിന്‌ ഫണ്‍ പറമ്പില്‍ ചൊരിഞ്ഞുചൊരിഞ്ഞതങ്ങുചത്തു."

നമ്മള്‍ ആണുങ്ങള്‍ക്ക്‌ വിശേഷബുദ്ധി ചിലപ്പോള്‍ ഉണ്ടാവണമെന്നില്ല എന്നു ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌.

Friday, September 19, 2008

ഹരിശ്രീഗണപതയേ നമ:നിത്യപുത്രന്‌ വയസ്സ്‌ മൂന്നായി. വയസ്സ്‌ മൂന്നേ ആയുള്ളൂവെങ്കിലും ഒരു മുപ്പതുവയസ്സിനിടെ മാത്രം കൈവരിക്കാവുന്ന അപൂര്‍വ്വനേട്ടങ്ങളുടെ സൃഷ്ടികര്‍ത്താവാണെന്നതിന്റെ യാതൊരഹങ്കാരവുമില്ല പ്രദേശത്തെ ഒരുമാതിരിപ്പെട്ട അളുകള്‍ക്കെല്ലാം നല്ല മതിപ്പുളവാക്കിക്കൊണ്ടാണ്‌ പ്രയാണം.

നിത്യപിതാവിനെക്കാണാന്‍ വന്ന എഴുപതുകളിഞ്ഞ സുഹൃത്തിനോട്‌ 'ഇരിക്കെറടാ ഇനിക്ക്‌' എന്ന്‌ അക്ഷരപ്പിശകില്ലാതെ ചോദിച്ച സ്ഥിതിക്ക്‌ അക്ഷരാഭ്യാസം മുപ്പരെ സംബന്ധിച്ചിടത്തോളം ഒരു ആര്‍ഭാടമായിപ്പോവുമോ എന്നൊരു സംശയമേയുണ്ടായിരുന്നുള്ളൂ. "അച്ഛന്‍ രാജീവനോട്‌ അങ്ങിനെയല്ലേ പറയുന്നത്‌ എന്ന ഒറ്റ വാദത്തില്‍ കേസും മൂപ്പര്‍ ജയിച്ചു.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ധന്യമാതാവ്‌ ആ ആഗ്രഹം വെളിപ്പെടുത്തിയത്‌. "നിത്യാ നമുക്ക്‌ മോനേ ഹരീലെഴുതിക്കേണ്ടേ?"

ഇനി അതു വേണോ? ഇപ്പംതന്നെ സകല പഠിപ്പും തികഞ്ഞുനില്‌ക്കുന്ന വിദ്വാനെ............ന്നും പറഞ്ഞ്‌ തലയുയര്‍ത്തുമ്പോഴേക്കും വൈലോപ്പിള്ളി പറഞ്ഞതുപോലെ പെണ്ണിന്‍ ഭാവം മാറി വദനാംബുജം മാറി. അത്‌ ഞാന്‍ പണ്ട്‌ കണ്ടത്‌ വള്ളത്തോളിന്റെ കൂടെ കൈലാസത്തില്‍ കഴിയുന്ന കാലത്തായിരുന്നു. ശിഷ്യനും മകന്റെയും സെറ്റിലെ ഗണപതിയുടെ അമ്മ മിസിസ്‌ പാര്‍വ്വതീപരമേശ്വരന്റെ മുഖത്ത്‌.

മദ്ധ്യസ്ഥത്തിനു ശ്രീകൃഷ്‌ണന്‍ എത്തിയതുകൊണ്ടാണ്‌ അന്ന്‌ പരമശിവന്‍ തന്നെ ബാക്കിയത്‌. മുക്കണ്ണന്റെ മൂന്നാമത്തെ കണ്ണ്‌ തന്നെ ദാ ഇപ്പ ശരിയാക്കിത്തരാമെന്ന പരുവത്തിലായിരുന്നു പാര്‍വ്വതിയുടെ നില്‌പ്‌. നിത്യന്റെ കേസില്‍ സാധാരണയായി മദ്ധ്യസ്ഥത്തിന്‌ ആളെ കിട്ടുക പതിവില്ലാത്തതുകൊണ്ട്‌ നേരെ പോയി സാഷ്ടാംഗം പ്രണമിക്കുകയാണ്‌ ഏക വേ ഔട്ട്‌.

കോപമേലരുതേ ബാലേ സങ്കടവുമുണ്ടാകവേണ്ട
നിന്നുടെ മിസണ്ടര്‍സ്‌റ്റാന്റിംഗിനിരയായവന്‍ നിന്‍സുതന്‍
വാനരനല്ലവന്‍ സാക്ഷാല്‍ ഹൃഷീകേശന്‍ നിത്യപുത്രന്‍
പുരുഷോത്തമനായി ഭവിച്ചീടും യഥാകാലം സംശയമുണ്ടാകവേണ്ട.......

ആരുകേള്‍ക്കാന്‍

"ഇത്തവണത്തെ വിജയദശമിക്ക്‌ തന്നെ മോനെ എഴുതിക്കണം"
ആവാലോ, നമുക്ക്‌ മൂപ്പരോടും കൂടി ഒന്ന്‌ ചോദിക്കണ്ടേ"
"അപ്പോ മൂപ്പരോട്‌ ചോദിച്ചിട്ടാണോ......." (ബാക്കി സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു).

എഴുതിക്കാനെന്ത്‌ പ്രയാസം. നമുക്കെഴുതിക്കാലോ.
"എവിടുന്നാ എഴുതിക്ക്വാ"
ഇവിടുന്നെന്നെ.
ഇവിടുന്നോ?
പിന്നല്ലാണ്ട്‌.
ഏതോ ഒരു വസ്‌തു ആകാശഗമനം നടത്തി ഷേപ്പ്‌മാറി തിരിച്ചിറങ്ങി വിശ്രമിക്കാന്‍ തുടങ്ങിയത്‌ തല്‌ക്കാലം കണ്ടില്ലെന്നു നടിച്ചു.

അപ്പോള്‍ എന്തെങ്കിലും പറയാതിരിക്കുകയാണ്‌ ഭേദം എന്നുകരുതി. ചുട്ടുപഴുത്ത ഇരുമ്പ്‌ കൊല്ലന്‍ വെള്ളത്തില്‍ മുക്കുന്നത്‌ ഒന്നുകൂടി കഠുപ്പിക്കാനാണ്‌. അതുകൊണ്ട്‌ പ്രതികരണത്തിന്റെ തെളിനീരു കുടയല്‍ പിന്നാടാവാം എന്നുതോന്നി.

വത്സേ നിത്യേ വിത്തൗട്ട്‌ റീസണ്‍ കോപിച്ചിടുവാ
നെന്തിങ്ങനെ സംഗതി, നിത്യപുത്രന്‍ സല്‍ഗുണന്‍
മഫനല്ലെന്നു നിര്‍ണയം പുത്തിശാലി പ്രവീണന്‍
ഇന്നേ പഠിപ്പെല്ലാം തികഞ്ഞോരു ഭീകരന്‍
അവനെക്കുറിച്ചെന്തിന്നാവലാതി ചാരുശീലേ....

എല്ലാം വെളിയിലപ്പുറത്തു വീണ വെള്ളം പോലെ.
മാര്‍ക്‌സിസ്‌റ്റുകാരന്റെ ഒടുക്കത്തെ അടവേ ഇനി ബാക്കിയുള്ളൂ. അടവു ഫലിക്കുന്നില്ലെങ്കില്‍ നയം മാറ്റുക.

താമസം വിനാ അടുക്കളയില്‍ ഇത്തിരി ഹെല്‍പ്‌. മലയാളത്തില്‍ അതിന്‌ ഉപദ്രവം എന്നും പറയും. പിന്നെ എന്റെ കൃത്യനിഷ്‌ഠകൊണ്ടും ചെക്കന്റെ കര്‍മ്മകുശലതകൊണ്ടും അവളുടെ കൃത്യാന്തരബാഹുല്യം കൊണ്ടും ബാക്കിയായ ഒരാഴ്‌ചത്തെ വിഴുപ്പലക്കല്‍ ആദിയായ കാര്യങ്ങളില്‍ കൈയ്യയഞ്ഞ്‌ ചില്ലറ സഹായം.

അതായത്‌ എന്റെ ഉടുമുണ്ടുകൊണ്ട്‌ തറവാടുകുളത്തിലെ പാറക്കല്ല്‌ അടിച്ചുപിളര്‍ക്കാന്‍ മൂപ്പര്‍ ശ്രമിക്കുമ്പോള്‍, ചുരുങ്ങിയത്‌ ഇരുനൂറുകൊല്ലം ആ പാറ നായരുടെ ഉടുമുണ്ടു ചുറ്റികയാക്കി തവിടുപൊടിയാക്കാന്‍ നോക്കി പരാജയമടഞ്ഞ വനിതകള്‍ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിട്ടുകൊണ്ട്‌ ഞാന്‍ ജലശയനം നടത്തും.

തുടര്‍ന്ന്‌ തിരിച്ചെത്തിയാല്‍ ഒരുമിച്ചൊരു ഡിന്നര്‍ എന്ന പ്ലാവിലക്കുമ്പിളില്‍ കഞ്ഞിയും ചുട്ടപപ്പടവും. ക്രുദ്ധമാതാവില്‍ നിന്നും ഒരു യവനകാമുകിയിലേക്കുള്ള യാത്രയുടെ അന്ത്യഘട്ടത്തിന്റെ ആരംഭം അവിടെയാണ്‌.

മുടിയിഴകളില്‍ സോറി കഷണ്ടിയില്‍ വിരലോടിച്ചവളെന്റെ ചെവിയില്‍ ഒരിക്കലും നടക്കാത്ത കാര്യം ചൊല്ലുന്നതാണ്‌ അടുത്ത പരീക്ഷണഘട്ടം. സഹശയനത്തിന്റെ ആദ്യനിമിഷങ്ങളില്‍ തന്നെ ആ പഴയചോദ്യം പുന്നെല്ല്‌ കണ്ട എലിയെപ്പോലെ പാഞ്ഞടുത്തു.
"നിത്യാ നമുക്ക്‌ എഴുതിക്കണ്ടേ?"
വേണം. എപ്പഴ്‌ വേണേലും എഴുതിക്കാലോ.
"അതുപോരാ, ഈ വിജയദശമിക്ക്‌്‌ തന്നെവേണം."
ആവാലോ.
"എവിടുന്നാ എഴുതിയ്‌ക്കുന്നേ? നമുക്ക്‌ മോനെയുംകൂട്ടി മൂകാംബിയ്‌ക്ക്‌ പോയാലോ?"
ഹ ഹ ഹ! പോവാലോ. എന്നാലും ഒന്നാലോചിക്കണ്ടേ.

ആരെങ്കിലും എഴുതിച്ചതുകൊണ്ടായിരിക്കുമോ രാമന്‍ രാമാനുജനെഴുത്തച്ചനായതും രാമായണമെഴുതിയതും. രഘുവംശവും ശാകുന്തളവുമെഴുതിയ കാളിദാസനെ ആരെങ്കിലും എഴുതിച്ച ചരിത്രമുണ്ടോ? ഇനി എഴുത്തച്ഛന്‍ ഹരിശ്രീകുറിച്ച ആരെങ്കിലും ഒരരരാമായണം കൂടി എഴുതിയിട്ടുണ്ടോ? അതിലും ഭേദം നിത്യായനം എഴുതിയ നോംതന്നെയല്ലേ.

"ദൊന്നും നിക്ക്‌ കേള്‍ക്കണ്ട. അപ്പോ വെറുതേയാണോ എല്ലാവരും മക്കളെ എഴുത്തിനിരുത്തുന്നത്‌?"

എടോ മണ്ടൂസേ, ഈ സാംസ്‌കാരികനായകര്‍ ഇല കണ്ട പട്ടരെപ്പോലോ പന്തിയില്‍ നിരന്നിരുന്ന്‌ നാവില്‍ ഹരിശ്രീ കുറിച്ചുകൊടുക്കുന്ന പിള്ളാരെല്ലാം പിന്നീട്‌ ആരായെന്ന്‌ ആരെങ്കിലും അന്വേഷിക്കാറുണ്ടോ?

ലേശം ഭേദപ്പെട്ട നിലയിലെത്തിയ ശിഷ്യന്‍മാരെപ്പറ്റി ഗുരുക്കന്‍മാര്‍ക്ക്‌ എപ്പോഴും ആയിരം നാക്കായിരിക്കും. "എന്റെ ശിഷ്യനാ. ഒരിക്കല്‍ പറഞ്ഞുകൊടുത്താല്‍ തന്നെ മതിയായിരുന്നു. അവന്‍ പിന്നെ അതും ബാക്കി ചില്ലറയും കൂടി എന്റെ മോളെ പഠിപ്പിച്ചുകൊടുക്കുമായിരുന്നു. ഇപ്പള്‌്‌ കണ്ടോ എന്തൊരു വിനയം...."

കണ്ടത്തില്‍ വിത്തിട്ടപ്പോള്‍ വരമ്പില്‍ മുളപൊട്ടിയതുപോലെ ഒരു പത്തെണ്ണം നന്നായി. ഉഴുതുമറിച്ച്‌ വളമിട്ട ബാക്കി 990 ഉം അലമ്പ്‌. അതില്‍ തന്നെ ഒരു ഡസനെങ്കിലും ഒന്നുകില്‍ മുന്തിയ കൊള്ളക്കാരനോ അല്ലെങ്കില്‍ തരംതാണ പോക്കറ്റടിക്കാരനോ ആയിട്ടുണ്ടാവും. അക്കൂട്ടരെപ്പറ്റി അതെന്റെ ശിഷ്യനാണെന്ന്‌ ഒരു ഗുരിക്കളും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല.

ഗുരു ഹരിശ്രീ കുറിച്ചതുകൊണ്ടാണ്‌ പോത്തന്‍ പപ്പനാവന്‍ യോഗ്യനായതെങ്കില്‍ അതുകൊണ്ടുതന്നെയായിരിക്കണം മൂരി മത്തായി അയോഗ്യനായതും. ബോധം വന്നപ്പോള്‍ മത്തായി കെട്ടിയോളോട്‌ പറഞ്ഞതുപോലെ തകരാറു കലക്കാനെടുത്ത ചോന്നവെള്ളത്തിന്റേതല്ല പിശാശേ ഞ്ഞി കലക്കാന്‍ തന്ന പച്ചവെള്ളത്തിന്റേതാണ്‌.

"നിത്യാ ഞ്ഞി വെള്ളടിച്ചിട്ടുണ്ടോ? "
അടിക്കണമെന്നുണ്ടായിരുന്നു. പൊരിഞ്ഞയടിയാവേണ്ടാന്നു കരുതി ഒഴിവാക്കിയതാ.
സിഗരറ്റും വലിച്ചിട്ടില്ലാ? അല്ല മണക്കാത്തകൊണ്ട്‌ ചോദിച്ച്യാ.
ഇല്ല. വേണ്ടാന്നുവെച്ചു.
എത്രേസത്തേക്ക്‌.
അടുത്ത വെളിപാടുണ്ടാകുന്നതുവരെ.

ന്നാ ബാക്കീംകൂടെ എനിക്ക്‌ പറേണം. ഞ്ഞിയതും കൂടി കേക്ക്വേം വേണം. എന്നിട്ടു നമുക്കു ബാക്കി കാര്യങ്ങളിലേക്കു കടക്കാം.

"ഇതിലൊരു തീരുമാനമായിട്ടു ഇനി ബാക്കി കാര്യം. ന്നാലും പറഞ്ഞു തുലയ്‌ക്ക്‌".

ഒരു ഗുരുവിന്‌ കിട്ടുന്ന യഥാര്‍ത്ഥ ഗുരുദക്ഷിണ മുന്നില്‍പ്പെടുമ്പോള്‍ വണങ്ങി മടക്കിക്കുത്തഴിച്ചിടുന്ന ശിഷ്യന്റെ സാര്‍ വിളിയല്ല. താന്‍ ഹരിശ്രീ കുറിച്ചതുകൊണ്ടാണ്‌ ഞാന്‍ ഇങ്ങിനെയായിപ്പോയതെന്ന്‌ വിളിച്ചുപറയാത്ത സമൂഹത്തിന്റെ പുറമ്പോക്കിലുള്ള ശിഷ്യഗണങ്ങളുടെ നിശ്ശബ്ദതയാണ്‌ യഥാര്‍ത്ഥ ദക്ഷിണ.

നിത്യാ ഇനിക്ക്‌ വല്ല തകരാറുമുണ്ടോ?
എനക്കല്ല ഇന്റ......... തകരാറ്‌. കാര്യം പറേമ്പം തകരാറ്‌. കൂടെക്കെടക്കുന്നോളുടെ ഭക്തി മാറ്റാന്‍ പറ്റാത്ത യോഗ്യന്‍മാരാ നാളെ ലോകവിപ്ലവം നടത്താന്‍ പുറപ്പെടുന്നതെന്ന ദുഷ്‌പേര്‌ നല്ല തങ്കപ്പെട്ട സഖാക്കള്‍ക്കു കിട്ടിയത്‌ ഇങ്ങിനെത്തന്യായിരിക്കണം. എന്റെ മനേലെ ഭഗവതീ.

നിത്യാ പണീം തൊരോല്ലാത്ത ഇനിക്ക്‌ എപ്പം ഒറങ്ങ്യാലെന്താ എണീറ്റാലെന്താ? എനക്ക്‌ നാളെ നേരത്തെന്നെ ഓഫീസിലെത്തണ്ടതാ.

ഇനിക്ക്‌ പിടിച്ചിട്ടില്ലെങ്കില്‍ വേണ്ട, എഴുത്തച്ഛനെയും കാളിദാസനെയുമെല്ലാം വിട്ടേക്ക്‌, സുപ്രസിദ്ധ എഴുത്തുകാരനായ ഈ എന്നെ ആരാ എഴുതിച്ചതെന്നറിയോ നിനക്ക്‌?
"എന്താ അപ്പറഞ്ഞത്‌, എന്തോ പ്രസിദ്ധാന്നോ മറ്റോ കേട്ടല്ലോ. എന്തെങ്കിലും ചില്ലറ ഭേദഗതി?"
വേണമെങ്കില്‍ ഒറ്റയക്ഷരം മാറ്റി കുപ്രസിദ്ധാന്നാക്കാം. വേറൊന്നും പറ്റില്ല.
"അപ്പോ ഇതാ മനസ്സിലിരിപ്പ്‌. ഇനിക്ക്‌ തന്നെ അങ്ങ്‌ എഴുതിക്കണംന്ന്‌. പള്ളീല്‍പോയി പറഞ്ഞാല്‍ മതി."

എടോ മണ്ടൂസേ, ദാ ഞാന്‍ പറയുന്നത്‌ രാവണന്റെ ഹലാക്കിനായി സീത അവതരിച്ചതുപോലെ ഞ്ഞി ജന്മംകൊണ്ടതുതന്നെ എന്നെ ചീത്തപറയാനായിട്ടാന്ന്‌. ഏത്രവലിയ മഹാനായാലും ജാതകത്തില്‍ ഏതെങ്കിലും മഹതിയുടെ ചീത്തകേള്‍ക്കണമെന്നുണ്ടാവുമായിരിക്കും. (ആത്മഗതം)

ഇനി ശ്രദ്ധിച്ച്‌ കേട്ടോ. എന്നെ എഴുതിച്ചത്‌ എന്റെ അച്ഛാച്ചന്‍. പണ്ട്‌ ആളുകയറാത്ത ആറളം കാട്ടിലെ എഴുത്തുപള്ളിക്കൂടത്തില്‍ പിള്ളാരെ നാലക്ഷരം പഠിപ്പിക്കണം എന്നചിന്തകൊണ്ടുമാത്രം ഗുരിക്കളായ ഗോവിന്ദന്‍ അടിയോടി. ആറളം കാട്ടില്‍ പത്തുമുപ്പതുകൊല്ലം കഴിച്ചിട്ടും ഒരിഞ്ചു കാട്‌ വളച്ചിട്ട്‌ പട്ടയം വാങ്ങാതെ തിരിച്ച്‌ നാട്ടിലിറങ്ങിയ ഏക മലയാളി. ദരിദ്രനായി ജനിച്ചു. ദരിദ്രനായി പഠിച്ചു. പരമദരിദ്രനായി ദരിദ്രരില്‍ ദരിദ്രരായവരെ പഠിപ്പിച്ചു. ദരിദ്രനായിതന്നെ മരിച്ചു.

ആ അച്ഛന്റെ അതേ പാത പിന്തുടര്‍ന്ന മകന്‍ എന്റച്ഛനായി ഇവിടുള്ളപ്പോള്‍ പിന്നെ നമ്മള്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികനായകരുടെ പിന്നാലെ പോണോ? അതിലും നല്ലത്‌ വാക്കിനുവിലയുള്ള ഏതെങ്കിലും തെരുവുഗുണ്ടയെക്കൊണ്ട്‌ എഴുതിപ്പിക്കുന്നതല്ലേ?

"ഞ്ഞി ഇപ്പം പറഞ്ഞേല്‍ കാര്യോണ്ട്‌. അച്ഛന്‍മതി."
പറഞ്ഞുവരുന്നതുകണ്ടപ്പം എനിക്കു തോന്നി ഞ്ഞിതന്നെ എഴുതിക്കാനുള്ള പുറപ്പാടാണെന്ന്‌. "നിത്യാ ഒരു മുഖസ്‌തുതി പറയാന്നു വിചാരിക്കരുത്‌." സത്യം മുഖത്തുനോക്കി പറയണമെന്നല്ലേ നമ്മള്‌ പറയാറ്‌".
അതിലെന്ത്‌ സംശയം.

"ആ മനുഷ്യസ്‌നേഹിയുടെ ചെറുമകനായിട്ടും, മഹാനായ അച്ഛന്റെ മകനായിട്ടും അതിന്റെ യാതൊരു ഗുണവുമില്ലാത്തതുകൊണ്ടു പറഞ്ഞുപോയതാ ഞ്ഞിയേതായാലും എഴുതിക്കണ്ടാന്ന്‌. മോനെ വച്ച്‌ ഏതായാലും ഒരു പരീക്ഷണം നടത്തരുതല്ലോ".


Monday, August 4, 2008

അണ്ണന്റെ ആടും ഒടുക്കത്തെ മുച്ചക്രവണ്ടിയും

വര്‍ഷം 1991. പൊതുജനസമ്മതി അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതു കാരണം നാട്ടിലൊരു രക്ഷയുമില്ലാതെയായ നല്ല നാളുകള്‍. കൗമാരത്തില്‍ നിന്നും വഴിതെറ്റി യൗവ്വനത്തില്‍ ശീര്‍ഷാസനം നടത്തുന്ന സുവര്‍ണകാലഘട്ടം.
കുടുംബക്കാര്‍ക്കിടയിലുള്ള മതിപ്പിന്റെ മെര്‍ക്കുറിയും വച്ചടിവച്ചടി കയറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

മലബാറുകാര്‍ക്ക്‌ വീടുവിട്ടാല്‍ മറ്റൊരു വീടാണ്‌ പണ്ടേ മദിരാശി.
അങ്ങിനെ വഴിതെറ്റിയവര്‍ക്കുള്ള ദുര്‍ഗുണപഠന പാഠശാലകളാണ്‌ മദിരാശിയിലെ ചായപ്പീടികകള്‍.

മുരുകാ പോകലാമാ?
എന്നാ മാസ്‌റ്റര്‍ ഇപ്പത്താ
ന്‍ പട്‌ത്തിരിക്കേ, ശുത്തമാ തൂങ്ങവേയില്ല്യേ
എന്നടാ, ടൈം എവളായ്‌ച്ച്‌ന്നാ നെനക്കെറേന്‍?
ആമാ രണ്ട്‌ മണി മാസ്റ്റര്‍.
അതുതാന്‍ ഇന്‌റക്ക്‌ കോര്‍പ്പറേഷന്‍ തണ്ണി വരത ടൈം. ലേറ്റ്‌ ആയ്‌ച്ചാല്‍ തണ്ണി പുടിക്കമുടിയാത്‌. കാലേലെ കട ഓപ്പണ്‍പണ്ണമുടിയാത്‌. അതോടെ നമ്മ വേലയേ പോയിടും.

ദോഷം പറയരുതല്ലോ. ഞാന്‍ കേള്‍ക്കേ മുരുകന്‍ എന്നെ മാസ്‌റ്റര്‍ എന്നുവിളിക്കും. മദിരാശിയിലെ കീഴ്‌പാക്കം പൂന്തോട്ട നഗരിയിലെ ചായക്കാരന്‍ അഥവാ ടീ മാസ്‌റ്റര്‍ എന്ന ഹൈ പ്രോഫൈല്‍ ജോലിയില്‍ ഞാന്‍ വിലസുന്ന കാലം. മുരുകന്‍ ടീ അസിസ്റ്റന്റ്‌ എന്ന ഗ്ലാസുകഴുകിയുടെ ലോ പ്രൊഫൈല്‍ ജോലിയിലും.

ആദ്യനാളുകളില്‍ അന്ത പൈത്ത്യക്കാരന്‍ പരദേശീന്നു മുരുകന്‍ അരുമയായി നമ്മളെ വിശേഷിപ്പിച്ചിരുന്നു. പിന്നീട്‌ മുരുകന്‍ ഞാനുമായി അടുത്തു. കാജാബീഡി രണ്ടെണ്ണം ഞാന്‍ വലിക്കുമ്പോള്‍ ചോദിക്കാതെ ഒന്നെടുത്ത്‌ മുരുകനുകൊടുക്കുന്ന വിശാലസൗഹൃദത്തിന്റേതായി പിന്നീടുള്ള നാളുകള്‍. അതോടെ എന്റെ പൈത്ത്യവും മാറിക്കിട്ടി. പരദേശിപ്പട്ടത്തിന്റെ നൂലും അറ്റുകിട്ടി.

അന്ത ഊരിലെ അറിയപ്പെടുന്ന പെറുക്കികള്‍ക്കിയിലെ അറിയപ്പെടാത്ത പെറുക്കിയായി ജീവിക്കണോ അതോ ഫുള്‍ ടൈം പെറുക്കിയായി നാടു വാഴണോ അല്ലെങ്കില്‍ നാട്ടിലേക്ക്‌ തിരിച്ചുപോയി നിന്നിടം കുഴിക്കുന്ന (കല്ലുവെട്ട്‌) തു തുടരണമോ എന്നെല്ലാം ആലോചിക്കുന്ന സമയം.

ടീ മാസ്റ്ററും ടീ അസിസ്റ്റന്റുമായി എന്റെയും മുരുകന്റെയും കലാപജീവിതം ഏതാണ്ട്‌ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുടങ്ങി പാതിരാവരെ നീളും.
കണ്ണുതെറ്റിയാല്‍ നല്ലവരായ നാട്ടുകാര്‍ ഭരണിയിലെ നാലണബിസ്‌കറ്റിന്റെ കഥ കഴിക്ക്‌ും. റോഡരുകില്‍ അതായത്‌ കടയുടെ ചായ്‌പില്‍ തന്നെ കുത്തിയിരുന്ന്‌ ചായ മോന്തി, ആ ഗ്ലാസുമെടുത്ത്‌ അഭ്യുദയകാംക്ഷികള്‍ നേരെ പോയെന്നും വരും. ഗ്ലാസു തരുമ്പോഴല്ലേ കാശു തരേണ്ടതുള്ളൂ. ഇനി പിടിച്ചുവച്ച്‌ ചോദിച്ചാല്‍ എന്തിനും തയ്യാറായി നിന്നുകൊള്ളണം.

ഏറ്റവും പ്രധാനപ്രശ്‌നം അന്നും കുടിവെള്ളം തന്നെയാണ്‌. തണ്ണിവണ്ടി തെരുവിലെത്തുക നട്ടപ്പാതിരയ്‌ക്കായിരിക്കും പലപ്പോഴും. അല്ലെങ്കില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍. വീലുള്ള വാട്ടര്‍ടാങ്ക്‌ അഥവാ ഉടല്‍ ലോറിയുടെ തലയ്‌ക്ക്‌ ഘടിപ്പിച്ച ഒരദ്‌ഭുദ ജീവിയാണ്‌ തണ്ണിവണ്ടി. ലോറി വടക്കോട്ടുപോയപ്പോള്‍ വെള്ളം അചഞ്ചലമായി തെക്കുതന്നെ നിലയുറപ്പിച്ച ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്‌. കോര്‍പ്പറേഷന്‍ തണ്ണിവിതരണം തുടങ്ങിയാല്‍ തെരുവിലെ ജീവജാലങ്ങളുടെ എണ്ണത്തിലും സാരമായ കുറവുണ്ടാവുകയാണ്‌ പതിവ്‌. പിന്നില്‍ കൊളുത്തിവച്ച ടാങ്കിന്റെ സഞ്ചാരപഥം അതുതന്നെയാണ്‌ നിശ്ചയിക്കുക. ഡ്രൈവറും കടവുളും പലപ്പോഴും നിസ്സഹായരായിരിക്കും. അതുകൊണ്ട്‌ ആട്‌, പന്നി, പട്ടി, മനിതനാദി മൃഗങ്ങള്‍ വണ്ടിക്കടിപ്പെട്ട്‌ ചാവുകയാണ്‌ പതിവ്‌.

രണ്ട്‌ ചായയും ഒരു കെട്ട്‌ കാജാബീഡിയും കൊടുത്താല്‍ മതിയാവോളം തണ്ണി നേരിട്ട്‌ ടാങ്കിലടിച്ചുതരുന്ന ഒരു സംവിധാനമുണ്ടായിരുന്നത്‌ നിന്നുപോവുകയും ചെയ്‌തു. ഇങ്ങോട്ടുവരാത്ത തണ്ണിയെ തേടി അങ്ങോട്ട്‌ പോവേണ്ട സ്ഥിതിയായപ്പോള്‍ മുതലാളി ഒരു മുച്ചക്രസൈക്കിള്‍ തരമാക്കി. ഒരു ഫസ്റ്റ്‌ ജനറേഷന്‍ സാധനം. പിന്നെ രണ്ട്‌ പ്ലാസ്റ്റിക്‌ ടാങ്കുകള്‍, കുറെ കുട്ടിപ്പാത്രങ്ങള്‍.

പത്ത്‌ലോറി ഒന്നായിനിന്ന്‌ ന്യൂട്ടറില്‍ വച്ച്‌ ആക്‌സ്‌്‌ലേറ്റര്‍ ഫുള്‍ കൊടുത്താലും ആ ശബ്ദം തണ്ണിക്ക്‌ കാത്തുകിടക്കുന്ന തള്ളമാരുടെ ബഹളത്തിന്റെ പകുതി കാണുകയില്ല. അവിടെപ്പോയി നിന്ന്‌ അവരെയെല്ലാം ഒരുവിധം മെരുക്കി ടാങ്കില്‍ വെള്ളവും പിടിച്ച്‌ തിരിക്കാന്‍ നോക്കുമ്പോഴാണ്‌ മുരുകന്‍ ആ മഹാസത്യം വെളിപ്പെടുത്തിയത്‌. `ഇന്ത സൈക്കിളേ ഓട്ടമുടിയാത്‌. നാനത്‌ പഠിക്കവേയില്ല`
`അട പാപീ നീ എന്നാ പെരിയ...............സൈക്കിളേ തെരിയാത്ത തമിഴനാ` ചോദിക്കണമെന്നുണ്ടായെങ്കിലും ചോദിച്ചില്ല. നാട്ടിലാണെങ്കില്‍ വിളിക്കാന്‍ ദൈവങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു. മദിരാശിയിലെ ദൈവങ്ങളുമായി നേരിട്ട്‌ പരിചയമില്ലാതിരുന്നതുകൊണ്ട്‌ മുരുകാ കാപ്പാത്തയ്യാ എന്നല്ലാതെ മറ്റെന്തു പറയാന്‍.

വേറെ മാര്‍ഗമൊന്നും കാണാത്തതുകൊണ്ട്‌ തത്‌ക്കാലം ഒരു കോമണ്‍ മിനിമം പ്രോഗ്രാമെന്ന നിലയില്‍ ഞാന്‍ അന്തസ്സായി ചവുട്ടും മുരുകന്‍ അന്തസ്സിനുകുറവുവരാത്തവിധം തള്ളും എന്നൊരു തീരുമാനത്തിലെത്തി. പുറമേ രണ്ടു കാജാബീഡി ഞാന്‍ വലിക്കുമ്പോള്‍ ഒന്ന്‌ അസിസ്‌റ്റന്റായ മുരുകനും കൊടുക്കുകമാത്രമല്ല മാനംമര്യാദയായി ബീഡിവലിക്കാന്‍ ഫ്രീയായി പഠിപ്പിച്ചുകൊടുക്കുകയും ചെയ്യും.

പെഡലില്‍ വലതുകാലൊന്നമര്‍ത്തിച്ചവുട്ടിയപ്പോഴേക്കും സര്‍വ്വേക്കുറ്റി കണ്ട പട്ടിയെപ്പോലെ ഇടതുഭാഗം അറിയാതങ്ങുപൊങ്ങി. മുരുകാ..... മേലേന്ന്‌ മുരുകന്‍ വിളി കേട്ടില്ലെങ്കിലും താഴെയുള്ള മുരുകന്‍ ആഞ്ഞുവലിഞ്ഞു തള്ളിയതും വണ്ടി കണ്‍ട്രോളുപോയ വിത്തുകാളയെപ്പോലെ പൊന്നുച്ചാമിയുടെ ചായ്‌പിലേക്ക്‌ ഒരു പോക്കങ്ങുപോയി. മുതലാളിയുടെ ഭാഗ്യം കൊണ്ടായിരിക്കണം ആപത്തൊന്നും സംഭവിച്ചില്ല.

ജീവിതത്തില്‍ എനിക്ക്‌ യാതൊരു കണ്‍ട്രോളും നീയനുവദിച്ചില്ല. മുരുകാ ഈ വണ്ടിയുടെ മേലെങ്കിലും ചില്ലറ കണ്‍ട്രോളുതന്നാല്‍ പെരിയ ഉപകാരമായിരുന്നു എന്നെല്ലാം പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീണ്ടും കയറിയിരുന്നു. മുരുകന്‍ മുന്നോട്ടേക്ക്‌ തന്നെ തള്ളുന്നു. ഞാനും മുന്നോട്ടേക്കുതന്നെ ചവുട്ടുന്നു. എന്നാലോ എന്‍.സി.പിയെപ്പോലെ നശിച്ച വണ്ടിയുടെ ഒടുക്കത്തെ പോക്ക്‌ ഒന്നുകില്‍ വലത്തോട്ട്‌ അല്ലെങ്കില്‍ ഇടത്തോട്ട്‌.

ഒരു കാല്‍ കിലോമീറ്റര്‍ കന്നിക്കുടിയനെപ്പോലെ നാഗമാര്‍ഗത്തില്‍ സഞ്ചരിച്ചശേഷം സ്ഥിരം കുടിയനെപ്പോലെ സഞ്ചാരപഥം ലേശം നേരെയായി. അപ്പോഴത്തെ എന്റെ സന്തോഷം വേറൊരാള്‍ മുമ്പ്‌ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ എവറസ്‌റ്റിന്റെ നെറുകയില്‍ ആദ്യമായി ചുംബിച്ച ടെന്‍സിങ്ങായിരിക്കും. ഇനി ബാക്കിപ്രദേശങ്ങള്‍ ഇഷ്ടം പോലെ കിടക്കുന്നുണ്ടെങ്കിലും ചുരുങ്ങിയത്‌ മദിരാശി നഗരം നമ്മുടെ കാലുചുവട്ടില്‍ എന്നൊരു തോന്നലായിരുന്നു.

സന്തോഷം കൊണ്ട്‌ വണ്ടി നടുറോഡില്‍ തന്നെ നിര്‍ത്തി. എംജിആര്‍ സ്‌റ്റൈലില്‍ തന്നെ ചാടിയിറങ്ങി ഒരു കാജാബീഡിക്ക്‌ തീയ്യും വച്ച്‌ മേലോട്ടുനോക്കി നക്ഷത്രങ്ങളെയെല്ലാം വിശദമായൊന്ന്‌ നിരീക്ഷിച്ചു. സംഗതിയൊന്നും പിടികിട്ടാത്ത മുരുകന്‍ മേലോട്ട്‌ നോക്കി `എന്നാ മാസ്റ്റര്‍, എന്നാ പാര്‍ക്കറേന്‍?` എന്നുചോദിച്ചു.
ഞാന്‍ മേലെ ആളുകള്‍ക്ക്‌ വാടകയ്‌ക്ക്‌ കൊടുത്ത സംഗതിയെല്ലാം അവിടെത്തന്നെയുണ്ടോന്ന്‌ നോക്കിയതാ ...................മോനേ എന്ന്‌ മലയാളത്തില്‍ പറഞ്ഞുകൊടുത്തു. മുരുകനു തൃപ്‌തിയായി. മദിരാശിയിലെത്തിയശേഷം മനസ്സില്‍ തോന്നിയത്‌ മലയാളത്തില്‍ പറഞ്ഞിട്ട്‌ കാലം കുറേയായതിന്റെ ആ ക്ഷീണം അങ്ങോട്ട്‌ മാറിക്കിട്ടി. അണ്ണാച്ചിക്ക്‌ മനസ്സിലാവാതെപോയതുകൊണ്ട്‌ വേറെ ക്ഷീണത്തിനൊന്നും ഇടയായില്ല.

റോഡിന്റെ ഇരുവശത്തും ചവറുകള്‍ക്ക്‌ തീക്കൊടുത്ത്‌ ആ പുകയുടെ മാസ്‌മരീകസൗരഭ്യത്തില്‍ സുഖമായുറങ്ങുന്ന തമിഴ്‌മക്കളെ കുറച്ചുനേരം നോക്കിനിന്നു. ആട്‌, പട്ടി, എരുമ ആദിയായ ജീവജാലങ്ങളും

അപ്പോഴേക്കും പ്രദേശത്തെ ഭൂമിശാസ്‌ത്രത്തില്‍ അഗാധപണ്ഡിതനായിരുന്ന മുരുകന്‍ വാചാലനായി. `ഇന്ത തൂങ്ങറ്‌ത്‌ നമ്മ അഴകിയും അപ്പാവും മാസ്റ്റര്‍`
ആമാ. കട തുറക്കുമ്പോഴേക്കും ഒരു അലൂമിനിയം പാട്ടയുമായി കപ്പുചായയ്‌ക്കും നാലു പൊറക്കുമായി എന്നും നാലണയുടെ കുറവുമായെത്തുന്ന അഴകി. വാക്കിലും നോക്കിലും അഴകി.

അപ്പോ മുരുകാ അഴകിയുടെ കിടപ്പ്‌ എന്നും ഇന്ത അഴകാന റോഡിലാ?
`ആമ മാസ്‌റ്റര്‍, വീട്ടുക്കുള്ളേ എടം കെടയാത്‌. അതുതാന്‍`

ന്നാ പോകലാമാ. ഒരു എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ കയറുന്ന ഗമയോടെ അതിലങ്ങോട്ട്‌ കയറി. ഞാന്‍ ആഞ്ഞുചവുട്ടി. മുരുകന്‍ ആഞ്ഞുതള്ളി. വണ്ടി കൃത്യമായി മുന്നേറി. ഇരുവശവും ആടും എരുമയും പട്ടിയും അണ്ണാച്ചിയും തുല്യമായി വീതിച്ചെടുത്തിരിക്കുന്നതുകൊണ്ട്‌ സഞ്ചാരയോഗ്യമായി നടുവില്‍ ഒരിത്തിരി സ്ഥലമേയുള്ളൂ. കോട വീഴുമ്പോള്‍ വയനാടുചുരത്തില്‍ വണ്ടിപോകുന്നപോലെ അളന്നുമുറിച്ചുപോവുക.

എംജീയാര്‍ പടത്തിലെ പാട്ടും പാടി മുരുകന്‍ വണ്ടിക്കുപിന്നാലെ ഓടുകയാണ്‌. തമിഴ്‌ പറയുന്നതുതന്നെ കഷ്ടിയായതുകൊണ്ട്‌ പാടുന്നതിനെക്കുറിച്ചാലോചിക്കേണ്ടതില്ലായിരുന്നു. പടുപാട്ടൊന്നു പാടാത്ത കഴുതയില്ലെന്ന വസ്‌തുത ആലോചിച്ചപ്പോള്‍ ഒന്നു പാടിയില്ലെങ്കില്‍ അതിലും വലിയ അബദ്ധം വേറെയില്ലെന്നുംതോന്നി. ഒന്നുകൂടി ആലോചിച്ചപ്പോള്‍ ആ ചൊല്ല്‌ മലയാളത്തിലാണ്‌. തമിഴ്‌ കഴുതയുമായി അതിനു ബന്ധമില്ല. അങ്ങിനെയെല്ലാം ചിന്തിച്ച്‌ കുഴപ്പമില്ലെന്നു കരുതി പാടാനുള്ള പ്രലോഭനത്തെ ഊര്‍ജമാക്കി കണ്‍വേര്‍ട്ട്‌ ചെയ്‌ത്‌ കാലിലേക്കാവാഹിച്ച്‌്‌ വണ്ടി ചവുട്ടിവിട്ടു.

പിന്നെ കേള്‍ക്കുന്നത്‌ മുരുകന്റെ നാദമാധുരിയെ തികച്ചും അപ്രസക്തമാക്കുന്ന ഒരാടിന്റെ വിലാപമാണ്‌. വിലാപങ്ങള്‍ക്കപ്പുറം മുരുകന്റേതായി ഒരു സ്റ്റേറ്റ്‌മെന്റും വന്നു ചെവിയില്‍ തറച്ചു. `മാസ്‌റ്റര്‍, ആട്‌ അടിപ്പെട്ടു. ചവുട്ടി വിടുങ്കോ`. അതുവരെയുള്ള എന്റെ എസ്‌കോര്‍ട്ട്‌ മുരുകന്‍ പൊടുന്നനെ പയലറ്റ്‌ മുരകനായി അവതരിച്ചു. പിന്നെ അരങ്ങേറിയത്‌ ഫസ്റ്റ്‌ ക്വാളിറ്റി മരണപ്പാച്ചില്‍. അതിന്‌ അണ്ണനെന്താണ്‌ പറയുക എന്ന്‌ എനിക്ക്‌ ഇപ്പോഴും നിശ്ചയമില്ല. മുരുകന്‍ ഇപ്പോഴെവിടെയെന്ന്‌ എനിക്കറിയില്ല. പക്ഷേ ഓടുന്ന ആ മുരുകന്‌ നിത്യന്റെ ഓര്‍മ്മളില്‍ ഒരിക്കലും വാര്‍ദ്ധക്യമുണ്ടാവുകയില്ല.

എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. മുരുകന്‍ കടാക്ഷിച്ച്‌ അന്നേരം പഠിച്ച തമിഴും നാവില്‍നിന്നും അപ്രത്യക്ഷമായതുകൊണ്ട്‌ മുച്ചക്രവണ്ടി അന്നുവരെ ആ തെരുവില്‍ ആരും കാണാത്ത വേഗതയില്‍ പറന്നു എന്നു പറയുന്നതാവും നേര്‌.

പിന്നില്‍ നിന്നും ആളുകള്‍ ഓടിയടുക്കുന്ന ശബ്ദം. ഒരു വിധം വെള്ളവും വണ്ടിയും കടയ്‌ക്ക്‌ മുന്നില്‍ നിര്‍ത്തിയപ്പോഴേക്കും ആളുകള്‍ തൊട്ടുപിന്നാലെയെത്തി.
രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. കടയുടെ ഷട്ടര്‍ പൊക്കി. അകത്തേക്ക്‌ വലിഞ്ഞു. ഠപ്പേ! വലിച്ചുതാഴെയിട്ടു.
എന്താണ്‌ പറ്റിയതെന്നൊരു നിശ്ചയവുമില്ല. മുരുകന്‍ മൂലയ്‌ക്ക്‌ കോടിയിരുന്ന്‌ കൈത്തോട്ടില്‍ വീണ പട്ടിയെപ്പോലെ വിറച്ചുകൊണ്ടേയിരിക്കുന്നു.

സംഗതിയുടെ കിടപ്പും ആളുകളുടെ അട്ടഹാസവും ഷട്ടറില്‍ താളാത്മകമായി പതിച്ചുകൊണ്ടിരിക്കുന്ന കല്ലുകളുടെ നാദമാധുരിയും എല്ലാം കൂടെ കൂട്ടിവായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. ആടിന്റെ കരച്ചില്‍ അതിനെ ചവുട്ടി ആളുകള്‍ ഓടിയപ്പോള്‍ കേട്ടതായിരിക്കാം. മുരുകാ! നമ്മ വണ്ടി ഏതാവത്‌ പശങ്ങള്‌ മീതെ ഓടിയേച്ചാ. കടവുളേ!

കോയമ്പത്തൂര്‍ ജയിലില്‍ മദനിക്കിടത്ത്‌ ഞാനും വലത്തു മുരുകനും ഇരിയ്‌ക്കുന്ന രംഗമാണ്‌ പിന്നെ മനസ്സില്‍ തെളിഞ്ഞത്‌.
ആദ്യത്തെ പത്തുമിനിറ്റ്‌ ഡിഫി തോറ്റുപോകുന്ന താളാത്മകമായ ഏറിനു ശേഷം മാത്രമാണ്‌ സാമാന്യം ഭേദപ്പെട്ട കുറുവടി പ്രയോഗം തുടങ്ങിയത്‌. ആ ഷട്ടറിന്റെ ആരോഗ്യത്തെ ആരായാലും ആദരിച്ചുപോകും.

എന്തെങ്കിലും വിളിച്ചുപറയണമെന്നുണ്ടായിരുന്നെങ്കിലും നാവില്‍ ഒരക്ഷരം തമിഴ്‌ വരുന്നുമില്ല. മുരുകനാണെങ്കില്‍ വിറയല്‍ നിന്നിട്ടുമില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും പുറത്തൊരു മഴപെയ്‌തുതോര്‍ന്ന പ്രതീതി. പെട്ടെന്ന്‌ ശബ്ദമൊക്കെ നിലച്ചു.

പോലീസുകാരായിരിക്കും. പോയാല്‍പിന്നെ കിട്ടിയെന്നുവരില്ല. അവസാനത്തെ ഒരു ബീഡിയും വലിച്ച്‌ ജയിലിലേക്ക്‌ പോകുന്നതല്ലേ നല്ലത്‌ എന്നുതോന്നി.
ഒരു ബീഡി മുരുകനു വച്ചുനീട്ടി, വരുന്നതു വരട്ടെ വലിയെടാ ന്നു തട്ടിവിട്ടു.
അപ്പോഴതാ വരുന്നു ഒരു രണ്ടു കൊട്ട്‌, `തൊറക്കെടാ, പേടിക്കണ്ട ഇത്‌ ഞാനാ` അതിനിടെ ആരോ പോയി മുതലാളിയെ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു. രക്ഷപ്പെട്ടുവെന്നുതോന്നി.

മെല്ലെ ഷട്ടര്‍ പൊക്കി നോക്കുമ്പോള്‍ ശ്രീധരേട്ടന്‍ ചിരിച്ചുകൊണ്ടു നില്‌ക്കുന്നു. വെളിയില്‍ ഡീയെംകെയുടെ മാവട്ടം സമ്മേളനത്തിനുള്ള ആളുണ്ട്‌. മുന്‍നിരയില്‍ ഒരുവന്റെ ചുമലില്‍ ഒരാടും.
ഉം, എന്നാ പ്രച്ചനം? എന്നടാ ഷട്ടറെ ഒടച്ച്‌ ഉള്ളെ ഏറി ഏന്‍ പശങ്ങളെ ഒതക്കാന്നാ നെനച്ചിരിക്കത്‌?

`എയ്‌, എന്നാ മൊതലാളീ ഇപ്പടിയെല്ലാം പേശ്‌റ്‌. നീ താന്‍ നമ്മ തലൈവര്‌. എനിക്കപ്പം റൊമ്പ കോപം വന്തിരിച്ച്‌. അന്ത പൈത്ത്യക്കാരന്‍ പയ്യന്‍ ഏന്‍ ആട്ടിന്റെ കാലേ ഒടച്ച്‌. ഇനി ഞാനെന്നാ പണ്‌റത്‌? ഏതാവ്‌ത്‌ ഒരു നൂറുരൂപാവുക്ക്‌ ആടിനെ അന്ത തിരുട്ടുപയ്യന്‍ താന്‍ വാങ്ങട്ടും`.

അതു കേട്ടപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. ആടിന്റെ കാലേ അപ്പോ പോയുള്ളൂ. ഇക്കണക്കിന്‌ ആ ആടെങ്ങാന്‍ വടിയായിപ്പോയെങ്കില്‍ എന്നൊന്നാലോചിച്ചുപോയി.
ഞാന്‍ ശ്രീധരേട്ടന്റെ മുഖത്ത്‌ നോക്കി. എന്റെ മുഖഭാവവും മുരുകന്റെ നിലയക്കാത്ത വിറയലും കണ്ടപ്പോള്‍ ശ്രീധരേട്ടന്‍ ചിരിയടയ്‌ക്കാന്‍ പാടുപെട്ടു.

നാളെത്തൊട്ട്‌ കാലൊടിഞ്ഞ ആടിനെയും ചുമന്ന്‌ മദിരാശി നഗരത്തിലൂടെ ഉലാത്തുന്ന എന്നെത്തന്നെ ഒരു നിമിഷം ചിന്തിച്ചു.

ഡേയ്‌, അന്തമാതിരി പേശൊന്നും കെടയാത്‌. നീ ഒരു മുപ്പതുരൂപാ പുടീങ്കടാ. ആടിനേയും വച്ച്‌ക്കോ. പോപ്പാ അവന്‍ ഏന്‍ പുതുസാ പയ്യന്‍. നല്ല പയ്യനപ്പാ. ഇപ്പോ താന്‍ തമിഴ്‌ പഠിച്ച്‌ വരത്‌. പേശു തിരിയാത്‌. അതുതാന്‍ ഭയന്ത്‌ ഷട്ടറിട്ടേന്‍.

അല്ല മുതലാളീ, നാന്‍ നിജമാ ശൊല്‌റേന്‍, അന്ത താടി മലയാളത്താന്‍ പാത്താലേ തിരുട്ടുപയ്യന്‍. നമ്പവേ മുടിയാത്‌.

അപ്പോഴേക്കും വിറയലിന്‌ അവധികൊടുത്ത മുരുകനെ ഞാനൊന്നു നോക്കി. ഒരു നേരിയ ചിരി മുഖത്ത്‌ തെളിഞ്ഞുവരുന്നുണ്ട്‌.
മുരുകാ! ഉന്‌ക്ക്‌ റൊമ്പ താങ്കസെടാ.....

Sunday, July 13, 2008

കാട്ടില്‍ കുഞ്ഞിരാമനും ലോകബേങ്കും

ഒരുനാള്‍ കുഞ്ഞിരാമേട്ടന്‌ ഒരു തോന്നല്‍. കൈക്കോട്ടും ചുമലില്‍ വച്ച്‌ വയലിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ തോന്നിയത്‌ ഗുരുവായൂരേക്കൊന്ന്‌ പോകണം. ഗുരുവായൂരപ്പന്‍ മാടിവിളിച്ചാല്‍ പിന്നെ മുടക്കുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കൈക്കോട്ട്‌ റോഡരുകില്‍ വച്ച്‌ വരുന്ന ബസ്സിന്‌ കൈകാണിച്ചു. വര്‍ക്ക്‌ ഈസ്‌ വര്‍ഷിപ്പ്‌ എന്നാണല്ലോ. അതുകൊണ്ട്‌്‌ മടങ്ങിവന്നശേഷം പണിമുണ്ട്‌ മാറ്റാമെന്നും കരുതി.

കീശയിലാണെങ്കില്‍ ചില്ലറ കാശേയുള്ളുതാനും. തിരിച്ചെത്താനുള്ളതും കഴിച്ച്‌ ചില്ലറമാത്രം. ഗുരുവായൂരിലെത്തിയപ്പോഴേക്കും വിശന്നവശനായതുകൊണ്ട്‌ ആദ്യം പൂജകളുടെ വിലനിലവാരപട്ടിക വിശദമായി ഒന്നുനോക്കി. ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ട്‌ അതാ കിടക്കുന്നു അവില്‍ നിവേദ്യം. വിശപ്പിനു വിശപ്പും മാറിക്കിട്ടും പടച്ചോന്‌ കൊടുത്തൂന്നുമായി. ചോറിനുപകരം ഇന്നേക്ക്‌ അവിലാവട്ടെ എന്നുകരുതി സമാധാനിച്ചു.
"കൈ നീട്ട്വാ"
മൂപ്പര്‍ രണ്ടു കൈയ്യും നീട്ടി. ഒരു കഷണം ഇലയില്‍ അച്ചാറുപോലെ നാലുമണി അവില്‍ കൈയ്യിലേക്ക്‌ ലാന്‍ഡു ചെയ്‌തു.
കുഞ്ഞിരാമേട്ടന്റെ കണ്ണു തള്ളിപ്പോയി. "എന്നാലും ആറുറുപ്പ്യക്ക്‌ എന്തെങ്കിലും വേണ്ടേന്റെ ഗുരുവായൂരപ്പാ! ഈനാണെങ്കില്‍ ഒരു കൈ മതിയായിരുന്നല്ലോ, എല്ലത്തിനുമൊരു നേരും മര്യാദയും വേണ്ടേ. കുഞ്ഞിരാമനെയും തിരിയാണ്ടോയോ കൃഷ്‌ണാ?" തത്‌കാലം പ്രതിഷേധം ഇത്രയും വാക്കുകളിലൊതുക്കി. മനുഷ്യനാണെങ്കില്‍ കരണക്കുറ്റിക്കൊന്നു കൊടുത്തു പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഗുരുവായൂരപ്പനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നടപടിക്ക്‌ പ്രസക്തിയില്ലാത്തതുകൊണ്ട്‌ കൂടുതലൊന്നും പറയാതെ മൂപ്പര്‍ തിരിച്ചു.

ഒരു കാലന്‍കുടയ്‌ക്ക്‌ ജീവന്‍ വച്ച്‌ നടന്നുപോകുന്നതാണെന്നേ തോന്നൂ. കുട പോലെ തന്നെ ആവശ്യത്തിനുമാത്രമേ കുഞ്ഞിരാമേട്ടന്‍ വായ തുറക്കുകയുമുള്ളൂ. സാധാരണ അപൂര്‍വ്വമായി മാത്രം തുറക്കപ്പെടുന്ന ആ വായില്‍ നിന്നും വരുന്നത്‌ താങ്ങാന്‍ ത്രാണിയുള്ളവര്‍ മാത്രമേ മുന്നില്‍ നില്‌ക്കുകയുള്ളൂ.

മൂപ്പരു പറയുന്നത്‌ ആരും കേള്‍ക്കണമെന്ന വാശിയൊന്നുമില്ല. എന്നാല്‍ പറയുന്നതേ ചെയ്യൂ. ചെയ്യാന്‍ പറ്റുന്നതേ പറയൂ. ആരായാലും ലേശം നേരും മര്യാദയുമൊക്കെ വേണം എന്നാണ്‌ മൂപ്പരുടെ അഭിപ്രായം. മനുഷ്യനായാല്‍ മൂപ്പരുടെ വകയായി ലേശം ഡിസ്‌കൗണ്ടൊക്കെയുണ്ട്‌. ദൈവങ്ങള്‍ക്കാണെങ്കില്‍ അതില്ല.

കൈക്കോട്ടുപണിയാണ്‌ ഉപജീവനമാര്‍ഗം. നേരും മര്യാദയും കുഞ്ഞിരാമേട്ടന്റെ ഇടത്തും വലത്തുമായി സ്ഥിതിചെയ്യുന്നതുകൊണ്ട്‌ പണിക്കുമാത്രം യാതൊരു ക്ഷാമവുമില്ല. പോവാത്ത കുറവേ ഉള്ളൂ. കാര്യമായൊരു ദുശ്ശീലം പത്രം അരിച്ചുപെറുക്കി വായിച്ചുകളയലാണ്‌. പിന്നെ വായിച്ച സംഗതി അയവിറക്കലും.

പണികഴിഞ്ഞാല്‍ കൈക്കോട്ടിലുള്ള പിടി ഒന്ന്‌ അയയുന്നതോടെ കള്ളിന്‍കുപ്പിയുടെ കഴുത്തിലെ പിടി മുറുകും. അകത്തിരിക്കുന്ന സത്യസന്ധതയ്‌ക്ക്‌ ആനുപാതികമായി വീര്യം കൂടാന്‍ അതങ്ങോട്ടുള്ളില്‍ ചെല്ലേണ്ട താമസമേയുള്ളൂ. പിന്നെ വായില്‍ വരുന്ന സംഗതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്ക്‌ അപ്രിയസത്യങ്ങളായിരിക്കും.

അതെല്ലാംകൊണ്ടുതന്നെ നാട്ടുകാര്‍ കുഞ്ഞിരാമന്‌ ലേശം തകരാറാണെന്ന്‌ വിധിയെഴുതിയിട്ടുണ്ട്‌. ആ വിധിന്യായം അറിഞ്ഞപ്പോഴും മൂപ്പര്‍ ചിരിച്ചതേയുള്ളൂ. നാറാണത്തിനെ ഭ്രാന്തനെന്നു വിളിച്ചവരല്ലേ, പിന്നെ കുഞ്ഞിരാമനെ വിളിച്ചതിലെന്തദ്‌ഭുതം എന്നമട്ടിലുള്ള ഒരാക്കിയ ചിരി.

അങ്ങിനയൊരു ദിവസം മൂപ്പര്‍ ചായയോടൊപ്പം അന്നത്തെ പത്രം കലക്കിക്കുടിക്കുകയായിരുന്നു. കുഞ്ഞിരാമേട്ടന്‍ ചായപ്പീടികയിലെത്തിയാലാണ്‌ സൂര്യന്‍ കിഴക്കുദിക്കുക. കള്ളുഷാപ്പില്‍ നിന്നിറങ്ങിയാലാണ്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുക. അതു അനാദികാലം മുതലേയുള്ള ഒരു അണ്ടര്‍സ്റ്റാന്റിംഗാണ്‌.

പത്രം വായിച്ചു തൃപ്‌തിവന്നാലേ മൂപ്പര്‍ പണിക്കുപോവുകയുള്ളൂ. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ പിന്നെ വായന ഉച്ചത്തിലാകും "ഓരോ ഇന്ത്യക്കാരനും ലോകബാങ്കിന്‌ 20 രൂപാവച്ച്‌ കടക്കാരനാണ്‌"
അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടാഞ്ഞ്‌ ഒരു ബീഡികൂടി ആഞ്ഞുവലിച്ചു. ഒന്നുകൂടി വായിച്ചു. അപ്പോള്‍ സംഗതി ഓടി. ദില്ലിയിലെ പാദുഷമാര്‍ അന്ന്‌ കോണ്‍ഗ്രസുകാരാണ്‌.

കൂടെ പണിക്കുപോകുന്നവര്‍ വന്ന്‌ വിളിച്ചു.
"ഇങ്ങള്‌ പോയിക്കോളീന്‍, എനക്ക്‌ വേറെ ചില്ലറ പണിയുണ്ട്‌. കുഞ്ഞിരാമന്‍ ജീവിതത്തിലാരിക്കും കടം പറഞ്ഞിട്ടില്ല. അത്‌ വീട്ടീറ്റേ ഇനി വേറെക്കാര്യള്ളൂ".
സംഗതി ഗുലുമാലായി. "ഇവിടുത്തെ കാങ്ക്രസിന്റെ നേതാവാരാടോ ഇപ്പോ?"
"അതിമ്മളെ മൊട്ടക്കുമാരനല്ലെടോ, അല്ല പറേമ്പള്‌ക്കും ആളതാ വെരുന്ന്‌" കരുണന്‍ പറഞ്ഞു.

ഉം. കുഞ്ഞിരാമേട്ടന്‍ ഒന്നമര്‍ത്തി മൂളി.
മൊട്ടേമ്മല്‍ കുമാരന്‍ അഥവാ മൊട്ടക്കുമാരന്‍ പീടികയില്‍ കയറി ബ്ലോക്ക്‌ മീറ്റിംഗിന്‌ പോകേണ്ടതുകൊണ്ട്‌ ചായ ബസ്‌ വരുന്നേനും മുമ്പേ കിട്ടണമെന്ന്‌ പറഞ്ഞു.
"കുമാരാ, ഞ്ഞിങ്ങോട്ട്‌ വാ, വന്നകാലില്‍ നിക്കാതെ മരത്തിമ്മേല്‍ കേരി കുത്തിരിക്ക്‌"
"എന്താ കുഞ്ഞിരാമാ ഇന്നൊരു പുതിയ ലോഹ്യം" പന്തികേടു മണത്തുകൊണ്ട്‌ കുമാരന്‍ ചോദിച്ചു?
"ഇന്ദിരാഗാന്ധി കുമാരാ ഇന്‍യാരാ?"
ഓറല്ലേ ഞമ്മള പ്രധാനമന്ത്രി.
"ഞാന്‍ ലോകത്തിലാരിക്കും കടം പറേലില്ലാന്നകാര്യം ഇന്‌ക്കറിയാവ്വോ?"
അറിയാണ്ടോ, ലോകത്തെല്ലാരും ഇങ്ങള്‍ക്ക്‌ കടപ്പെട്ടവരാണെന്ന്‌ ആരിക്കാ അറിഞ്ഞൂടാത്തത്‌.
"സുയിപ്പിക്കണ്ട. ഇന്നേത്ത കടലാസ്‌ നോക്കിയാ ഞ്ഞി"
ഇല്ല.
"എന്നാ നോക്കീന്‍. അയില്‌ കാട്ടില്‍ കുഞ്ഞിരാമന്‍ 20 ഉറുപ്പിക കടക്കാരനാന്ന്‌ എഴുതീറ്റ്‌ണ്ടല്ലോ?"
കുമാരന്‍ പരതി തളര്‍ന്നപ്പോള്‍ കുഞ്ഞിരാമേട്ടന്‍ തന്നെ ആ ഭാഗം കാട്ടിക്കൊടുത്തു.
"ഇനിക്കെന്താ കുഞ്ഞിരാമാ പെരാന്താ. അതു മൊത്തത്തിലുള്ള കണക്കല്ലേ."
എനക്കിതൊന്നുമറിയണ്ട. ഞ്ഞി ഇത്‌ പിടിക്ക്‌. 20 ഉറുപ്പ്യണ്ട്‌. രണ്ടീസം പട്ടിണ്യായാലും ശരി. ദുശ്‌പേര്‌ ഞാന്‌ണ്ടാക്കൂല്ല. ഇന്നല്ലെങ്കില്‍ നാളത്തന്നെ ഞ്ഞി ഇത്‌ ഇന്ദിരാഗാന്ധിക്കെത്തിക്കണം. മറ്റന്നാളത്തെ പേപ്പറില്‍ ആ വിവരം വര്വേം വേണം. അതായത്‌ കാട്ടില്‍ കുഞ്ഞിരാമനൊഴിച്ച്‌ ബാക്കി ഇന്ത്യക്കാരെല്ലാം ലോകബാങ്കിന്‌ 20 ഉറുപ്പിക കടക്കാരാണ്‌".
"ഞ്ഞിയെന്നാ കുഞ്ഞിരാമാ ഇപ്പറേന്നെ"
ആയിനില്ല എന്നൂണ്ട്‌. ഇനി മേലാണ്ട്‌ കുഞ്ഞിരാമനോട്‌ ചോയിക്കാണ്ട ഓന്റ പേരില്‍ കടം മേടിക്കരുതെന്നും ഓളോട്‌ പറേണം. ഇല്ലെങ്കില്‍ ഇന്റ കാലിന്റ മുട്ടാ ഞാനടിച്ചാട്ട്വ.

20രൂപ എന്തുചെയ്യണമെന്നറിയാതെയും നാളെ കാലിന്റെ ഷേപ്പെന്താവുമെന്നുമൊക്കെ ആലോചിച്ചുകൊണ്ട്‌
മൊട്ടക്കുമാരന്‌ തൂണും ചാരി നില്‌ക്കുമ്പോള്‍ കൈക്കോട്ട്‌ വീത്‌ ചുമലിലേക്കിട്ട്‌ കാട്ടില്‍ കുഞ്ഞിരാമന്‍ നടന്നകന്നു.

Wednesday, July 2, 2008

ഇളയച്ഛന്റെ കാലും നിത്യന്റെ കുഴമ്പും

ഒരു നെടുനീളന്‍ പവര്‍കട്ടുകൊണ്ട്‌ അനുഗൃഹീതമായ പകലിന്റെ അന്ത്യം കുറിക്കാനെത്തിയ സന്ധ്യ മരണത്തിലേക്കു കാലെടുത്തുവച്ചു. മുറിക്കകത്തെ കൂരിരുട്ടില്‍ മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ചെറിയ ചെറിയ കാര്യങ്ങള്‍, അപ്പപ്പോള്‍ അണ്ണാക്കിലേക്ക്‌ വല്ലതും എത്തിക്കേണ്ടത്‌, കിഴക്കോട്ട്‌ വിളിച്ചാല്‍ പടിഞ്ഞാറോട്ട്‌ പോകുന്ന ചെക്കനെ രണ്ടക്ഷരം പഠിപ്പിക്കല്‍ ആദിയായ നിസ്സാര കാര്യങ്ങളുടെ ചുമതല മാത്രമേ നിത്യകാമുകിക്കുള്ളൂ. ബുഷ്‌-സദ്ദാം ഇടപാടുകള്‍, ആണവോര്‍ജം, സ്വാശ്രയ മാനേജുമെന്റും പരാശ്രയ വിദ്യാര്‍ത്ഥികളും ആദിയായ ഭയങ്കര പ്രശ്‌നങ്ങളൊക്കെ നിത്യന്‍ ഒറ്റയ്‌ക്കാണ്‌ പരിഹരിച്ചുകളയുക.

അപ്പോഴാണ്‌ മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം, വേഗം ടോര്‍ച്ചും കൊണ്ടു വാ, ദിവന്‍ വീണൂന്നാ തോന്നുന്നേ". ദിവന്‍ എന്നാല്‍ ദിവാകരന്‍, എന്റെ ഇളയച്ഛന്‍. എന്റെ ഇളയച്ഛനായതുകൊണ്ട്‌ വീഴാതിരിക്കാനുള്ള സാദ്ധ്യതളൊന്നുമില്ല. അതുകൊണ്ട്‌ മദ്ധ്യേഷ്യക്കാരോട്‌ തല്‌ക്കാലം അടങ്ങിയിരിക്കുവാന്‍ പറഞ്ഞ്‌ പെട്ടെന്നുതന്നെ മുറ്റത്തെത്തി.

അമ്മ, ഇളയമ്മ, നിത്യകാമുകി എല്ലാവരും അടുത്തുണ്ട്‌. ഇളയച്ഛന്‍ വീണിടത്തുനിന്നും പതുക്കെ എഴുന്നേറ്റിരുന്നതാവണം. മുറ്റത്തുതന്നെയാണിരിപ്പ്‌. ഒരു ഭഗവതി പോസില്‍. പീഠമില്ലെന്നൊരു കുറവേയുണ്ടായിരുന്നുള്ളൂ. ഒരുവിധം കഷ്ടിച്ച്‌ നടക്കാന്‍ പഠിച്ചുവരുന്ന നിത്യപുത്രന്‍ മൂപ്പര്‍ക്കുചുറ്റും നൃത്തം ചെയ്യുന്നതുകണ്ടപ്പോള്‍ വീണയാളടക്കം ചിരിച്ചുപോയത്‌ ടെന്‍ഷന്‍ ഒന്നു കുറച്ചു.

"ഇരുട്ടത്തു പോണ്ടാ പോണ്ടാന്നു ഞാനെത്ര പറഞ്ഞതാ. അതുകേട്ടാലെങ്ങന്യാ. അപ്പോ കൊറഞ്ഞുപോയില്യേ. പറേന്നതു കേക്കാന്‍ നിക്കാതെ പാത്രം കൊണ്ടോടി. ഇങ്ങേര്‌ വെള്ളം കൊണ്ടേന്നിറ്റാണോ ഇന്നുവരെ കുളിച്ചേ". അപ്പോ സംഗതിയുടെ ചിത്രം ഏതാണ്ട്‌ വ്യക്തമായി. അതായത്‌ കിലുക്കത്തിലെ തിലകനെ തോല്‌പിക്കുന്ന ഒരു പ്രകടനം ഇളയച്ഛന്‍ കാഴ്‌ചവെച്ചു.

എന്നാല്‍ അങ്ങിനെ ഘനഗംഭീരമായി വീണതിന്റെ അഹങ്കാരമൊന്നും ആ മുഖത്ത്‌ അപ്പോള്‍ കണ്ടതേയില്ല. അതേ സമയം കാലിന്റെ വേദന മുഖത്ത്‌ ലേശം പ്രതിഫലിക്കുന്നുമുണ്ട്‌. നടക്കാന്‍ കഴിയുന്നുമില്ല.

മുറ്റത്തെ സംസാരമെല്ലാം കേട്ട്‌ അകത്തുനിന്ന്‌ അച്ഛന്‍ വിളിച്ചുപറഞ്ഞു, "കാലിന്‌ വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ നടക്കാന്‍ നോക്കരുത്‌ പോയി ഡോക്ടറെ കാണിക്കണം."

ഇല്ലച്ഛാ, അത്ര കുഴപ്പമൊന്നുമില്ല. എന്തോ ഉളുക്കിപ്പോയതോ മറ്റോ ആണ്‌. അതിപ്പോ ശരിയാക്കാം.

പൊതുവേ എന്നെപ്പറ്റി നല്ല മതിപ്പായിരുന്നതുകൊണ്ടായിരിക്കണം "ദയവായി ഞ്ഞിയൊന്നും ചെയ്യണ്ടാ" ഉള്ള ശ്വാസത്തില്‍ അച്ഛന്‍ വിളിച്ചുപറഞ്ഞു.

"ഇല്ല കുഞ്ഞാട്ടാ ഇത്‌ അത്രക്കൊന്നൂല്ല. ഒന്നു കൊഴമ്പിട്ടു തടവിയാല്‍ പോന്ന കേസേയുള്ളൂ". ഇളയച്ഛന്റെ പ്രതികരണം കൂടി വന്നപ്പോള്‍ പിന്നെന്തു താമസം.

കൊണ്ടുവാ പ്രിയേ കൊയമ്പും തൈലങ്ങളും. പറഞ്ഞുതീരേണ്ടതാമസം സംഗതികള്‍ റെഡി. കളരിപരമ്പരദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ഒരഞ്ചുമിനിറ്റു നീണ്ട സാമാന്യം ഭേദപ്പെട്ട ഒരു കുഴമ്പുപ്രയോഗം. ആള്‍ വേദനകൊണ്ട്‌ തുള്ളിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം നിത്യന്‌ സധൈര്യം പ്രഖ്യാപിച്ചു : ഒരു കോയപ്പോം ഇല്ല. സംഗതി ഉളുക്കിയതാണ്‌. നില്‌ക്കാന്‍ പറ്റാത്തയാളെ ലേശം കൊയമ്പുകൊണ്ട്‌ തുള്ളിച്ചില്ലേ ഞാന്‍. വല്യ കൊയപ്പമില്ലെന്നു കേട്ടതോട ഇളയമ്മ പറയാന്‍ ബാക്കിവെച്ചതുകൂടെ കിട്ടിയ ചാന്‍സിന്‌ പാസാക്കി. ചക്കവീണിറ്റ്‌ എന്നും മുയല്‌ ചാവണമെന്നില്ലല്ലോ. അപ്പോ വീണതിന്റെ തലയ്‌ക്കിട്ട്‌ ഒന്നുകൂടി കൊടുക്കുകയാണ്‌ എന്തുകൊണ്ടും നല്ലത്‌.

ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക്‌ നിത്യന്‍ പ്രവേശിക്കുന്നത്‌ ഭയങ്കര ആദരവോടെ നിത്യകാമുകിയടക്കം ആളുകള്‍ നോക്കിക്കാണുന്നു. ഏളേച്ഛാ ഒന്നു നടന്നാട്ടേന്നും പറഞ്ഞ്‌ പതുക്കെ ലാംബ്രട്ട ഓട്ടോന്‌ കൈവെക്കുന്നപോലെ ചെറിയൊരു തള്ള്‌. പിന്നെ ആ നടത്തം നിര്‍ത്തിക്കിട്ടാന്‍ പെട്ടൊരു പാട്‌. ഒടുവില്‍ പിടിച്ചുനിര്‍ത്തി.

ആ റൗണ്ട്‌ വിജയകരമായശേഷം എളേച്ഛന്‍ ദയനീയമായൊന്നു ചിരിച്ചു. "ഇപ്പോ ചെറിയ വേദനേയുള്ളൂ".

"പറഞ്ഞാ കേള്‍ക്കാത്ത നിങ്ങളെന്തെങ്കിലും ചെയ്‌തുകൂട്ടീന്‍ വിഡ്ഡികളെ"എന്നൊരു സ്റ്റേയ്‌റ്റ്‌മെന്റ്‌ അച്ഛന്റേതായി വന്നെങ്കിലും അതു ഇത്രയും നേരം കൊണ്ടുണ്ടായ മകന്റെ ഓര്‍ത്തോ ഇമേജില്‍ തട്ടി താഴെവീണു.

ശങ്കരാടി ഒരു സിനിമയില്‍ മോഹന്‍ ലാലിന്റെ മസിലില്‍ ചൊട്ടിനോക്കിയിട്ട്‌ അസ്സല്‌ ഗൂര്‍ഖയാണെന്നു കണ്ടെത്തിയ പോലെ മുട്ടില്‍ ഒന്നു കൊട്ടിനോക്കി തകരാറൊന്നുമില്ലെന്ന്‌ നമ്മളും കണ്ടെത്തി.
ഏളേച്ഛാ ഇനി ചെറുങ്ങനെ ഒന്നോടണം.
'എടാ ഈ ഇരുട്ടത്ത്‌ ഇനി അതു വേണോ?'
നാളേക്ക്‌ കാല്‌ ശരിയാവണമെങ്കില്‍ ഇപ്പോ ഒന്ന്‌ ഓടുന്നതാണ്‌ നല്ലത്‌.
'മുറ്റത്തെ വെളിച്ചത്ത്‌ ഇങ്ങക്ക്‌ നല്ലോണൊന്നങ്‌ഹ്‌ ഓട്യാലെന്താവെരുന്നേ' ഇളയമ്മയുടെ ശബ്ദം മുഴങ്ങി.

ഓട്ട പ്രദക്ഷിണം കൂടി കഴിഞ്ഞു. ബാക്കി കുഴമ്പും കൂടി പുരട്ടാന്‍ വേറെ സ്ഥലമൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ മുട്ടില്‍ തന്നെ പ്രയോഗിച്ചു.

അപ്പോഴാണ്‌ നിത്യകാമുകിയുടെ വക ശക്തമായ ഒരഭിപ്രായം വന്നത്‌. "പണ്ട്‌ ഞമ്മളെല്ലം ചെറുതായേരം വീണാല്‍ അച്ഛന്‍ കാലില്‍ ചവുട്ടിപ്പിടിച്ച്‌ ഒന്നു വലിച്ചുനീര്‍ക്കുന്ന പതിവുണ്ട്‌"
ആയൊരു ചികിത്സ വിട്ടുപോയ കാര്യം നിത്യനുമപ്പോഴാണ്‌ ഓര്‍മ്മവന്നത്‌. അതുകേട്ടപാടെ ഉള്ള ശക്തിയില്‍ സ്ഥലം വിടുവാന്‍ ഏളേച്ഛന്‍ ഒരുങ്ങിയെങ്കിലും ചുറ്റിലുമുള്ള അഭ്യുദയകാംക്ഷികളുടെ സ്‌നേഹമസൃണമായ ശാസനയില്‍ വീണു.

ഏളേച്ഛനെക്കാളും ലേശം നീളമുണ്ടായിരുന്നതുകൊണ്ട്‌ ആ ചവുട്ടി നീളം വലിക്കില്‍ ചികിത്സ ഭംഗിയായി നടത്തുവാനും കഴിഞ്ഞു.

എളേച്ഛാ ഇപ്പോ എങ്ങിനെയുണ്ട്‌? മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ഒരൊറ്റ ഭാവം. പിന്നെ ഒരു നേരിയ ചിരി.

എന്നാ ഇനി പോവ്വാ. ഇളയമ്മ പോവാന്‍ റെഡിയായി. അടുത്തടുത്താണ്‌ വീടുകള്‍. എളേച്ഛന്‍ പതുക്കെ നീങ്ങിയങ്ങുപോയി. കാറ്റത്തെ തേക്കില പോലെ കുറച്ചുസമയം പിടിച്ചു അങ്ങെത്താന്‍ എന്നുമാത്രം.

മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ ബാക്കി നാളെ പരിഹരിക്കാമെന്നു തീരുമാനിച്ചു. ഒരു അസ്ഥിരോഗവിദഗ്‌ദ്ധന്റെ പണിയെടുത്ത ചാരിതാര്‍ത്ഥ്യത്തോടുകൂടി കിടക്കയിലേക്ക്‌ മലര്‍ന്നുവീണു.

കോലായില്‍ നിന്നും അമ്മയും ഇളയമ്മയും തമ്മിലുള്ള സംസാരം കേട്ടുകൊണ്ടാണ്‌ ഉണര്‍ന്നത്‌. "എടാ എളേച്ഛന്റെ കാലിന്‌ വേദനകൂടീറ്റ്‌ രാത്രി ഏട്ടനെ വിളിച്ചുവരുത്തീനേനും. എല്ലിന്‌ തകരാറുള്ളതോണ്ടാപോലും ഇങ്ങിനെ പൊര പോല കാല്‌ ബീങ്ങ്യത്‌"
ഇല്ല. നിത്യകാമുകി പരിസരത്തെങ്ങുമില്ല. ഇന്നലെ കിടക്കയില്‍ വച്ച്‌ മര്‍മ്മചികിത്സ പണ്ടേയറിയാം ആയുര്‍വേദവും ലേശം പഠിച്ചിട്ടുണ്ടെന്നെല്ലാം തട്ടിവിട്ടതുകൊണ്ടുണ്ടായ ബഹുമാനം ചില്ലറയല്ല.

ഇപ്പോ വീങ്ങീറ്റുണ്ടോ?
എഞ്ചാതി വീക്കം.
അതെന്തേനും പിന്നെ എന്നെ വിളിക്കാഞ്ഞത്‌?
"ഇന്ന വിളിക്കണ്ടാന്ന എളേച്ഛന്‍ പ്രത്യേകം പറഞ്ഞിട്ട്‌ാ. രാത്രിത്തന്നെ വല്ലാണ്ട്‌ കഷ്ടപ്പെട്ടതാ. ഉറങ്ങിക്കോട്ടേന്ന്‌ പറഞ്ഞു".
ചെന്നുനോക്കുമ്പോള്‍ എളേച്ഛന്‍ കട്ടിലിലതാ ആലിലയില്‍ കൃഷ്‌ണന്‍ കിടന്നപോലെ. കാലെല്ലാം കൂടി മൊത്തത്തില്‍ ഒരു മണ്ണന്‍ വാഴയുടെ ഷെയ്‌പ്‌. മുട്ട്‌, കാല്‍, കണങ്കാല്‍ അങ്ങിനെ വകഭേദങ്ങളൊന്നുമില്ലാതെ ഒരേയൊരു കാല്‍.

"ഏടാ നമുക്കൊന്നു എല്ലിന്റെ ഡോക്ടറെ കാണിക്കണം. കാലനക്കാന്‍ പറ്റുന്നില്ല. എല്ലിന്റുള്ളിന്നാനെങ്കില്‍ കുത്തിപ്പറിക്കുന്നുമുണ്ട്‌്‌്‌. പ്രഭ പറേന്നത്‌്‌ എല്ല്‌ പൊട്ടീട്ടുണ്ടെന്നാ."
അതെന്ന്യായിരിക്കും ശരി. പ്രഭേട്ടന്‍ കളരിഗുരിക്കളല്ലേ. അടുത്തില്ലെന്നു വിചാരിച്ച മഹതിയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. ആദ്യത്തെ കൂറുമാറ്റം. എന്തുചെയ്യാം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്നല്ലേ. അങ്ങിനെ പ്രഭേട്ടനും ഞാനും കൂടി എളേച്ഛനെ താങ്ങിയെടുത്ത്‌ ആശുപത്രിക്കുവിട്ടു.

'എക്‌സ്‌ റേ എടുത്തുവാ', ഡോക്ടര്‍ കാലൊന്നുനോക്കിയശേഷം മൊഴിഞ്ഞു.
അപ്പോ അതെടുക്കാത്ത ഒരു കുഴപ്പമേ നിത്യനു പറ്റിയിട്ടുള്ളൂ എന്നാരോടു പറയാന്‍?
ആ കുന്ത്രാണ്ടം കിട്ടിയതും ഡോക്ടര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതെന്താ പോലീസ്‌റ്റേഷനോ ധര്‍മ്മാശുപത്രിയോ ന്നെല്ലാം ചോദിക്കണമെന്നുണ്ടായിരുന്നു. എളേച്ഛന്റെ കാലിനെ കണക്കിലെടുത്ത്‌ തല്‌ക്കാലം വേണ്ടെന്നു കരുതി.

വീണതാണല്ലേ?
അതേ. ഇന്നലെ രാത്രി. പ്രഥമ ശുശ്രൂഷ അപ്പോ തന്നെ എടുത്തു.
എന്തു ചെയ്‌തു?
കൊയമ്പിട്ടു തടവി.
പൊട്ടിയ മുട്ടുചിരട്ട ഏത്‌ വിഡ്ഡിയാ തടവിയത്‌?
മൂപ്പരുടെ ഏട്ടന്റെ മോനാ, ഞാന്‍ പതുക്കെ പറഞ്ഞു. അല്ലാ അതുകൊണ്ട്‌ വല്ല പ്രശ്‌നോം?
"ഇവനെയെല്ലാം പിടിച്ചു രണ്ടു പൊട്ടിക്ക്യാ വേണ്ടത്‌." മൂപ്പര്‍ തുടര്‍ന്നു. "എക്‌സ്‌റേയില്‍ തെളിയുന്നില്ല, ഇനിയിപ്പോ മുട്ടിന്റെ ചിരട്ട എവിടെയാണെന്നറിയാന്‍ ഒരു സ്വര്‍ണപ്രശ്‌നം വെക്കേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌.
ഇനി ഇവിടെ കെടക്കട്ടെ കുറച്ചുനാള്‍.
ഒരു വണ്ടിയിലിരുത്തി എളേച്ഛനെ നല്ലൊരു കട്ടിലില്‍ കൊണ്ടുപോയി കണ്ണാടിച്ചില്ല്‌ നില്‌ത്തുവെക്കുന്ന ശ്രദ്ധയോടെ കിടത്തി. മൂപ്പര്‍ ഏകാഗ്രതയോടെ ഫാനിനെ ഇപ്പം ശരിയാക്കിത്തരാന്നുള്ള മട്ടില്‍ നോക്കിപ്പേടിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, നമ്മള്‍ക്ക്‌ നല്ല ഡോക്ടറെ കിട്ടിയതുകൊണ്ട്‌ പേടിക്കാനില്ല.
"്‌അല്ലെങ്കിലുമെന്ത്‌ പേടി, ഞ്ഞി വീട്ടില്‍ പോയ്‌ക്കോ. ഞാനിവിടെ കിടന്നോളാം."
ദിവനെങ്ങനെയുണ്ടെടാ? വീട്ടില്‍ കയറിയപാടെ അച്ഛന്‍ ചോദിച്ചു.
വീണപാടെ പ്രഥമശുശ്രൂഷ കിട്ടിയതുകൊണ്ട്‌ രക്ഷപ്പെട്ടു.Thursday, May 15, 2008

അതിര്‍ത്തി വിട്ട പട്ടാളക്കാരനും അതിരുവിട്ട വണ്ടിക്കാരനും

സാദാ തുപ്പാക്കിമുതല്‍ പെരിയ സുബേദാര്‍മാര്‍ വരെയുള്ള ഒരു പാട്‌ യോദ്ധാക്കളെക്കൊണ്ട്‌ സമൃദ്ധമാണ്‌ നിത്യന്റെ ആവാസമേഖല. ക്യാപ്‌റ്റനും അതിനുമുകളില്‍ വിഷം മൂത്ത സാധനങ്ങളും നാട്ടിലുണ്ടെങ്കിലും ബോഫേഴ്‌സ്‌ തോക്കുപോലെ നാട്ടുകാര്‍ക്ക്‌ അപ്രാപ്യമാണ്‌. അങ്ങിനെയുള്ള നിരവധിയാളുകളില്‍ എടുത്തുപറയേണ്ട ഒരു ധീരജവാനാണ്‌ രാമകൃഷ്‌ണേട്ടന്‍. 18 ആവുമ്പോഴേക്കും രാജ്യസ്‌നേഹം നിറഞ്ഞുകവിയുന്നതുകാരണം നാട്ടിലെ ആണുങ്ങളെല്ലാം നേരെപോയി പട്ടാളത്തില്‍ ചേരുകയാണ്‌ പതിവ്‌. പെണ്ണുങ്ങള്‍ക്ക്‌ വനിതാപട്ടാളത്തെപ്പറ്റി കേട്ടറവില്ലാത്തതുകൊണ്ട്‌ ഉണ്ണിയാര്‍ച്ചകളായി വീട്ടില്‍ തന്നെ കഴിയും.

പലപ്പോഴും പതിനാറുവയതിനില്‍ തന്നെ അല്ലെങ്കില്‍ കുറച്ചുകൂടി കഴിഞ്ഞാല്‍ ആ മംഗളകര്‍മ്മം നടക്കും. അന്നുതൊട്ട്‌ ആ ഹതഭാഗ്യനെ അഥവാ മഹാധീരനെ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്ന ഉഗ്രവാദിയായി പ്രഖ്യാപിച്ച്‌ വകവരുത്താനുള്ള ശ്രമം അവരും തുടരും. പോയനൂറ്റാണ്ടില്‍ ഇവരുടെയെല്ലാം പൂര്‍വ്വികര്‍ പലരും പേരുകേട്ട വക്കീല്‍ ഗുമസ്ഥന്‍മാരായിരുന്നു. ഗുമസ്‌തന്‍ മൂത്ത്‌ വക്കീലായവരും ഉണ്ട്‌. ഒന്നുംകൂടി മൂത്ത്‌ വിധിച്ച്‌ വിധിച്ച്‌ കൊതിതീരാതെ മരിച്ച ജഡ്‌ജിമാരായവരുമുണ്ട്‌. പിന്നെ സ്വന്തം നിലയില്‍ നടത്തിയ വ്യവഹാരങ്ങളുടെ ഫലമായി തറവാടുകള്‍ ഉപ്പുവച്ച പാറപോലെ അസ്‌തുവായിക്കിട്ടിയെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഗുമസ്‌തപ്പണി വേണ്ടെന്നുവച്ച്‌ രാമകൃഷ്‌ണേട്ടന്‍ പോയി പട്ടാളത്തില്‍ ചേര്‍ന്നു.

വര്‍ഷത്തില്‍ പത്തുമാസം അതിര്‍ത്തി കൃത്യമായി സംരക്ഷിച്ച്‌ ഉഗ്രവാദികളെയെല്ലാം നിലയ്‌ക്കുനിര്‍ത്തി, ചുരുങ്ങിയത്‌ രണ്ടുമാസത്തേക്ക്‌ അവറ്റകള്‍ തലപൊക്കാതിരിക്കാനായി ഒരുഗ്രവെടിയും വെച്ച്‌ നാട്ടില്‍ വരികയാണ്‌ മൂപ്പരുടെ ഒരു രീതി. ഇട്ട പട്ടാളക്കുപ്പായത്തോടെ ഇങ്ങോട്ടുപോരുയാണ്‌ പതിവ്‌.

അതിര്‍ത്തിയിലെ അറിയപ്പെടുന്ന വീരശൂരപരാക്രമിയായ രാമകൃഷ്‌ണേട്ടന്റെ ആ വരവ്‌ ഓര്‍മ്മയില്‍ ഇപ്പോഴും മരണമില്ലാതെ കിടക്കുകയാണ്‌. അതൊരു ഒന്നൊന്നര വരവായിരുന്നു. ഉത്സവപ്പറമ്പിലേക്കുവരുന്ന വളച്ചെട്ടിയെപ്പോലെ മൂന്നുനാലു വല്യപെട്ടികളുമായി തെക്കുനിന്നും വന്ന വണ്ടിയില്‍ മൂപ്പര്‍ തലശ്ശേരി സ്റ്റേഷനിലിറങ്ങി.

എപ്പോഴും വരുന്ന വിവരം പരമരഹസ്യമായിരിക്കും. മൂപ്പര്‍ക്കും പിന്നെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിക്കും മാത്രമേ അക്കാര്യത്തെപ്പറ്റി അറിവുണ്ടാവുകയുള്ളൂ എന്നത്‌ നാട്ടില്‍ പരസ്യമായ രഹസ്യമാണ്‌. പ്രിയതമ ജാനകിക്കുട്ടിക്കുള്ള ഭീഷണിക്കത്തില്‍ കൂടി വരവിനെപ്പറ്റി ഒരക്ഷരം മിണ്ടുകയില്ല. "നമ്പാന്‍ പറ്റാത്ത വര്‍ഗമാണല്ലോ ഉഗ്രവാദികള്‍. ബോംബിന്റെ സഹായമൊന്നും കൂടാതെ തന്നെ പൊട്ടിച്ച്‌ വായിക്കാനാവുന്ന സാധനമാണല്ലോ ഇന്‍ലന്റ്‌ എന്ന കത്തുകടലാസ്‌"്‌. അങ്ങിനെ മൂപ്പര്‍ അതിരുവിടുന്ന വിവരം വല്ല തീവ്രവാദിക്കും കിട്ടിയാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ലീവുതീര്‍ന്ന്‌ മൂപ്പര്‍ തിരിച്ചുവണ്ടികയറിയ ദിവസത്തെ വീട്ടിലെ അതേ അവസ്ഥയായിരിക്കും അതിര്‍ത്തിയിലും അരങ്ങേറുക.

തലശ്ശേരി റയിവേസ്റ്റേഷനില്‍ നിന്നും തന്നെ തുടങ്ങാം. മൂപ്പര്‍ വരുന്ന വിവരം ചോരാനേതായാലും സാദ്ധ്യതയില്ല. എന്തുകൊണ്ടോ അന്നൊരു ലക്ഷണമൊത്ത ബന്ദുദിവസമായിരുന്നു. അക്കാലത്ത്‌ ബന്ദൊരു നാലുദിവസം തുടര്‍ച്ചയായി നടന്നാലും നാലാളറിയണമെന്നില്ല. നാലുകാശു കീശയിലുണ്ടെങ്കിലാണ്‌ നാളെ ബസുണ്ടാവുമോ ഓട്ടോയോടുമോ കള്ളുഷാപ്പുതുറക്കുമോ എന്നെല്ലാം ആലോചിക്കുക. പുരയില്ലാത്തവനെന്തിന്‌ തീയെ പേടിക്കണം?

അന്നു മുന്തിയ ആളുകള്‍ക്ക്‌ മാത്രം പ്രാപ്യമായ ദിവ്യവാഹനമായിരുന്നു ഓട്ടോറിക്ഷ. ഓരോ കുഴിയില്‍ വീഴുമ്പോഴും പണ്ടു കുടിച്ച മുലപ്പാല്‍ വരെ തേക്കിവരുന്ന ഒരു സുഖമായിരുന്നു അതിന്റെയൊരു അട്രാക്ഷന്‍. വിവാഹം കഴിഞ്ഞ്‌ ചുരുങ്ങിയത്‌ 10മാസം കഴിഞ്ഞ വനിതകള്‍ക്കുമാത്രമാണ്‌ ഈയൊരു വാഹനത്തില്‍ കയറാനുള്ള ഭാഗ്യം പലപ്പോഴും ഒത്തുവരിക. ബക്കറ്റു പാട്ടയും പായും ചുരുട്ടിപ്പിടിച്ച്‌ വണ്ടിയിലുമല്ല റോഡിലുമല്ല എന്നാല്‍ വായുവിലുമല്ല എന്ന സ്ഥിതിയില്‍ സഞ്ചരിക്കാന്‍ ചിലപ്പോള്‍ ഇതിനുകാരണക്കാരായ മഹാപാപികള്‍ക്കും ഒരു ചാന്‍സ്‌ ഒത്തുവന്നാലായി. അക്കാലത്ത്‌ ഈയൊരു വണ്ടിയുണ്ടായിരുന്നതുകൊണ്ട്‌ സീസേറിയന്‍ എന്നൊരു സംഗതിയേ ആവശ്യമുണ്ടായിരുന്നില്ല. ലാംബ്രട്ടേറിയന്‍ എന്നാണ്‌ ഇതിനു നാട്ടിലെ പേര്‌. ഇതൊരു സര്‍ജറിയല്ല എന്ന കാര്യം പലര്‍ക്കുമറിയില്ല. ലാംബ്രട്ട വണ്ടിയില്‍ നടക്കുന്ന സുഖപ്രസവം തന്നെയാണ്‌ ലാംബ്രട്ടേറിയന്‍. രണ്ടുകിലോമീറ്റര്‍ ദൂരം ലാംബ്രട്ട വണ്ടിയില്‍ സഞ്ചരിച്ചിട്ടും പ്രസവലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ നേരെ കോയിക്കോട്ടേക്കെടുത്തോളാനാണ്‌ വണ്ടിക്കാര്‍ തന്നെ ഉപദേശിക്കുക. പറഞ്ഞുപറഞ്ഞു കാടുകയറി.

ആ ബന്ദുനാളില്‍ ഈ വണ്ടിയുമില്ല.മൂപ്പര്‍ പട്ടാളക്കുപ്പായത്തില്‍ തന്നെയിറങ്ങി. ബൂട്ടിന്റെ ഒച്ചകേട്ട്‌ ട്രെയിനെത്തിപ്പോയെന്നുകരുതി ചാടിവീണ സ്‌റ്റേഷന്‍മാസ്‌റ്റര്‍ ജവാനെ കാര്യം പറഞ്ഞുമനസ്സിലാക്കി. സാധാരണ മൂപ്പര്‍ ആരെയും അങ്ങോട്ടു മനസ്സിലാക്കിക്കുകയല്ലാതെ ഇങ്ങോട്ട്‌ മനസ്സിലാക്കിക്കാന്‍ അവസരം കൊടുക്കാറില്ലായിരുന്നു. മനസ്സിലായൊ എന്നുചോദിക്കുന്ന ഒരേര്‍പ്പാട്‌ പട്ടാളത്തിലുമില്ല എന്നാണ്‌ മൂപ്പര്‍ പറയാറുള്ളത്‌. എല്ലാം മനസ്സിലായിട്ടു ചെയ്യാമെന്നുവച്ചാല്‍ പിന്നെ അതിരും കൊണ്ട്‌ ആങ്കുട്ടുകള്‍ സ്ഥലം വിടും. അതുകൊണ്ട്‌ മനസ്സില ായാലും മനസ്സിലായില്ലെങ്കിലും വെടിയുടെ എണ്ണം കുറയ്‌ക്കരുതെന്നുമാത്രം.

പിന്നെയും കാടുകയറി. റെയില്‍വേസ്റ്റേഷനിലേക്കുതന്നെ തിരിച്ചുനടക്കാം. അതിര്‍ത്തിയിലാണെങ്കില്‍ കാണിച്ചുതരാമായിരുന്നെടാ പരിഷകളേ എന്നോ മറ്റോ രാഷ്ട്രഭാഷയില്‍ ഒരു വെല്ലുവിളി നടത്തിയ ശേഷം സ്‌റ്റേഷന്‍മാഷ്‌ ഏര്‍പ്പാടാക്കിക്കൊടുത്ത കൈവണ്ടിക്കാരനെ തുമാരാ നാം ക്യാ ഹേ എന്നലറി ഒന്നു വിരട്ടി.

പെട്ടികളെല്ലാം കൈവണ്ടിലോട്ടെടുത്തിട്ട്‌ തൊപ്പിയൊന്നെടുത്ത്‌ കഷണ്ടിയിലെ വിയര്‍പ്പൊന്നു തുടച്ചു. മുന്നോട്ടുള്ള പ്രയാണം തുടങ്ങി. വണ്ടിക്കാരന്‍ മുന്നില്‍ നിന്നും വലിക്കും. ജവാന്‍ പിന്നില്‍ നിന്നും തള്ളും. അങ്ങിനെ 10 കി.മീ നടത്തം.

ആരെങ്കിലും കല്ലെറിഞ്ഞാലോയെന്ന വണ്ടിക്കാരന്റെ ഒടുക്കത്തെ സംശയത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ മൂപ്പര്‍ ഒരൊറ്റയാട്ടിന്‌ അതിര്‍ത്തികടത്തിവിട്ടു. രാഷ്ട്രീയക്കാരെപ്പറ്റി രാമകൃഷ്‌ണേട്ടന്‌ പണ്ടുമുതലേ നല്ല മതിപ്പായിരുന്നത്‌ ഈ സംഭവത്തോടുകൂടി ഒന്നുകൂടി ദൃഢപ്പെട്ടു. അവരൊക്കെ ഇവിടെ ജീവിക്കുന്നത്‌ അതിര്‍ത്തിയില്‍ രാമകൃഷ്‌ണന്‍മാര്‍ നില്‌ക്കുന്നതുകൊണ്ടാണെന്ന്‌ പറയാന്‍ ഒരിക്കലും രണ്ടാമതൊന്നാലോചിക്കേണ്ട ഗതികേടും മൂപ്പര്‍ക്കുണ്ടായിരുന്നില്ല.

ഇത്രയ്‌ക്ക്‌ ധീരനായ ഒരു ജവാന്‍ പിന്നില്‍ നിന്നും നയിക്കാനുണ്ടെന്ന വസ്‌തുത വണ്ടിക്കാരനിലെ ആത്മവിശ്വാസത്തെ തീപ്പെട്ടി കണ്ട എലിബാണം പോലെ ഉയരങ്ങളിലെത്തിച്ചു. അങ്ങിനെ വലിച്ചും തള്ളിയും കല്ലുമ്മേക്കായ വില്‌പനക്കാരനെപ്പോലെ വീട്ടിലെത്തുമ്പോഴേക്കും വണ്ടിക്കാരന്‌ ഇന്ത്യന്‍ പട്ടാളത്തെപ്പറ്റിയുണ്ടായിരുന്ന ഏകദേശധാരണകളെല്ലാം പോയി ശരിയായ ധാരണ കൈവന്നുതുടങ്ങി.

താറിട്ട റോഡിലെ ബൂട്ടിന്റെ ശബ്ദം ആളുകളെ ഒന്ന്‌ നിശ്ശബ്ദമാക്കിയെങ്കിലും അതത്‌ ഏരിയയുടെ അതിര്‍ത്തിവിടുന്നതുവരെ പട്ടികള്‍ ദേശീയഗാനവുമായി അകമ്പടി സേവിച്ചതുകൊണ്ട്‌ ഏറുവിദഗ്‌ധന്‍മാരൊന്നും റോഡിലിറങ്ങിയതുമില്ല. ജവാന്‍ നാളെ അതുവഴി പോകണമെന്നില്ല. പട്ടികള്‍ക്കാവട്ടെ വേറെയെങ്ങും പോകാനുമില്ല. അവറ്റകള്‍ക്ക്‌ ഏറുകൊണ്ടാല്‍ പിന്നെ പ്രതികരണം പ്രത്യയശാസ്‌ത്രം പഠിച്ചശേഷമായിരിക്കണമെന്നുമില്ല.

"എടുത്തുവെക്കീനെടാ സകലോം" ഒരലര്‍ച്ചയായിരുന്നു. അടുക്കളയില്‍ നിന്നും ജാനകിക്കുട്ടിയും പിന്നാലെ വാനരപ്പടയും ഓടിയെത്തുമ്പോഴേക്കും ജവാന്‍ റോഡിലേക്ക്‌ തിരിച്ചു മാര്‍ച്ചു തുടങ്ങിയിരുന്നു. വര്‍ദ്ധിതവീര്യത്തോടെ പിള്ളേര്‍ പിറകെയും. രാജദ്രാവകം അടങ്ങിയ പെട്ടിമാത്രം അതിര്‍ത്തി കാക്കുന്ന അതേ ശുഷ്‌കാന്തിയോടെ മൂപ്പര്‍ സ്വയം വഹിച്ചു. പോക്കറ്റില്‍ നിന്നും കാശെടുത്ത്‌ വണ്ടിക്കാരനുനേരെ നീട്ടി. പറഞ്ഞതിലും ഒരു രൂപാ കൂടുതല്‍.

ആ ഉദാരമനസ്‌കതയ്‌ക്ക്‌ വണ്ടിക്കാരന്‍ തലേക്കെട്ടൂരി ആദരാജ്ഞലിയര്‍പ്പിച്ചു. എട്ടണ ചോദിച്ചാല്‍ നാലണകൊടുക്കുന്ന പട്ടാളക്കാരെ മാത്രമേ മൂപ്പര്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

പട്ടാളത്തില്‍ ചോദിച്ചതുമാത്രമേ കൊടുക്കാവൂ. പറയുന്നതുമാത്രമേ ചെയ്യാവൂ. ചെയ്യുന്നതുമാത്രമേ പറയാവൂ എന്നൊക്കയാണ്‌. ലീവില്‍ പ്രവേശിക്കുന്ന നിമിഷം തൊട്ട്‌ ഈ സ്വഭാവങ്ങള്‍ക്കും മൂപ്പര്‍ അവധികൊടുക്കും. ഇക്കാര്യത്തിലും ചോദിച്ചത്‌ കൊടുക്കരുതെന്നൊരു നിബന്ധനമാത്രമേ മൂപ്പര്‍ക്കുള്ളൂ. ഒരു രൂപ അധികമായപ്പോള്‍ ആ പ്രശ്‌നവും സോള്‍വ്‌ഡ്‌. വെടി ഒന്നധികമായാലും കുഴപ്പമില്ല കുറഞ്ഞുപോകരുത്‌ എന്നല്ലേ അതിര്‍ത്തിയിലെ ഇന്ത്യാ-പാക്‌ നയം.

കാശുവാങ്ങിയിട്ടും വന്നത്‌ പട്ടാളക്കാരനായതുകൊണ്ട്‌, വറ്റുകൈകൊണ്ട്‌ കോഴിയെ തെളിച്ചപോലെ വണ്ടിക്കാരന്‍ തലയും ചൊറിഞ്ഞ്‌ ചുറ്റിക്കളിക്കാന്‍ തുടങ്ങി. സംഗതി മൂപ്പര്‍ക്ക്‌ പിടികിട്ടി. പിന്നെ അടുത്ത ഒരലര്‍ച്ചയാണ്‌ "സകലോം ആത്തുപോ, ഉം അന്തര്‍ ജാ". അടുത്തുകിട്ടിയ സ്‌റ്റീല്‍ ഗ്ലാസില്‍ തന്നെ പുള്ളി കുപ്പി പൊട്ടിച്ചങ്ങോട്ട്‌ ഒഴിച്ചു. മൂപ്പരുടെ ഒരു രീതിക്കനുസരിച്ച്‌ സാമാന്യം ഭേദപ്പെട്ട ഒരൊഴിപ്പ്‌. വെള്ളത്തിന്റെ പാട്ടയില്‍ കൈവച്ചപ്പോള്‍ വണ്ടിക്കാരന്‍ ചാടിവീണു. "നല്ലോരു പട്ടാളത്തില്‍ മായം ചേര്‍ക്കല്ലേമാനേ" ന്നും പറഞ്ഞ്‌ ഒരു പിടുത്തം. അതങ്ങിറങ്ങുന്നതിന്‌ കണക്കായി മൂപ്പരൊന്നു വളഞ്ഞു. മെല്ലെയവിടെയിരുന്നു. നട്ടുച്ചയ്‌ക്ക്‌ വെള്ളം ചേര്‍ക്കാതെടുത്ത റം ആദ്യം പൂക്കുറ്റിക്ക്‌ തീപ്പിടിച്ചപോലെ തലയിലോട്ട്‌ പാഞ്ഞുകയറി അവിടെ ഒരു റെയ്‌ഡ്‌ നടത്തി ഒരു സ്റ്റെപ്പ്‌ താഴെയിറങ്ങി ബോധം മറിയുന്നതുവരെ നാവില്‍ വിശ്രമിക്കുകയാണ്‌ പതിവ്‌.

രാജദ്രാവകത്തിന്റെ ഏറ്റവും വലിയ ഗുണം അതുലേശം പിടിപ്പിച്ചാല്‍ ഏത്‌ ഭൃത്യനെയും അത്‌ ചക്രവര്‍ത്തിയായി വാഴിക്കും. രാജാവിനും ഒരു സ്റ്റെപ്പ്‌ മീതെ. ഇവിടെയും അതാണ്‌ സംഭവിച്ചത്‌. "സൂട്ടും കോട്ടും അയിച്ചി്‌ട്ട്‌ പോയി സാപ്പാട്‌ ആയോന്ന്‌ നോക്കെടോ യെവാനെ" . അടുക്കളയില്‍ തോക്കില്ലാതിരുന്നതുകൊണ്ടുമാത്രം അതിര്‍ത്തിയില്‍നിന്നും രക്ഷപ്പെട്ടെത്തിയ ജവാനും പെട്ടികളെ കെട്ടിവലിച്ചെത്തിച്ച വണ്ടിക്കാരനും രക്ഷപ്പെട്ടെന്നു പറയുന്നതാവും ശരി.

രംഗം മോശമാവുന്നതിനുമുമ്പേ മുപ്പര്‍ തപ്പിയെടുത്ത ഒരു പായ്‌ക്കറ്റ്‌ പൊളിച്ച്‌ കുറെ മിക്‌ചര്‍ വാരി ഒരു പ്ലേറ്റിലിട്ടു അയാളുടെ മുന്നിലേക്കു വച്ചുകൊടുത്തു. കരിവണ്ടിയില്‍ എഞ്ചിനിലേക്ക്‌ കരിയെറിഞ്ഞപോലെ അത്‌ സ്വാഹ. പഹയനെ പിടിച്ചെഴുന്നേല്‌പിച്ച്‌ ചുമരു ചാരി നിര്‍ത്തി, എങ്ങിനെയോ മുണ്ടൊന്നു മടക്കിക്കുത്തി. ഒരുവിധത്തില്‍ താങ്ങി കൈവണ്ടിക്കരികിലെത്തിച്ചു. വേറെ കച്ചറയൊന്നുമില്ലെന്ന്‌ ജാനകിക്കുട്ടിയെയറിയിക്കുവാനായി പുള്ളി ഉച്ചത്തില്‍ പറഞ്ഞു "ഓകെ റൈറ്റ്‌ തൂ ജാ, ബഹുത്ത്‌ ശുക്രിയാ".

"ഫ പരട്ടെ, മലയാളത്തില്‍ പറഡാ, ഞ്ഞില്ലെപ്പാ ഹിന്ദിക്കാരനായെ ---മോനെ". ഇനി അങ്ങോട്ട്‌ ഞ്ഞി വലിക്കും ഞാന്തള്ളും" ന്നും പറഞ്ഞ്‌ പെറ്റപാടെയുള്ള കന്നുകുട്ടി പോകുന്ന പോലെ നാലു സ്‌്‌റ്റേപ്പും വച്ച്‌ പുള്ളിക്കാരന്‍ നിലംപരിശായി. ഭൃത്യന്‍ ചക്രവര്‍ത്തിയായ വിവരം അപ്പോഴാണ്‌ മൂപ്പര്‍ക്ക്‌ ശരിക്കും ബോദ്ധ്യപ്പെട്ടത്‌. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല.

ഇതിലും ഭേദം അതിര്‍ത്തിക്ക്‌ കാവലിരിക്കലായിരുന്നു എന്നൊരാത്മഗതവുമായി തിരിയുമ്പോള്‍ യുദ്ധപ്രഖ്യാപനവുമായി സ്വന്തം ജാനകിക്കുട്ടി.

Monday, April 7, 2008

കിട്ടിയാലൊരു പെണ്ണ്‌ പോയാലൊരു നോട്ടം

പെണ്ണുകാണാന്‍ പോകാതെ പെണ്ണുകെട്ടണം എന്നതായിരുന്നു ജീവിതത്തിലെ ഒരാഗ്രഹം. അതിനു കോലം കൊഞ്ചം നന്നാവണം എന്നു തിരിച്ചറിവുണ്ടാവുമ്പോഴേക്കും ഘടികാരം മുപ്പതടിച്ചു.

പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന്‌ മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ്‌ ആകെയുള്ളൊരു വ്യത്യാസം . പെണ്ണ്‌ തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്‌. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു.

കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ നമ്മള്‍ വഹിച്ച പങ്ക്‌ അളക്കാനുള്ള ഉപകരണമാണല്ലോ കണ്ണാടി. സുഹൃത്തുക്കള്‍ കൊണ്ടുവന്ന കണ്ണാടിയിലേക്ക്‌്‌ ഒന്നുനോക്കിയപ്പോഴേക്കും മനുഷ്യനില്‍ നി്‌ന്നും കുരങ്ങിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സാദ്ധ്യതയാണ്‌ തെളിഞ്ഞുവന്നത്‌. ഒപ്പം ഒരു ഗണപതിക്കല്യാണത്തിന്റെ അനന്തസാദ്ധ്യതകളും.

രാത്രി വെളിച്ചത്തില്‍ തിരഞ്ഞെടുത്ത നല്ല ചന്ദനക്കളര്‍ ഷര്‍ട്ട്‌ പുറപ്പെടുന്ന ശുഭമുഹൂര്‍ത്തത്തില്‍ കാക്കിയായി രൂപാന്തരം പ്രാപിച്ചത്‌ ആരും വലിയ പ്രശ്‌നമാക്കിയില്ല. കോലം വച്ച്‌ തങ്ക അങ്കി ചാര്‍ത്തിയിട്ടും കാര്യമില്ലെന്നതുകൊണ്ടായിരിക്കണം ആര്‍ക്കും അതൊരു പ്രശ്‌നമാവാതിരുന്നത്‌.

എന്നാലും കിട്ടിയാലൊരു പെണ്ണ്‌ പോയാലൊരു നോട്ടം എന്നും കണക്കാക്കി ഷൈജുവിന്റെ മുന്തിയ ബജാജ്‌ ഓട്ടോയില്‍ തന്നെ പുറപ്പെട്ടു. ഇടത്ത്‌ രമേശനും വലത്ത്‌ ബാബുവേട്ടനുമായി വണ്ടി കുതിച്ചുപായുമ്പോള്‍ ചിന്ത കാടുകയറി. കാരണമുണ്ട്‌. ഏതാണ്ടൊരു കൊല്ലം മുമ്പേ ഒരു വട്ടം അന്വേഷണം കഴിഞ്ഞതായിരുന്നു. നമ്മുടെ പിതാവും പുള്ളിക്കാരിയുടെ പിതാവും തമ്മില്‍ നേരിട്ടൊരു കൂടിക്കാഴ്‌ച.

അവളുടെ അച്ഛന്‍ സത്യം പറഞ്ഞു "ഇപ്പം കഴിച്ചോട്‌ക്കാന്‍ യാതൊരു ഗതിയൂല്ല മാഷേ". "ഒരു ഗാന്ധിക്കടലാസുവരെ എന്റടുത്തുമില്ല. അപ്പോള്‍ രജിസ്‌ട്ര്‌്‌ കഴിച്ചുതെരുമോന്നു ചോദിച്ചുനോക്ക്‌". താമസിയാതെ അച്ഛന്റെ പ്രതികരണവും വന്നു. "അതു രണ്ടു തറവാട്ടുകാര്‍ക്ക്‌ സംസാരിക്കാന്‍ പറ്റുന്ന കാര്യല്ല, താന്‍തന്നെ പോയി പറയുന്നതായിരിക്കും നല്ലത്‌". ശുഭം.

പിന്നീടൊരു വര്‍ഷം കഴിഞ്ഞപ്പോവാണവര്‍ അവളെ കെട്ടിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തിയതും അവരുടെ ഒരു സുഹൃത്തുവഴി നമ്മുടെ വീട്ടുകാരെ വിവരമറിയിച്ചതും. ഒരു കൊല്ലമായി്‌ട്ടും പഹയന്‌ പെണ്ണുകിട്ടാന്‍ സാദ്ധ്യതയില്ലെന്നൊരു ധാരണ അവര്‍ക്കുണ്ടായിരുന്നുവോ എന്ന സംശയം ഉള്ള ആത്മവിശ്വാസത്തെയും കാലപുരിക്കയച്ചു.

ഇനി പെണ്ണ്‌ ഇങ്ങിനെ വല്ല ചോദ്യവും ഉന്നയിച്ച്‌ നമ്മളെ ഹലാക്കാക്കുമോ എന്നോര്‍ത്തപ്പോള്‍ വന്ന ചില്ലറവിയര്‍പ്പാകട്ടെ ഷര്‍ട്ടില്‍ ചാറ്റല്‍ മഴ വീണ പരുവവുമാക്കി. എല്ലാം കൂടി ഒരു വിധത്തില്‍ അവളുടെ വീട്ടിനുമുന്നില്‍ ഓട്ടോനിന്നപ്പോള്‍ ചില്ലറ ധൈര്യമൊക്കെ സംഭരിച്ച്‌ ഇറങ്ങി. എന്തെങ്കിലും ചെയ്യേണ്ടേ എന്നുതോന്നിയപ്പോള്‍ ഒന്നു സമയം നോക്കാമെന്നു കരുതിയപ്പോള്‍ വാച്ചുമില്ല.

അങ്ങിനെ മുറ്റത്തുനിന്നും കോലായിലേക്ക്‌ കാലെടുത്തുവെക്കുമ്പോള്‍ അവളുടെ അച്ഛന്‍ അകത്തുനിന്നും ഇറങ്ങിവന്നു. കോലായില്‍ ബിരിയാണിച്ചെമ്പിന്‌ കല്ലുവച്ചപോലെ മൂന്നു കസാരയിട്ടിട്ടുണ്ട്‌. കുറച്ചകലെയായി ഒരു ബഞ്ചും. സാമാന്യം വലിയ ഗര്‍ത്തങ്ങളൊക്കെയായി ലക്ഷണമൊത്ത ഒരു ഫസ്റ്റ്‌ ജനറേഷന്‍ ബഞ്ച്‌.

മൂപ്പര്‍ എല്ലാവരെയും ഒന്നുനോക്കി. കൂടെയുള്ളവരോടൊക്കെ ഇരിക്കാന്‍ പറഞ്ഞു. പിന്നെ എന്നെയൊന്നു നോക്കി "ഡ്രൈവറേ ഇരിക്കേ". വാങ്ങുമ്പോ ചന്ദനക്കളറായിരുന്നെന്ന്‌ പറയാന്‍ നാവെടുക്കുമ്പോഴേക്കും ബാബുവേട്ടന്‍ ഇടപെട്ട്‌ ഡ്രൈവനെ വീണ്ടും പയ്യനാക്കി മാറ്റി.

അപ്പോഴേക്കും മൂപ്പര്‍ വിഷയത്തിലേക്കു കടന്നു. നേരെ ചൊവ്വേ. "എനിക്കു വലത്തേ കാതു കേള്‍വിക്കുറവുണ്ട്‌്‌. അതുകൊണ്ട്‌ നിങ്ങള്‍ പറയുന്നത്‌ ഉറക്കെ പറയണം". അതോടുകൂടി നാടുകടന്ന ആത്മവിശ്വസം തിരികെ പാഞ്ഞടുത്തു. വല്ല അബന്ധവും ഉച്ചത്തില്‍ ഉന്നയിച്ചാല്‍ മാത്രമേ പ്രശ്‌നമാവുകയുള്ളൂ. അല്ലെങ്കില്‍ പോലീസുകാരുടെ ആകാശത്തേക്കുള്ള നാലു റൗണ്ടായി ഒടുങ്ങിക്കൊള്ളും.

പെണ്ണു കോലായിലെത്തി. വെള്ളത്തില്‍ വടിവച്ചപോലെ ചുമരും ചാരിയൊരു നില്‌പ്‌. ഒറ്റ ശ്വാസത്തില്‍ മൂന്നുനാലഞ്ചു ചോദ്യം അങ്ങോട്ടു ചോദിച്ചു. ചോദിച്ചതിലൊരു രണ്ടേ ശോദ്യായിട്ടുണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം റിപ്പീറ്റേഷാണെന്നു മനസ്സിലായത്‌ പിന്നീടാണ്‌.

ഒരു കൊല്ലമായിട്ടും നമുക്ക്‌ പെണ്ണുകിട്ടാതിരുന്നതെന്താണെന്ന അവളുടെ ഒടുക്കത്തെ ചോദ്യം പ്രതീക്ഷിച്ച്‌ അന്തംവിട്ടു നില്‌്‌ക്കുമ്പോള്‍ മൂപ്പരൊന്നു ചിരിച്ചു. ആശ്വാസമായി. ഇനി ഒരു ചോദ്യത്തിനും സാദ്ധ്യതയില്ല. പിന്നെ സധൈര്യം നമ്മളെപ്പറ്റി എന്തെങ്കിലും അറിയണോന്നു ചോദിച്ചു. ഇനി അറിഞ്ഞിട്ടും വല്യ കാര്യോന്നൂല്ല എന്ന മട്ടില്‍ മുഖം കൊണ്ടൊരു പ്രതികരണം.

ഒന്നുകില്‍ ആണുങ്ങളെപ്പറ്റി അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല അല്ലെങ്കില്‍ നമ്മുടെ ശീട്ട്‌ കീറി എന്നു തല്‌ക്കാലം കരുതുകയേ രക്ഷയുള്ളൂ. നമ്മളെപ്പറ്റി വല്ലതും അന്വേഷിക്കണമെങ്കില്‍ ഒരു മേല്‍വിലാസം വേണമല്ലോ എന്നുള്ളതുകൊണ്ട്‌ ഒരു കടലാസില്‍ കുറിച്ചുകൊടുക്കുമ്പോഴാകട്ടെ രണ്ടു കൈയ്യും കൂട്ടി ഗുരിക്കള്‍ ഓലയിലെഴുതുന്നപോലെ എഴുതേണ്ട അവസ്ഥ. കൈക്കൊരു വിറയല്‍. അഭിമാനം കരുതി പേടികൊണ്ടല്ല വാതത്തിന്റെ വിറയാണെന്ന്‌ പറയാന്‍ നാവോളമെത്തിയത്‌ നല്ലകാലത്തിന്‌ നാവുതാണുപോയതുകൊണ്ട്‌ പുറത്തുംവന്നില്ല. ഹാവൂ രക്ഷപ്പെട്ടു.

ഒരു വിധം ദൗത്യം കഴിഞ്ഞു വണ്ടിയില്‍ കയറിയപ്പോഴേക്കും പെണ്ണിനെ ഇഷ്ടപ്പെട്ടവിവരം വീട്ടുകാരെ മൊത്തമായും നാട്ടുകാരെ ചില്ലറയായും അറിയിക്കുന്ന പണി രമേശന്‍ വൃത്തിയായി നിര്‍വ്വഹിച്ചു. പൂര്‍വ്വാശ്രമത്തില്‍ അവള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴും പിന്നീട്‌ ട്രെയിനി ആയിരുന്നപ്പോഴത്തെയും കാലം അന്വേഷണവിധേയമാക്കി മറുപടി കൊടുക്കാം എന്നൊരു നിര്‍ദ്ദേശം ഐകകണ്‌ഠ്യേനയാണ്‌ തള്ളിപ്പോയത്‌.

നമ്മുടെ പൂര്‍വ്വാശ്രമവുമന്വേഷിച്ച്‌ അക്കൂട്ടര്‍ നാടുചുറ്റിയാലുള്ള അവസ്ഥ ഒരു നിമിഷം ഒന്നാലോചിക്കുകയേ വേണ്ടിവന്നുള്ളൂ.അങ്ങിനെ ചില്ലറദിനങ്ങള്‍ കഴിയുമ്പോഴേക്കും ഇതിലും യോഗ്യനായ ഒരാളെ കിട്ടാനില്ലെന്ന ഉത്തമബോദ്ധ്യം വന്നതുകൊണ്ടായിരിക്കണം അവളുടെ അമ്മാവന്‍ ആ ഞെട്ടിച്ച വാര്‍ത്തയുമായെത്തി.

2001 നവമ്പര്‍ നാലിന്‌ നിത്യകാമുകി വന്നുകയറി. ഇടതുവശം ചേര്‍ന്നുനടക്കുന്ന നിത്യന്റെ ഒരാഗ്രഹം സാധിച്ചില്ല. എല്ലാവരുടെയും അഭിപ്രായപ്രകാരം അവള്‍ വലതുകാലുതന്നെയെടുത്തുവച്ചു. ഇപ്പോ ഒരാളുകൂടി. അച്ഛന്‍ കഷായം കുടിച്ചശേഷം ഇപ്പോ സുഖമുണ്ടെന്നു പറഞ്ഞപ്പോള്‍ മൂപ്പരുടെ ക്ലാസിക്‌ പ്രതികരണം കേട്ടു. "മന്ന്‌ കുടിക്കുമ്പോ സുഖല്ലടാ വേണ്ട രസാ വേണ്ടത്‌‌".