Wednesday, July 2, 2008

ഇളയച്ഛന്റെ കാലും നിത്യന്റെ കുഴമ്പും

ഒരു നെടുനീളന്‍ പവര്‍കട്ടുകൊണ്ട്‌ അനുഗൃഹീതമായ പകലിന്റെ അന്ത്യം കുറിക്കാനെത്തിയ സന്ധ്യ മരണത്തിലേക്കു കാലെടുത്തുവച്ചു. മുറിക്കകത്തെ കൂരിരുട്ടില്‍ മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ചെറിയ ചെറിയ കാര്യങ്ങള്‍, അപ്പപ്പോള്‍ അണ്ണാക്കിലേക്ക്‌ വല്ലതും എത്തിക്കേണ്ടത്‌, കിഴക്കോട്ട്‌ വിളിച്ചാല്‍ പടിഞ്ഞാറോട്ട്‌ പോകുന്ന ചെക്കനെ രണ്ടക്ഷരം പഠിപ്പിക്കല്‍ ആദിയായ നിസ്സാര കാര്യങ്ങളുടെ ചുമതല മാത്രമേ നിത്യകാമുകിക്കുള്ളൂ. ബുഷ്‌-സദ്ദാം ഇടപാടുകള്‍, ആണവോര്‍ജം, സ്വാശ്രയ മാനേജുമെന്റും പരാശ്രയ വിദ്യാര്‍ത്ഥികളും ആദിയായ ഭയങ്കര പ്രശ്‌നങ്ങളൊക്കെ നിത്യന്‍ ഒറ്റയ്‌ക്കാണ്‌ പരിഹരിച്ചുകളയുക.

അപ്പോഴാണ്‌ മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം, വേഗം ടോര്‍ച്ചും കൊണ്ടു വാ, ദിവന്‍ വീണൂന്നാ തോന്നുന്നേ". ദിവന്‍ എന്നാല്‍ ദിവാകരന്‍, എന്റെ ഇളയച്ഛന്‍. എന്റെ ഇളയച്ഛനായതുകൊണ്ട്‌ വീഴാതിരിക്കാനുള്ള സാദ്ധ്യതളൊന്നുമില്ല. അതുകൊണ്ട്‌ മദ്ധ്യേഷ്യക്കാരോട്‌ തല്‌ക്കാലം അടങ്ങിയിരിക്കുവാന്‍ പറഞ്ഞ്‌ പെട്ടെന്നുതന്നെ മുറ്റത്തെത്തി.

അമ്മ, ഇളയമ്മ, നിത്യകാമുകി എല്ലാവരും അടുത്തുണ്ട്‌. ഇളയച്ഛന്‍ വീണിടത്തുനിന്നും പതുക്കെ എഴുന്നേറ്റിരുന്നതാവണം. മുറ്റത്തുതന്നെയാണിരിപ്പ്‌. ഒരു ഭഗവതി പോസില്‍. പീഠമില്ലെന്നൊരു കുറവേയുണ്ടായിരുന്നുള്ളൂ. ഒരുവിധം കഷ്ടിച്ച്‌ നടക്കാന്‍ പഠിച്ചുവരുന്ന നിത്യപുത്രന്‍ മൂപ്പര്‍ക്കുചുറ്റും നൃത്തം ചെയ്യുന്നതുകണ്ടപ്പോള്‍ വീണയാളടക്കം ചിരിച്ചുപോയത്‌ ടെന്‍ഷന്‍ ഒന്നു കുറച്ചു.

"ഇരുട്ടത്തു പോണ്ടാ പോണ്ടാന്നു ഞാനെത്ര പറഞ്ഞതാ. അതുകേട്ടാലെങ്ങന്യാ. അപ്പോ കൊറഞ്ഞുപോയില്യേ. പറേന്നതു കേക്കാന്‍ നിക്കാതെ പാത്രം കൊണ്ടോടി. ഇങ്ങേര്‌ വെള്ളം കൊണ്ടേന്നിറ്റാണോ ഇന്നുവരെ കുളിച്ചേ". അപ്പോ സംഗതിയുടെ ചിത്രം ഏതാണ്ട്‌ വ്യക്തമായി. അതായത്‌ കിലുക്കത്തിലെ തിലകനെ തോല്‌പിക്കുന്ന ഒരു പ്രകടനം ഇളയച്ഛന്‍ കാഴ്‌ചവെച്ചു.

എന്നാല്‍ അങ്ങിനെ ഘനഗംഭീരമായി വീണതിന്റെ അഹങ്കാരമൊന്നും ആ മുഖത്ത്‌ അപ്പോള്‍ കണ്ടതേയില്ല. അതേ സമയം കാലിന്റെ വേദന മുഖത്ത്‌ ലേശം പ്രതിഫലിക്കുന്നുമുണ്ട്‌. നടക്കാന്‍ കഴിയുന്നുമില്ല.

മുറ്റത്തെ സംസാരമെല്ലാം കേട്ട്‌ അകത്തുനിന്ന്‌ അച്ഛന്‍ വിളിച്ചുപറഞ്ഞു, "കാലിന്‌ വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ നടക്കാന്‍ നോക്കരുത്‌ പോയി ഡോക്ടറെ കാണിക്കണം."

ഇല്ലച്ഛാ, അത്ര കുഴപ്പമൊന്നുമില്ല. എന്തോ ഉളുക്കിപ്പോയതോ മറ്റോ ആണ്‌. അതിപ്പോ ശരിയാക്കാം.

പൊതുവേ എന്നെപ്പറ്റി നല്ല മതിപ്പായിരുന്നതുകൊണ്ടായിരിക്കണം "ദയവായി ഞ്ഞിയൊന്നും ചെയ്യണ്ടാ" ഉള്ള ശ്വാസത്തില്‍ അച്ഛന്‍ വിളിച്ചുപറഞ്ഞു.

"ഇല്ല കുഞ്ഞാട്ടാ ഇത്‌ അത്രക്കൊന്നൂല്ല. ഒന്നു കൊഴമ്പിട്ടു തടവിയാല്‍ പോന്ന കേസേയുള്ളൂ". ഇളയച്ഛന്റെ പ്രതികരണം കൂടി വന്നപ്പോള്‍ പിന്നെന്തു താമസം.

കൊണ്ടുവാ പ്രിയേ കൊയമ്പും തൈലങ്ങളും. പറഞ്ഞുതീരേണ്ടതാമസം സംഗതികള്‍ റെഡി. കളരിപരമ്പരദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ഒരഞ്ചുമിനിറ്റു നീണ്ട സാമാന്യം ഭേദപ്പെട്ട ഒരു കുഴമ്പുപ്രയോഗം. ആള്‍ വേദനകൊണ്ട്‌ തുള്ളിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം നിത്യന്‌ സധൈര്യം പ്രഖ്യാപിച്ചു : ഒരു കോയപ്പോം ഇല്ല. സംഗതി ഉളുക്കിയതാണ്‌. നില്‌ക്കാന്‍ പറ്റാത്തയാളെ ലേശം കൊയമ്പുകൊണ്ട്‌ തുള്ളിച്ചില്ലേ ഞാന്‍. വല്യ കൊയപ്പമില്ലെന്നു കേട്ടതോട ഇളയമ്മ പറയാന്‍ ബാക്കിവെച്ചതുകൂടെ കിട്ടിയ ചാന്‍സിന്‌ പാസാക്കി. ചക്കവീണിറ്റ്‌ എന്നും മുയല്‌ ചാവണമെന്നില്ലല്ലോ. അപ്പോ വീണതിന്റെ തലയ്‌ക്കിട്ട്‌ ഒന്നുകൂടി കൊടുക്കുകയാണ്‌ എന്തുകൊണ്ടും നല്ലത്‌.

ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക്‌ നിത്യന്‍ പ്രവേശിക്കുന്നത്‌ ഭയങ്കര ആദരവോടെ നിത്യകാമുകിയടക്കം ആളുകള്‍ നോക്കിക്കാണുന്നു. ഏളേച്ഛാ ഒന്നു നടന്നാട്ടേന്നും പറഞ്ഞ്‌ പതുക്കെ ലാംബ്രട്ട ഓട്ടോന്‌ കൈവെക്കുന്നപോലെ ചെറിയൊരു തള്ള്‌. പിന്നെ ആ നടത്തം നിര്‍ത്തിക്കിട്ടാന്‍ പെട്ടൊരു പാട്‌. ഒടുവില്‍ പിടിച്ചുനിര്‍ത്തി.

ആ റൗണ്ട്‌ വിജയകരമായശേഷം എളേച്ഛന്‍ ദയനീയമായൊന്നു ചിരിച്ചു. "ഇപ്പോ ചെറിയ വേദനേയുള്ളൂ".

"പറഞ്ഞാ കേള്‍ക്കാത്ത നിങ്ങളെന്തെങ്കിലും ചെയ്‌തുകൂട്ടീന്‍ വിഡ്ഡികളെ"എന്നൊരു സ്റ്റേയ്‌റ്റ്‌മെന്റ്‌ അച്ഛന്റേതായി വന്നെങ്കിലും അതു ഇത്രയും നേരം കൊണ്ടുണ്ടായ മകന്റെ ഓര്‍ത്തോ ഇമേജില്‍ തട്ടി താഴെവീണു.

ശങ്കരാടി ഒരു സിനിമയില്‍ മോഹന്‍ ലാലിന്റെ മസിലില്‍ ചൊട്ടിനോക്കിയിട്ട്‌ അസ്സല്‌ ഗൂര്‍ഖയാണെന്നു കണ്ടെത്തിയ പോലെ മുട്ടില്‍ ഒന്നു കൊട്ടിനോക്കി തകരാറൊന്നുമില്ലെന്ന്‌ നമ്മളും കണ്ടെത്തി.
ഏളേച്ഛാ ഇനി ചെറുങ്ങനെ ഒന്നോടണം.
'എടാ ഈ ഇരുട്ടത്ത്‌ ഇനി അതു വേണോ?'
നാളേക്ക്‌ കാല്‌ ശരിയാവണമെങ്കില്‍ ഇപ്പോ ഒന്ന്‌ ഓടുന്നതാണ്‌ നല്ലത്‌.
'മുറ്റത്തെ വെളിച്ചത്ത്‌ ഇങ്ങക്ക്‌ നല്ലോണൊന്നങ്‌ഹ്‌ ഓട്യാലെന്താവെരുന്നേ' ഇളയമ്മയുടെ ശബ്ദം മുഴങ്ങി.

ഓട്ട പ്രദക്ഷിണം കൂടി കഴിഞ്ഞു. ബാക്കി കുഴമ്പും കൂടി പുരട്ടാന്‍ വേറെ സ്ഥലമൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ മുട്ടില്‍ തന്നെ പ്രയോഗിച്ചു.

അപ്പോഴാണ്‌ നിത്യകാമുകിയുടെ വക ശക്തമായ ഒരഭിപ്രായം വന്നത്‌. "പണ്ട്‌ ഞമ്മളെല്ലം ചെറുതായേരം വീണാല്‍ അച്ഛന്‍ കാലില്‍ ചവുട്ടിപ്പിടിച്ച്‌ ഒന്നു വലിച്ചുനീര്‍ക്കുന്ന പതിവുണ്ട്‌"
ആയൊരു ചികിത്സ വിട്ടുപോയ കാര്യം നിത്യനുമപ്പോഴാണ്‌ ഓര്‍മ്മവന്നത്‌. അതുകേട്ടപാടെ ഉള്ള ശക്തിയില്‍ സ്ഥലം വിടുവാന്‍ ഏളേച്ഛന്‍ ഒരുങ്ങിയെങ്കിലും ചുറ്റിലുമുള്ള അഭ്യുദയകാംക്ഷികളുടെ സ്‌നേഹമസൃണമായ ശാസനയില്‍ വീണു.

ഏളേച്ഛനെക്കാളും ലേശം നീളമുണ്ടായിരുന്നതുകൊണ്ട്‌ ആ ചവുട്ടി നീളം വലിക്കില്‍ ചികിത്സ ഭംഗിയായി നടത്തുവാനും കഴിഞ്ഞു.

എളേച്ഛാ ഇപ്പോ എങ്ങിനെയുണ്ട്‌? മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ഒരൊറ്റ ഭാവം. പിന്നെ ഒരു നേരിയ ചിരി.

എന്നാ ഇനി പോവ്വാ. ഇളയമ്മ പോവാന്‍ റെഡിയായി. അടുത്തടുത്താണ്‌ വീടുകള്‍. എളേച്ഛന്‍ പതുക്കെ നീങ്ങിയങ്ങുപോയി. കാറ്റത്തെ തേക്കില പോലെ കുറച്ചുസമയം പിടിച്ചു അങ്ങെത്താന്‍ എന്നുമാത്രം.

മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ ബാക്കി നാളെ പരിഹരിക്കാമെന്നു തീരുമാനിച്ചു. ഒരു അസ്ഥിരോഗവിദഗ്‌ദ്ധന്റെ പണിയെടുത്ത ചാരിതാര്‍ത്ഥ്യത്തോടുകൂടി കിടക്കയിലേക്ക്‌ മലര്‍ന്നുവീണു.

കോലായില്‍ നിന്നും അമ്മയും ഇളയമ്മയും തമ്മിലുള്ള സംസാരം കേട്ടുകൊണ്ടാണ്‌ ഉണര്‍ന്നത്‌. "എടാ എളേച്ഛന്റെ കാലിന്‌ വേദനകൂടീറ്റ്‌ രാത്രി ഏട്ടനെ വിളിച്ചുവരുത്തീനേനും. എല്ലിന്‌ തകരാറുള്ളതോണ്ടാപോലും ഇങ്ങിനെ പൊര പോല കാല്‌ ബീങ്ങ്യത്‌"
ഇല്ല. നിത്യകാമുകി പരിസരത്തെങ്ങുമില്ല. ഇന്നലെ കിടക്കയില്‍ വച്ച്‌ മര്‍മ്മചികിത്സ പണ്ടേയറിയാം ആയുര്‍വേദവും ലേശം പഠിച്ചിട്ടുണ്ടെന്നെല്ലാം തട്ടിവിട്ടതുകൊണ്ടുണ്ടായ ബഹുമാനം ചില്ലറയല്ല.

ഇപ്പോ വീങ്ങീറ്റുണ്ടോ?
എഞ്ചാതി വീക്കം.
അതെന്തേനും പിന്നെ എന്നെ വിളിക്കാഞ്ഞത്‌?
"ഇന്ന വിളിക്കണ്ടാന്ന എളേച്ഛന്‍ പ്രത്യേകം പറഞ്ഞിട്ട്‌ാ. രാത്രിത്തന്നെ വല്ലാണ്ട്‌ കഷ്ടപ്പെട്ടതാ. ഉറങ്ങിക്കോട്ടേന്ന്‌ പറഞ്ഞു".
ചെന്നുനോക്കുമ്പോള്‍ എളേച്ഛന്‍ കട്ടിലിലതാ ആലിലയില്‍ കൃഷ്‌ണന്‍ കിടന്നപോലെ. കാലെല്ലാം കൂടി മൊത്തത്തില്‍ ഒരു മണ്ണന്‍ വാഴയുടെ ഷെയ്‌പ്‌. മുട്ട്‌, കാല്‍, കണങ്കാല്‍ അങ്ങിനെ വകഭേദങ്ങളൊന്നുമില്ലാതെ ഒരേയൊരു കാല്‍.

"ഏടാ നമുക്കൊന്നു എല്ലിന്റെ ഡോക്ടറെ കാണിക്കണം. കാലനക്കാന്‍ പറ്റുന്നില്ല. എല്ലിന്റുള്ളിന്നാനെങ്കില്‍ കുത്തിപ്പറിക്കുന്നുമുണ്ട്‌്‌്‌. പ്രഭ പറേന്നത്‌്‌ എല്ല്‌ പൊട്ടീട്ടുണ്ടെന്നാ."
അതെന്ന്യായിരിക്കും ശരി. പ്രഭേട്ടന്‍ കളരിഗുരിക്കളല്ലേ. അടുത്തില്ലെന്നു വിചാരിച്ച മഹതിയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. ആദ്യത്തെ കൂറുമാറ്റം. എന്തുചെയ്യാം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്നല്ലേ. അങ്ങിനെ പ്രഭേട്ടനും ഞാനും കൂടി എളേച്ഛനെ താങ്ങിയെടുത്ത്‌ ആശുപത്രിക്കുവിട്ടു.

'എക്‌സ്‌ റേ എടുത്തുവാ', ഡോക്ടര്‍ കാലൊന്നുനോക്കിയശേഷം മൊഴിഞ്ഞു.
അപ്പോ അതെടുക്കാത്ത ഒരു കുഴപ്പമേ നിത്യനു പറ്റിയിട്ടുള്ളൂ എന്നാരോടു പറയാന്‍?
ആ കുന്ത്രാണ്ടം കിട്ടിയതും ഡോക്ടര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതെന്താ പോലീസ്‌റ്റേഷനോ ധര്‍മ്മാശുപത്രിയോ ന്നെല്ലാം ചോദിക്കണമെന്നുണ്ടായിരുന്നു. എളേച്ഛന്റെ കാലിനെ കണക്കിലെടുത്ത്‌ തല്‌ക്കാലം വേണ്ടെന്നു കരുതി.

വീണതാണല്ലേ?
അതേ. ഇന്നലെ രാത്രി. പ്രഥമ ശുശ്രൂഷ അപ്പോ തന്നെ എടുത്തു.
എന്തു ചെയ്‌തു?
കൊയമ്പിട്ടു തടവി.
പൊട്ടിയ മുട്ടുചിരട്ട ഏത്‌ വിഡ്ഡിയാ തടവിയത്‌?
മൂപ്പരുടെ ഏട്ടന്റെ മോനാ, ഞാന്‍ പതുക്കെ പറഞ്ഞു. അല്ലാ അതുകൊണ്ട്‌ വല്ല പ്രശ്‌നോം?
"ഇവനെയെല്ലാം പിടിച്ചു രണ്ടു പൊട്ടിക്ക്യാ വേണ്ടത്‌." മൂപ്പര്‍ തുടര്‍ന്നു. "എക്‌സ്‌റേയില്‍ തെളിയുന്നില്ല, ഇനിയിപ്പോ മുട്ടിന്റെ ചിരട്ട എവിടെയാണെന്നറിയാന്‍ ഒരു സ്വര്‍ണപ്രശ്‌നം വെക്കേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌.
ഇനി ഇവിടെ കെടക്കട്ടെ കുറച്ചുനാള്‍.
ഒരു വണ്ടിയിലിരുത്തി എളേച്ഛനെ നല്ലൊരു കട്ടിലില്‍ കൊണ്ടുപോയി കണ്ണാടിച്ചില്ല്‌ നില്‌ത്തുവെക്കുന്ന ശ്രദ്ധയോടെ കിടത്തി. മൂപ്പര്‍ ഏകാഗ്രതയോടെ ഫാനിനെ ഇപ്പം ശരിയാക്കിത്തരാന്നുള്ള മട്ടില്‍ നോക്കിപ്പേടിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, നമ്മള്‍ക്ക്‌ നല്ല ഡോക്ടറെ കിട്ടിയതുകൊണ്ട്‌ പേടിക്കാനില്ല.
"്‌അല്ലെങ്കിലുമെന്ത്‌ പേടി, ഞ്ഞി വീട്ടില്‍ പോയ്‌ക്കോ. ഞാനിവിടെ കിടന്നോളാം."
ദിവനെങ്ങനെയുണ്ടെടാ? വീട്ടില്‍ കയറിയപാടെ അച്ഛന്‍ ചോദിച്ചു.
വീണപാടെ പ്രഥമശുശ്രൂഷ കിട്ടിയതുകൊണ്ട്‌ രക്ഷപ്പെട്ടു.



16 comments:

NITHYAN said...

ചെന്നുനോക്കുമ്പോള്‍ എളേച്ഛന്‍ കട്ടിലിലതാ ആലിലയില്‍ കൃഷ്‌ണന്‍ കിടന്നപോലെ. കാലെല്ലാം കൂടി മൊത്തത്തില്‍ ഒരു മണ്ണന്‍ വാഴയുടെ ഷെയ്‌പ്‌. മുട്ട്‌, കാല്‍, കണങ്കാല്‍ അങ്ങിനെ വകഭേദങ്ങളൊന്നുമില്ലാതെ ഒരേയൊരു കാല്‍.

Cartoonist said...

പറയാതിരിക്കാനാവുന്നില്ല, നിത്യാ.
കലക്കന്‍ ഭാഷ. രസ്സ്യന്‍ കഥാപാത്രങ്ങളെ ഇതില്‍ത്തന്നെ വേണം അവതരിപ്പിക്കാന്‍..

തല്‍ക്കാലം ഞാനൊന്നു നന്നായി വരട്ടെ !

ശ്രീ said...

ഹെന്റെ മാഷേ.... ശരിക്കു ചിരിപ്പിച്ചൂട്ടോ. ആ പാവത്തിനെ ഒരു വഴിയ്ക്കാക്കി, അല്ലേ?
;)

“എളേച്ഛാ ഇപ്പോ എങ്ങിനെയുണ്ട്‌? മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ഒരൊറ്റ ഭാവം. പിന്നെ ഒരു നേരിയ ചിരി.”
“പൊട്ടിയ മുട്ടുചിരട്ട ഏത്‌ വിഡ്ഡിയാ തടവിയത്‌?
മൂപ്പരുടെ ഏട്ടന്റെ മോനാ, ഞാന്‍ പതുക്കെ പറഞ്ഞു.”

നല്ല രസകരമായി എഴുതിയിരിയ്ക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

തകര്‍പ്പന്‍... നിത്യന് ഇങ്ങനേം എഴുതാനറിയാമല്ലെ. അടുത്ത കാലത്തൊന്നും ഇങ്ങനെ തലയറിഞ്ഞ് ചിരിച്ചിട്ടില്ല.

Manikandan said...

നിത്യന്‍‌ജി ചിരിക്കാതെ തരമില്ല. പാവം ഒത്തിരി വേദന അനുഭവിച്ചുകാണും. ഇതിനു ഒരു അടിക്കുടിപ്പ്‌ മുറി വൈദ്യന്‌............
ഇളയച്ചന്‍‌ വേഗം സുഖം പ്രാപികട്ടെ എന്നാശംസിക്കുന്നു.

siva // ശിവ said...

വല്ലാതെ ചിരിച്ചൊ പോയി...ഹെ...ഹേ...

സസ്നേഹം,

ശിവ

പാമരന്‍ said...

:) ചിരിപ്പിച്ചു കൊന്നല്ലോ മുറിവൈദ്യാ..

Mr. K# said...

ഹ ഹ കലക്കന്‍ :-)

തോന്ന്യാസി said...

ഒരു നെടുനീളന്‍ പവര്‍കട്ടുകൊണ്ട്‌ അനുഗൃഹീതമായ പകലിന്റെ അന്ത്യം കുറിക്കാനെത്തിയ സന്ധ്യ മരണത്തിലേക്കു കാലെടുത്തുവച്ചു

തൊടക്കം തന്നെ പെടച്ചു.......പിന്നങ്ങ്‌ട്ട് കത്തിക്കേറീല്ലേ...........

പോസ്റ്റിന്റെ അവസാനം ഒരു ഗുണപാഠം കൂടെ കൊടുക്കാമായിരുന്നു

മുറിവൈദ്യന്‍ ആളെക്കൊല്ലി

ബഹുവ്രീഹി said...

hahaha .. rasikan post.

krish | കൃഷ് said...

haha..
:)

Shabeeribm said...

super!!

തമനു said...

മൂന്നു പോസ്റ്റുകളും ഇന്നാണു് വായിക്കുന്നതു് (നന്ദ്രികള്‍ കണ്ണൂരാനേ..:)

പൊളപ്പന്‍ എഴുത്തു്..
:)

വേണു venu said...

മൂന്നു പോസ്റ്റും വായിച്ചു.
ഹാസ്യ ഭാഷയില്‍ വിളയിച്ചെടുത്ത പൊട്ടിച്ചിരിപ്പിക്കുന്ന കൊച്ചു കൊച്ചു ദൃശ്യങ്ങള്‍.
അതിര്‍ത്തിയില്‍ നിന്നു വരുന്ന പട്ടാളക്കാരനും അതിലെ അതിര്‍ത്തിയ്കു നല്‍കിയ ഹാസ്യ മാനങ്ങളും പ്രത്യേകം ശ്രദ്ധിച്ചു.:)

ജയരാജന്‍ said...

എല്ലാ പോസ്റ്റും രസിച്ച് വായിച്ചു നിത്യന്‍ജീ; ഇതാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത് :)
അപ്പോ കൊയമ്പ് തേച്ചാല്, എക്സ്റേയില്‍, മുട്ടിന്റെ ചെരട്ട പൊട്ട്യേത് കാണാതാവ്വോ?

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

thakarthu mashe........
iniyum tharuu chirikkaanulla vakakal...................