Monday, July 29, 2019

ഞാനാരാ മോന്‍- ഒരു അടിയന്തിരാത്മകഥ

സത്യം, എന്റെ ഡബ്ള്‍ ബാരല്‍ പെന്നാണെ സത്യം, ഇന്ത്യയില്‍ ഇന്ന് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയല്ല, അടിയന്തിരാവസ്ഥ തന്നെയാണ്. നിങ്ങളില്‍ പലരും കേട്ട,  ഒരു അടിയന്തിരാവസ്ഥ പണ്ടുണ്ടായിരുന്നു. ഇന്നത്തെ അടിയന്തിരാവസ്ഥയുടെ ഒരു ബോണ്‍സായി, അല്ലെങ്കില്‍ ഒരു മിനി അടിയന്തിരാവസ്ഥ എന്നൊക്കെ പറയേണ്ട സാധനം. അതൊക്കെ ഒരു കാലം.   1975 മുതല്‍ 77 വരെ 19മാസം നീണ്ടുനിന്ന സംഗതി. വേണ്ട ബുദ്ധിയില്ലാത്ത കുറെയെണ്ണം അന്നു അടിയും വെടിയും കൊണ്ടു ചത്തുപോയി. ചാവാതെ ബാക്കിയായ മന്ദബുദ്ധികള്‍ ജയിലുവിടുമ്പോള്‍  സ്ഥിരനിക്ഷേപമായി കിട്ടിബോധിച്ച ക്ഷയത്തിന്റെ പലിശയായി നിത്യേന കിട്ടിയതു ചുമച്ചു തുപ്പി സുഭിക്ഷം ജീവിച്ചു, പിന്നെ ചത്തു. കാലനു വേണ്ടാത്ത ചില ജന്മങ്ങള്‍ ഇപ്പോഴും ചുമച്ചുകൊണ്ടിരിക്കുന്നു. 

അന്ത നല്ലകാലം ഞാന്‍ എവിടെയായിരുന്നു എന്നൊക്കെയാണു ചില വിഡ്ഢികള്‍ ഇന്ത കെട്ടകാലത്തു ചോദിച്ചുകളയുന്നത്. അവരെയാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. അക്ഷരവിരോധികളാണവര്‍. അങ്ങിനെയുള്ള വിഡ്ഢിച്ചോദ്യങ്ങള്‍ കേട്ടാല്‍ പുരോഗമനം അസ്ഥിക്കുപ്പിടിച്ച നമ്മളെന്താണു വേണ്ടത്?
നമ്മളവര്‍ക്കു മറുപടി കൊടുക്കണം എന്നായിരിക്കും തോന്നുന്നുണ്ടാവുക അല്ലേ?
പാടില്ല, മറുപടി ഒരു ശരാശരി വിഡ്ഢിയുടെ അഭയകേന്ദ്രമാണ്. കൊന്നാലും മറുപടി പറയരുത്. പിന്നെന്താണു ചെയ്യേണ്ടത്?
പരമാവധി ഉച്ചത്തില്‍ നമ്മളവരെ സംഘി എന്നു വിളിക്കണം. അതുകേട്ടാല്‍ തന്നെ ഒരുമാതിരിപ്പെട്ടവരൊക്കെയും അപമാനം സഹിക്കാനാവാതെ നേരെ പോയി സിഐഎ യില്‍ ചേരും. ശിഷ്ടകാലം സിഐഎ ചാരനായാല്‍ മതിയല്ലോ എന്നു കരുതി ആശ്വസിക്കും.

പിന്നെയും ചിലര്‍, ചെവികേള്‍ക്കാത്ത പരുവത്തിലുള്ള ചിലരു ബാക്കിയാവും.
സംഘീയെന്നു ഇടക്കു നീട്ടിവിളിച്ചതു കൊണ്ടൊന്നും കാര്യമില്ല.
മഹാകവി വള്ളത്തോളിനു കേള്‍വി ശക്തി നഷ്ടപ്പെട്ട കാലം.
പ്രസംഗത്തിനിടയില്‍ കൂക്കിവിളിക്കുന്നവരോടായി അദ്ദേഹം പറഞ്ഞതിങ്ങിനെ. ഭാഗ്യത്തിനു നിങ്ങള്‍ കൂക്കുന്നതു എനിക്കു കേള്‍ക്കുകയില്ല, എന്നാല്‍ ഞാന്‍ പറയുന്നതു മുഴുവന്‍ നിങ്ങളുതന്നെ കേള്‍ക്കുകയും വേണം. വെതര്‍ കൂക്കല്‍സ് ഓര്‍ നോട്, പറയാനുള്ളതു മുഴുവനും പറഞ്ഞേ ഞാന്‍ ഇറങ്ങുകയുമുള്ളൂ. അതാണു ചിലരുടെ നടപ്പുരീതി.
അപ്പോള്‍ നമ്മളെന്തു ചെയ്യണം?
അവിടെയാണ് അഖണ്ഡനാമജപം മാതൃകയാക്കി നമ്മള്‍ സംഘിവിളി നൂറ്റൊന്നാവര്‍ത്തിക്കേണ്ടത്.
ആവര്‍ത്തനത്തിന്റെ ഗുണമെന്താണ്?  ആരെയാണോ വിളിക്കുന്നതു, അവരതു കേള്‍ക്കുകയില്ലെങ്കിലും നമ്മളെക്കാള്‍ വിഡ്ഢികള്‍ക്കു അതുമതി.  സംഘിയുടെ രാമനാമജപത്തിന്റെ അതേ ഇഫക്ടാണ് നമ്മുടെ സംഘിനാമജപത്തിനും. സംഘി, സംഘി എന്നിങ്ങിനെ ജപിച്ചുകൊണ്ടിരുന്നാല്‍ വേറൊരു ചിന്ത തലയില്‍ കയറി ഹലാക്കാക്കുകയുമില്ല. ചൊറികുത്തിയിരിക്കുന്നവന്റെ തല പിശാചിന്റെ ആലയം എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. 

സത്യം പറഞ്ഞാല്‍ ഇക്കൂട്ടര്‍ മറുപടി അര്‍ഹിക്കുന്നില്ല. എന്നാലും ഞാന്‍ തെറ്റിദ്ധരിക്കപ്പെടാന്‍ പാടില്ലാത്തതുകൊണ്ടുമാത്രം, മറുപടി ഇങ്ങിനെ ചുരുക്കാം.
"എവിടെയായിരുന്നു നീ സഖേ  രാപ്പകല്‍
സൃഗാലങ്ങള്‍ ഓരിയിട്ട ആ ഭീകരരാത്രിയില്‍
ചാര്‍മിനാറിന്റെ ഫാസിസ്റ്റു കുറ്റിയില്‍
കാലുതട്ടി തുടയെല്ലുപൊട്ടിയ
കൂട്ടുകാരനെ ഓര്‍ത്തുവോ നീയന്നു പ്രിയേ"
എന്നു തുടങ്ങിയ ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ  നാലര ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ട എന്റെ നീണ്ടഗവിത വായിക്കാത്തവരാണവര്‍.

പഴമക്കാരോടു ചോദിച്ചാലറിയാം. ലക്ഷണമൊത്ത ഒരു ക്രൈസ്തവ സഭയുടെ കോളേജില്‍ വാദ്ധ്യാരായിരുന്നുകൊണ്ടാണ് അന്നു ഞാന്‍ അടിയന്തിരാവസ്ഥയെ ഭയങ്കരമായി നേരിട്ടത്. ഞാനും എന്റെ മുതലാളിമാരായ സഭയും ഘോരഘോരം അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാടിയ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് അജ്ജാതി സംശയങ്ങള്‍. ചരിത്രബോധം ഇല്ലാത്തതിന്റെ കുഴപ്പം വിവരം വച്ചതിന്റെ കഴപ്പായി ചിലര്‍ വ്യാഖ്യാനിച്ചുകളയും.

തെരുവില്‍ ആവശ്യത്തിനു ചോരയുള്ളപ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പിനെ പറ്റി എഴുതാന്‍ തോന്നിപ്പോയ ഒരു കാളരാത്രി. അന്നെന്നോടു തന്നെ പ്രതിഷേധിച്ചു ആ പാതിരാവില്‍ ഞാനെന്റെ  പെന്നു സഭയുടെ തിരുമേശമേല്‍ കുത്തിയൊടിച്ചു. പെന്നൊടിഞ്ഞ ഭീകരമായ ഒച്ചകേട്ടു ഞെട്ടി ഒരു മേനോനും മാരാരും കട്ടിലില്‍ നിന്നും താഴെ വീണ വിവരം എത്രയാളുകള്‍ക്കറിയാം?  നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഇല്ല. അതാണ്.  എനിക്കു പണ്ടേ പ്രശസ്തി ഒട്ടും ഇഷ്ടമില്ലാത്തതുകൊണ്ട് ഞാനിതൊന്നും പാടിനടക്കുന്നില്ല.

ഇനി 1996 മുതല്‍ 2006 വരെ ഞാന്‍ ആരായിരുന്നു എന്നുമറിയേണ്ട വിഡ്ഢികളുണ്ട്. വേണ്ട ബുദ്ധിയില്ലാത്തവര്‍. 1992ല്‍ സംഘപരിവാര്‍ ബാബറിമസ്ജിദ് പൊളിച്ചു താഴെയിട്ട ഒരു വമ്പിച്ച സാംസ്‌കാരിക പ്രവര്‍ത്തനം ഉണ്ടായിരുന്നല്ലോ? അതു കഴിഞ്ഞപ്പോള്‍ അതു ഫാസിസമാണെന്ന ചെറിയൊരു തെറ്റിദ്ധാരണകാരണം വടക്ക് അശാന്തിയുടെ ദിനരാത്രങ്ങളായിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണു 1996 മുതല്‍ 2006 വരെ ഞാന്‍  അക്കാദമി സിക്രട്ടറിയായി രൂപാന്തരം പ്രാപിച്ചത്.  അശാന്തമായ ആ അന്തരീക്ഷത്തെ സാംസ്‌കാരിക പ്രഘോഷണങ്ങളാലും ഇടപെടലുകളാലും കവിതകളിലൂടെയും മറ്റുമാണു നഷ്ടവസന്തത്തിലേയ്ക്കു തിരിച്ചു നടത്തിച്ചത് എന്നു എത്രപേര്‍ക്കറിയാം? 

സംഘികളുടെ തലതൊട്ടപ്പനും ഭയങ്കര കവിയുമായിരുന്ന പ്രധാനമന്ത്രി വാജ്‌പേയി ഞാനുള്ള കാലം ഇങ്ങളുതന്നെ അക്കാദമിയുടെ സിക്രട്ടറിയാവണം അല്ലെങ്കില്‍ ഞാനീ പ്രധാനമന്ത്രിപദം രാജിവെയ്ക്കും എന്ന ഒറ്റപിടുത്തമായിരുന്നു. ഒരു യവം അങ്ങോട്ടൂല്ല ഇങ്ങോട്ടൂല്ല. അന്നൊക്കെ പാസിസം അതുവഴി പോവുമ്പോ, എന്നോടു ചോദിക്കുമായിരുന്നു- ഞമ്മള് ഇതുവഴി പോവുന്നുണ്ട്, ഇങ്ങക്ക് ബുദ്ധിമുട്ടൊന്നൂല്ലല്ല്.

ബുദ്ധിജന്തുക്കളുടെ ധര്‍മ്മം ബുദ്ധിയില്ലാത്തവരെ ചിരിപ്പിച്ചു കൊല്ലുക കൂടിയാണ്. അതും ഒരു സാംസ്‌കാരികപ്രവര്‍ത്തനമായി വരവുവെച്ച് ഒരു നാലണ അവാര്‍ഡും ശിലാപ്പലകയും എനിക്കു തരാവുന്നതേയുള്ളൂ.




No comments: