പെണ്ണുകാണാന്‍ പോകാതെ പെണ്ണുകെട്ടണം എന്നതായിരുന്നു ജീവിതത്തിലെ ഒരാഗ്രഹം. അതിനു കോലം കൊഞ്ചം നന്നാവണം എന്നു തിരിച്ചറിവുണ്ടാവുമ്പോഴേക്കും ഘടികാരം മുപ്പതടിച്ചു.
പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന് മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ് ആകെയുള്ളൊരു വ്യത്യാസം . പെണ്ണ് തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു.
കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ നമ്മള്‍ വഹിച്ച പങ്ക് അളക്കാനുള്ള ഉപകരണമാണല്ലോ കണ്ണാടി. സുഹൃത്തുക്കള്‍ കൊണ്ടുവന്ന കണ്ണാടിയിലേക്ക്‌് ഒന്നുനോക്കിയപ്പോഴേക്കും മനുഷ്യനില്‍ നി്‌ന്നും കുരങ്ങിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സാദ്ധ്യതയാണ് തെളിഞ്ഞുവന്നത്. ഒപ്പം ഒരു ഗണപതിക്കല്യാണത്തിന്റെ അനന്തസാദ്ധ്യതകളും.
രാത്രി വെളിച്ചത്തില്‍ തിരഞ്ഞെടുത്ത നല്ല ചന്ദനക്കളര്‍ ഷര്‍ട്ട് പുറപ്പെടുന്ന ശുഭമുഹൂര്‍ത്തത്തില്‍ കാക്കിയായി രൂപാന്തരം പ്രാപിച്ചത് ആരും വലിയ പ്രശ്‌നമാക്കിയില്ല. കോലം വച്ച് തങ്ക അങ്കി ചാര്‍ത്തിയിട്ടും കാര്യമില്ലെന്നതുകൊണ്ടായിരിക്കണം ആര്‍ക്കും അതൊരു പ്രശ്‌നമാവാതിരുന്നത്.
എന്നാലും കിട്ടിയാലൊരു പെണ്ണ് പോയാലൊരു നോട്ടം എന്നും കണക്കാക്കി ഷൈജുവിന്റെ മുന്തിയ ബജാജ് ഓട്ടോയില്‍ തന്നെ പുറപ്പെട്ടു. ഇടത്ത് രമേശനും വലത്ത് ബാബുവേട്ടനുമായി വണ്ടി കുതിച്ചുപായുമ്പോള്‍ ചിന്ത കാടുകയറി. കാരണമുണ്ട്. ഏതാണ്ടൊരു കൊല്ലം മുമ്പേ ഒരു വട്ടം അന്വേഷണം കഴിഞ്ഞതായിരുന്നു. നമ്മുടെ പിതാവും പുള്ളിക്കാരിയുടെ പിതാവും തമ്മില്‍ നേരിട്ടൊരു കൂടിക്കാഴ്‌ച.
അവളുടെ അച്ഛന്‍ സത്യം പറഞ്ഞു "ഇപ്പം കഴിച്ചോട്‌ക്കാന്‍ യാതൊരു ഗതിയൂല്ല മാഷേ". "ഒരു ഗാന്ധിക്കടലാസുവരെ എന്റടുത്തുമില്ല. അപ്പോള്‍ രജിസ്‌ട്ര്‌് കഴിച്ചുതെരുമോന്നു ചോദിച്ചുനോക്ക്". താമസിയാതെ അച്ഛന്റെ പ്രതികരണവും വന്നു. "അതു രണ്ടു തറവാട്ടുകാര്‍ക്ക് സംസാരിക്കാന്‍ പറ്റുന്ന കാര്യല്ല, താന്‍തന്നെ പോയി പറയുന്നതായിരിക്കും നല്ലത്". ശുഭം.
പിന്നീടൊരു വര്‍ഷം കഴിഞ്ഞപ്പോവാണവര്‍ അവളെ കെട്ടിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതും അവരുടെ ഒരു സുഹൃത്തുവഴി നമ്മുടെ വീട്ടുകാരെ വിവരമറിയിച്ചതും. ഒരു കൊല്ലമായി്‌ട്ടും പഹയന് പെണ്ണുകിട്ടാന്‍ സാദ്ധ്യതയില്ലെന്നൊരു ധാരണ അവര്‍ക്കുണ്ടായിരുന്നുവോ എന്ന സംശയം ഉള്ള ആത്മവിശ്വാസത്തെയും കാലപുരിക്കയച്ചു.
ഇനി പെണ്ണ് ഇങ്ങിനെ വല്ല ചോദ്യവും ഉന്നയിച്ച് നമ്മളെ ഹലാക്കാക്കുമോ എന്നോര്‍ത്തപ്പോള്‍ വന്ന ചില്ലറവിയര്‍പ്പാകട്ടെ ഷര്‍ട്ടില്‍ ചാറ്റല്‍ മഴ വീണ പരുവവുമാക്കി. എല്ലാം കൂടി ഒരു വിധത്തില്‍ അവളുടെ വീട്ടിനുമുന്നില്‍ ഓട്ടോനിന്നപ്പോള്‍ ചില്ലറ ധൈര്യമൊക്കെ സംഭരിച്ച് ഇറങ്ങി. എന്തെങ്കിലും ചെയ്യേണ്ടേ എന്നുതോന്നിയപ്പോള്‍ ഒന്നു സമയം നോക്കാമെന്നു കരുതിയപ്പോള്‍ വാച്ചുമില്ല.
അങ്ങിനെ മുറ്റത്തുനിന്നും കോലായിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അവളുടെ അച്ഛന്‍ അകത്തുനിന്നും ഇറങ്ങിവന്നു. കോലായില്‍ ബിരിയാണിച്ചെമ്പിന് കല്ലുവച്ചപോലെ മൂന്നു കസാരയിട്ടിട്ടുണ്ട്. കുറച്ചകലെയായി ഒരു ബഞ്ചും. സാമാന്യം വലിയ ഗര്‍ത്തങ്ങളൊക്കെയായി ലക്ഷണമൊത്ത ഒരു ഫസ്റ്റ് ജനറേഷന്‍ ബഞ്ച്.
മൂപ്പര്‍ എല്ലാവരെയും ഒന്നുനോക്കി. കൂടെയുള്ളവരോടൊക്കെ ഇരിക്കാന്‍ പറഞ്ഞു. പിന്നെ എന്നെയൊന്നു നോക്കി "ഡ്രൈവറേ ഇരിക്കേ". വാങ്ങുമ്പോ ചന്ദനക്കളറായിരുന്നെന്ന് പറയാന്‍ നാവെടുക്കുമ്പോഴേക്കും ബാബുവേട്ടന്‍ ഇടപെട്ട് ഡ്രൈവനെ വീണ്ടും പയ്യനാക്കി മാറ്റി.
അപ്പോഴേക്കും മൂപ്പര്‍ വിഷയത്തിലേക്കു കടന്നു. നേരെ ചൊവ്വേ. "എനിക്കു വലത്തേ കാതു കേള്‍വിക്കുറവുണ്ട്‌്. അതുകൊണ്ട് നിങ്ങള്‍ പറയുന്നത് ഉറക്കെ പറയണം". അതോടുകൂടി നാടുകടന്ന ആത്മവിശ്വസം തിരികെ പാഞ്ഞടുത്തു. വല്ല അബന്ധവും ഉച്ചത്തില്‍ ഉന്നയിച്ചാല്‍ മാത്രമേ പ്രശ്‌നമാവുകയുള്ളൂ. അല്ലെങ്കില്‍ പോലീസുകാരുടെ ആകാശത്തേക്കുള്ള നാലു റൗണ്ടായി ഒടുങ്ങിക്കൊള്ളും.
പെണ്ണു കോലായിലെത്തി. വെള്ളത്തില്‍ വടിവച്ചപോലെ ചുമരും ചാരിയൊരു നില്‌പ്. ഒറ്റ ശ്വാസത്തില്‍ മൂന്നുനാലഞ്ചു ചോദ്യം അങ്ങോട്ടു ചോദിച്ചു. ചോദിച്ചതിലൊരു രണ്ടേ ശോദ്യായിട്ടുണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം റിപ്പീറ്റേഷാണെന്നു മനസ്സിലായത് പിന്നീടാണ്.
ഒരു കൊല്ലമായിട്ടും നമുക്ക് പെണ്ണുകിട്ടാതിരുന്നതെന്താണെന്ന അവളുടെ ഒടുക്കത്തെ ചോദ്യം പ്രതീക്ഷിച്ച് അന്തംവിട്ടു നില്‌്‌ക്കുമ്പോള്‍ മൂപ്പരൊന്നു ചിരിച്ചു. ആശ്വാസമായി. ഇനി ഒരു ചോദ്യത്തിനും സാദ്ധ്യതയില്ല. പിന്നെ സധൈര്യം നമ്മളെപ്പറ്റി എന്തെങ്കിലും അറിയണോന്നു ചോദിച്ചു. ഇനി അറിഞ്ഞിട്ടും വല്യ കാര്യോന്നൂല്ല എന്ന മട്ടില്‍ മുഖം കൊണ്ടൊരു പ്രതികരണം.
ഒന്നുകില്‍ ആണുങ്ങളെപ്പറ്റി അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല അല്ലെങ്കില്‍ നമ്മുടെ ശീട്ട് കീറി എന്നു തല്‌ക്കാലം കരുതുകയേ രക്ഷയുള്ളൂ. നമ്മളെപ്പറ്റി വല്ലതും അന്വേഷിക്കണമെങ്കില്‍ ഒരു മേല്‍വിലാസം വേണമല്ലോ എന്നുള്ളതുകൊണ്ട് ഒരു കടലാസില്‍ കുറിച്ചുകൊടുക്കുമ്പോഴാകട്ടെ രണ്ടു കൈയ്യും കൂട്ടി ഗുരിക്കള്‍ ഓലയിലെഴുതുന്നപോലെ എഴുതേണ്ട അവസ്ഥ. കൈക്കൊരു വിറയല്‍. അഭിമാനം കരുതി പേടികൊണ്ടല്ല വാതത്തിന്റെ വിറയാണെന്ന് പറയാന്‍ നാവോളമെത്തിയത് നല്ലകാലത്തിന് നാവുതാണുപോയതുകൊണ്ട് പുറത്തുംവന്നില്ല. ഹാവൂ രക്ഷപ്പെട്ടു.
ഒരു വിധം ദൗത്യം കഴിഞ്ഞു വണ്ടിയില്‍ കയറിയപ്പോഴേക്കും പെണ്ണിനെ ഇഷ്ടപ്പെട്ടവിവരം വീട്ടുകാരെ മൊത്തമായും നാട്ടുകാരെ ചില്ലറയായും അറിയിക്കുന്ന പണി രമേശന്‍ വൃത്തിയായി നിര്‍വ്വഹിച്ചു. പൂര്‍വ്വാശ്രമത്തില്‍ അവള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴും പിന്നീട് ട്രെയിനി ആയിരുന്നപ്പോഴത്തെയും കാലം അന്വേഷണവിധേയമാക്കി മറുപടി കൊടുക്കാം എന്നൊരു നിര്‍ദ്ദേശം ഐകകണ്‌ഠ്യേനയാണ് തള്ളിപ്പോയത്.
നമ്മുടെ പൂര്‍വ്വാശ്രമവുമന്വേഷിച്ച് അക്കൂട്ടര്‍ നാടുചുറ്റിയാലുള്ള അവസ്ഥ ഒരു നിമിഷം ഒന്നാലോചിക്കുകയേ വേണ്ടിവന്നുള്ളൂ.അങ്ങിനെ ചില്ലറദിനങ്ങള്‍ കഴിയുമ്പോഴേക്കും ഇതിലും യോഗ്യനായ ഒരാളെ കിട്ടാനില്ലെന്ന ഉത്തമബോദ്ധ്യം വന്നതുകൊണ്ടായിരിക്കണം അവളുടെ അമ്മാവന്‍ ആ ഞെട്ടിച്ച വാര്‍ത്തയുമായെത്തി.
2001 നവമ്പര്‍ നാലിന് നിത്യകാമുകി വന്നുകയറി. ഇടതുവശം ചേര്‍ന്നുനടക്കുന്ന നിത്യന്റെ ഒരാഗ്രഹം സാധിച്ചില്ല. എല്ലാവരുടെയും അഭിപ്രായപ്രകാരം അവള്‍ വലതുകാലുതന്നെയെടുത്തുവച്ചു. ഇപ്പോ ഒരാളുകൂടി. അച്ഛന്‍ കഷായം കുടിച്ചശേഷം ഇപ്പോ സുഖമുണ്ടെന്നു പറഞ്ഞപ്പോള്‍ മൂപ്പരുടെ ക്ലാസിക് പ്രതികരണം കേട്ടു. "മന്ന് കുടിക്കുമ്പോ സുഖല്ലടാ വേണ്ട രസാ വേണ്ടത്".
8 comments:
പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന് മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ് ആകെയുള്ളൊരു വ്യത്യാസം . പെണ്ണ് തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു.
പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന് മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ് ആകെയുള്ളൊരു വ്യത്യാസം . പെണ്ണ് തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു
I loved this post and this blog.
Have a nice day.
അത്മകഥാശമുള്ള രസികന്‍ അനുഭവകുറിപ്പുകള്‍ ഇങ്ങനെ ഓരോന്നായി പോരട്ടെ മാഷെ.
എഴുത്ത് പതിവുപോലെ തന്നെ രസാവഹം.
ഞാനും ഒരു രണ്ടായിരത്തി ഒന്ന് ബ്യാച്ചാ :)
ഇടതുവശം ചേര്‍ന്നുനടക്കുന്ന നിത്യന്റെ ഒരാഗ്രഹം സാധിച്ചില്ല. എല്ലാവരുടെയും അഭിപ്രായപ്രകാരം അവള്‍ വലതുകാലുതന്നെയെടുത്തുവച്ചു.
എത്രനല്ല തുടക്കം....
എത്താനിത്തിരി താമസിച്ചു....
“എന്തെങ്കിലും ചെയ്യേണ്ടേ എന്നുതോന്നിയപ്പോള്‍ ഒന്നു സമയം നോക്കാമെന്നു കരുതിയപ്പോള്‍ വാച്ചുമില്ല” ... ഇപ്പോഴാണ് വായിച്ചത് ..കുറച്ചു നേരത്തേക്ക് ഊറിച്ചിരിക്കാന്‍ ഒരു വകയായി .. !
നിത്യന്‍ എഴുത്ത് തൊഴില് തന്നെ ആക്കിയാലെന്താ എന്ന് എനിക്ക് തോന്നുന്നു ..
നല്ല എഴുത്ത് നിത്യന്‍-ജി കണ്ണൂരാന്റെ ലിങ്കിലൂടെയാണ് ഇങ്ങോട് കയറിയിത്
:-)
Post a Comment