Monday, April 7, 2008

കിട്ടിയാലൊരു പെണ്ണ്‌ പോയാലൊരു നോട്ടം


പെണ്ണുകാണാന്‍ പോവാതെ പെണ്ണുകെട്ടണം എന്നതായിരുന്നു ജീവിതത്തിലെ ഒരാഗ്രഹം. അതിനു കോലം കൊഞ്ചംനന്നാവണം എന്നു തിരിച്ചറിവുണ്ടാവുമ്പോഴേക്കും ഘടികാരം മുപ്പതടിച്ചു.
പെണ്ണുകാണലും ഓർട്ടേരിച്ചന്തയിലെ മാടുകാണലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മാടിനു മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണു ആകെയുള്ളൊരു വ്യത്യാസം . പെണ്ണു തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാൻ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്‌. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കിൽ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു.
കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിവർത്തനത്തിൽ നമ്മളു വഹിച്ച പങ്കു അളക്കാനുള്ള ഉപകരണമാണല്ലോ കണ്ണാടി. സുഹൃത്തുക്കൾ കൊണ്ടുവന്ന കണ്ണാടിയിലേക്കു‌ ഒന്നു നോക്കിയപ്പോഴേക്കും തിരിച്ചങ്ങോട്ടു, മനുഷ്യനിൽ നി‌ന്നും കുരങ്ങിലേക്കുള്ള പരിവർത്തനത്തിൻ്റെ സാദ്ധ്യതയാണ്‌ തെളിഞ്ഞുവന്നത്‌. ഒപ്പം ഒരു ഗണപതിക്കല്യാണത്തിന്റെ അനന്തസാദ്ധ്യതകളും...
രാത്രി വെളിച്ചത്തിൽ തിരഞ്ഞെടുത്ത നല്ല ചന്ദനക്കളർ ഷർട്ടു പുറപ്പെടുന്ന ശുഭമുഹൂർത്തത്തിൽ കാക്കിയായി രൂപാന്തരം പ്രാപിച്ചത്‌ ആരും വലിയ പ്രശ്‌നമാക്കിയില്ല. കോലം വച്ചാണെങ്കിൽ ഇനി തങ്ക അങ്കി ചാർത്തിയിട്ടും കാര്യമില്ലെന്ന ഒരു അഭിപ്രായ സമന്വയത്തിന്റെ ഉഗ്രവെളിച്ചത്തിൽ കാക്കി വാഴ്ത്തപ്പെട്ടതായി.. ഗ്ലാമറിനു, അന്തസ്സിനു കാക്കി കൊഴപ്പമില്ല, ഡി.ജി.പി കാക്കിയല്ലേ ഇടുന്നത? പിന്നെ ലൈൻമാനും... ഇതുമൊരുമാതിരി ലൈൻ വലിക്കുന്ന കേസ്.. കാക്കി ശുഭം.. അന്തസ്സ്.
അങ്ങിനെ കിട്ടിയാലൊരു പെണ്ണ്‌ പോയാലൊരു നോട്ടം എന്ന തത്വചിന്തയെ വലംവെച്ചു ഷൈജുവിന്റെ മുന്തിയ ബജാജ്‌ഓട്ടോയില്‍തന്നെ പുറപ്പെട്ടു. ഇടത്ത്‌ രമേശനും വലത്ത്‌ ബാബുവേട്ടനുമായി വണ്ടി കുതിച്ചുപായുമ്പോള്‍ചിന്ത കാടുകയറി. കാരണമുണ്ട്‌. ഏതാണ്ടൊരു കൊല്ലം മുമ്പേ ഒരു വട്ടം അന്വേഷണം കഴിഞ്ഞതായിരുന്നു. നമ്മുടെ പിതാവും പുള്ളിക്കാരിയുടെ പിതാവും തമ്മില്‍നേരിട്ടൊരു കൂടിക്കാഴ്‌ച.
അവളുടെ അച്ഛന്‍സത്യം പറഞ്ഞു "ഇപ്പം കഴിച്ചുകൊടുക്കാൻ യാതൊരു ഗതിയൂല്ല മാഷേ".
ഒരു ഗാന്ധിക്കടലാസുവരെ എന്റടുത്തുമില്ല. അപ്പോൾ സംഗതി സ്വർഗത്തിൽ വച്ചാക്കാതെ നമുക്കു രയിസ്രാപ്പീസിലാക്കിയാലോ എന്നൊന്നു ചോദിച്ചു നോക്കിയാലോ?
അച്ഛന്റെ മറുപടിക്കു കാലതാമസം നേരിട്ടില്ല..  "അതു രണ്ടു അന്തസ്സുള്ള കൂട്ടർക്കു സംസാരിക്കാന്‍പറ്റുന്ന കാര്യല്ല, താന്‍തന്നെ പോയി പറയുന്നതായിരിക്കും നല്ലത്‌". ശുഭം.
പിന്നീടൊരു വര്‍ഷം... വീട്ടുകാർ അവളുടെ വിവാഹാലോചന തുടങ്ങുന്ന കാര്യം, യോഗ്യനായ ഒരാളെ അന്വേഷിക്കുന്ന കാര്യം നാരായണേട്ടനാണു അച്ഛന്റെ ശ്രദ്ധയിൽ പെടുത്തിയത്.   അയോഗ്യതയുടെ കാരണം യോഗ്യനായ ഒരാളെന്നതിൽ അന്തർലീനമായുള്ളതിനാൽ മൊത്തത്തിൽ ഒരു മ്ലാനത സുഹൃത്തുക്കളുടെ ഇടയിൽ പരക്കുകയും ചെയ്തു.  ഏതായാലും ദൌത്യസംഘം ജാഗ്രതയോടെ മുന്നോട്ടു നീങ്ങാനുള്ള തയ്യാറെടുപ്പു തുടങ്ങി. പടച്ചോൻ മാത്രല്ല, ചെകുത്താൻ കൂടി ലീവായ ഒരു ഞായറാഴ്ച നോക്കി തീർത്ഥാടക സംഘം പള്ളൂരിലേയ്ക്കു യാത്ര തിരിച്ചു.. ഓട്ടോ ഇറങ്ങിയതേയുള്ളു, ഒരു കൊല്ലമായിട്ടും പഹയനു പെണ്ണുകിട്ടാൻ സാദ്ധ്യതയില്ലെന്നൊരു ധാരണ അവര്‍ക്കുണ്ടായിരുന്നുവോ എന്ന സംശയം ഉള്ള ആത്മവിശ്വാസത്തെയും കാലപുരിക്കയച്ചു.
ഇനി പെണ്ണു അങ്ങിനെ വല്ല ചോദ്യവും ഉന്നയിച്ചു നമ്മളെ ഹലാക്കാക്കുമോ എന്നോര്‍ത്തപ്പോള്‍ വന്ന ചില്ലറ വിയര്‍പ്പാകട്ടെ ഷര്‍ട്ടിൽ ചാറ്റല്‍മഴ വീണ പരുവവുമാക്കി. എല്ലാം കൂടി ഒരു വിധത്തിൽ അവളുടെ വീട്ടിനു മുന്നിൽ ഓട്ടോനിന്നപ്പോൾ ചില്ലറ ധൈര്യമൊക്കെ സംഭരിച്ചിറങ്ങി. എന്തെങ്കിലും ചെയ്യേണ്ടേ എന്നുതോന്നിയപ്പോള്‍ഒന്നു സമയം നോക്കാമെന്നു കരുതിയപ്പോൾ വാച്ചുമില്ല.
അങ്ങിനെ മുറ്റത്തുനിന്നും കോലായിലേക്കു കാലെടുത്തുവെക്കുമ്പോക്ഷ അവളുടെ അച്ഛന്‍അകത്തുനിന്നും ഇറങ്ങിവന്നു. കോലായിൽ ബരിയാണിച്ചെമ്പിനു കല്ലുവച്ചപോലെ മൂന്നു കസാരയിട്ടിട്ടുണ്ട്‌. കുറച്ചകലെയായി ഒരു ബഞ്ചും. സാമാന്യം വലിയ ഗര്‍ത്തങ്ങളൊക്കെയായി ലക്ഷണമൊത്ത ഒരു ഫസ്റ്റ്‌ജനറേഷന്‍ബഞ്ച്‌.
മൂപ്പര്‍എല്ലാവരെയും ഒന്നുനോക്കി. കൂടെയുള്ളവരോടൊക്കെ ഇരിക്കാന്‍പറഞ്ഞു. പിന്നെ എന്നെയൊന്നു നോക്കി "ഡ്രൈവറേ ഇരിക്കേ".
കുപ്പായം വാങ്ങുമ്പോ ചന്ദനക്കളറായിരുന്നെന്നു പറയാൻ നാവെടുക്കുമ്പോഴേക്കും ബാബുവേട്ടൻ ഇടപെട്ടു ഡ്രൈവനെ വീണ്ടും പയ്യനാക്കി അവരോധിച്ചു...
അപ്പോഴേക്കും മൂപ്പർ വിഷയത്തിലേക്കു കടന്നു. നേരെ ചൊവ്വേ. "ഇന്നലെ എന്തോന്നറിയല്ല, കുറുക്കൻ്റെ നിർത്താത്ത ഓരിയായിരുന്നു....എനിക്കു വലത്തേ കാതു കേള്‍വിക്കുറവുണ്ട്‌‌. അതുകൊണ്ടു നിങ്ങള്‍പറയുന്നതു ലേശം ഉച്ചത്തിൽ പറയണം". 
അപ്പോൾ കുറുക്കൻ മാത്രമായിരിക്കില്ല, 
കാലൻ കോഴി കൂടി ഒരു മുന്നറിയിപ്പു കൊടുത്തിട്ടുണ്ടാവണം, അതു കേൾക്കാതെ പോയതാവാനേ സാധ്യതയുള്ളൂ..
കേൾവിയുടെ ഇരിപ്പുവശം അറിഞ്ഞതേയുള്ളൂ  നാടുകടന്ന ആത്മവിശ്വസം പുന്നെല്ലു കണ്ട എലിയെ പോലെയാണു  തിരികെ പാഞ്ഞടുത്തതു. ഇനി വല്ല മഹാബന്ധവും ഉച്ചത്തിൽ ഉന്നയിച്ചാല്‍മാത്രമേ പ്രശ്‌നമാവുകയുള്ളൂ. അല്ലെങ്കില്‍പോലീസുകാരുടെ ആകാശത്തേക്കുള്ള നാലു റൗണ്ടായി ഒടുങ്ങിക്കൊള്ളും.

പെണ്ണു കോലായിലെത്തി. വെള്ളത്തില്‍വടിവച്ചപോലെ ചുമരും ചാരിയൊരു നില്പു. ഒറ്റ ശ്വാസത്തില്‍ മൂന്നുനാലഞ്ചു ചോദ്യങ്ങൾ അങ്ങോട്ടു ചോദിച്ചു. ചോദിച്ചതിലൊരു രണ്ടേ ശോദ്യായിട്ടുണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം റിപ്പീറ്റേഷാണെന്നു മനസ്സിലായതു പിന്നീടാണ്‌. ഒരു കൊല്ലമായിട്ടും നമുക്കു പെണ്ണുകിട്ടാതിരുന്നതെന്താണെന്ന അവളുടെ ഒടുക്കത്തെ ചോദ്യം പ്രതീക്ഷിച്ചു അന്തംവിട്ടു നില്‌ക്കുമ്പോൾ മൂപ്പരൊന്നു ചിരിച്ചു. ആശ്വാസം, എന്നാലും ഒരു സംശയം .... ഇനി ഒരുമാതിരി ആക്കിയ ചിരിയാണോ?  എന്തായാലും ഇനി ഒരു ചോദ്യത്തിനും സാദ്ധ്യതയില്ല. പിന്നെ സധൈര്യം നമ്മളെപ്പറ്റി എന്തെങ്കിലും അറിയണോന്നു ചോദിച്ചു. ഇനി അറിഞ്ഞിട്ടും വല്യ കാര്യോന്നൂല്ല എന്ന മട്ടിൽ മുഖം കൊണ്ടൊരു പ്രതികരണം.

ഒന്നുകില്‍ആണുങ്ങളെപ്പറ്റി അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല അല്ലെങ്കിൽ നമ്മുടെ ശീട്ടുകീറി എന്നു തല്‌ക്കാലം കരുതുകയേ രക്ഷയുള്ളൂ. നമ്മളെപ്പറ്റി വല്ലതും അന്വേഷിക്കണമെങ്കില്‍ഒരു മേല്‍വിലാസം വേണമല്ലോ എന്നുള്ളതുകൊണ്ടു ഒരു കടലാസിൽ കുറിച്ചുകൊടുക്കുമ്പോഴാകട്ടെ രണ്ടു കൈയ്യും കൂട്ടി ഗുരിക്കള്‍ഓലയിലെഴുതുന്നപോലെ എഴുതേണ്ട വെഷമസ്സിതി. കൈക്കൊരു വിറയൽ. അഭിമാനം കരുതി പേടികൊണ്ടല്ല, സംഗതി വാതത്തിന്റെ ഒരു അസ്ക്യതയാണെന്നു  പറയാൻ വായോളമെത്തിയതായിരുന്നു, ഭാഗ്യത്തിനാവണം ശുഭമൂഹൂർത്തത്തിൽ നാവു താണുപോയതു...  ഹാവൂ രക്ഷപ്പെട്ടു.

ഒരു വിധം ദൗത്യം കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോഴേക്കും പെണ്ണിനെ കണ്ടുബോധിച്ച വിവരം വീട്ടുകാരെ മൊത്തമായും നാട്ടുകാരെ ചില്ലറയായും അറിയിക്കുന്ന പണി രമേശൻ വൃത്തിയായി നിര്‍വ്വഹിച്ചു. കിട്ടിയാലേ കിട്ടിബോധിച്ചു എന്നു പറയാനാവൂ എന്നുള്ളതു കൊണ്ടു തല്ക്കാലം കണ്ടുബോധിച്ചു എന്നു മതി എന്നു ഐകകണ്ഠ്യേന തീരുമാനിക്കപ്പെടുകയായിരുന്നു... ഭാവിയിൽ ഒരു ഗ്ലാമർ മിസ്റ്റേയ്ക്കു വേണ്ടല്ലോ...
നമുക്കു ഒരു സിബിഐ അന്വേഷണം നടത്തി സ്വഭാവശുദ്ധി അളന്നു മറുപടി കൊടുക്കാം എന്ന അത്ര നല്ലതിനല്ലാത്ത ഒരു നിര്‍ദ്ദേശത്തെ  വന്ന വഴിക്കു തന്നെ തിരിച്ചുവിട്ടു..
നമ്മുടെ പൂര്‍വ്വാശ്രമവുമന്വേഷിച്ചു അവർ നാടുചുറ്റിയാലുള്ള അവസ്ഥ ഒരു നിമിഷം ഒന്നാലോചിക്കുകയേ വേണ്ടിവന്നുള്ളൂ.
 ശങ്കരാചാര്യരുടെ മഠം പോലെ നാലു ദിക്കിലും നാവെടുത്താൽ നമ്മളെ പറ്റി നാലു നല്ലതു പറയുന്ന വരെ നിയമിക്കുന്ന പണി പലരും ഏറ്റെടുത്തു. 
അങ്ങിനെ ചില്ലറദിനങ്ങൾ കഴിയുമ്പോഴേക്കും ഇതിലും യോഗ്യനായ ഒരാളെ ഭൂമുഖത്തു കിട്ടാനില്ലെന്ന ഉത്തമബോദ്ധ്യം വന്നതുകൊണ്ടായിരിക്കണം അവളുടെ അമ്മാവൻ ആ ഞെട്ടിച്ച വാര്‍ത്തയുമായെത്തിയത്...

2001 നവമ്പർ നാലിനു നിത്യകാമുകി വന്നുകയറി. ഇടതുവശം ചേര്‍ന്നുനടക്കുന്ന നിത്യന്റെ ഒരാഗ്രഹം സാധിച്ചില്ല. എല്ലാവരുടെയും അഭിപ്രായപ്രകാരം മൂപ്പർ വലതുകാലുതന്നെ എടുത്തുവച്ചു.  ശുംഭം.

8 comments:

NITHYAN said...

പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന്‌ മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ്‌ ആകെയുള്ളൊരു വ്യത്യാസം . പെണ്ണ്‌ തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്‌. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു.

NITHYAN said...

പെണ്ണുകാണലും ഓര്‍ക്കാട്ടേരിച്ചന്തയിലെ മാടുകാണലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മാടിന്‌ മുതലാളിയെ വേണ്ടെന്നുവെക്കാനുള്ള റൈറ്റില്ലെന്നതുമാത്രമാണ്‌ ആകെയുള്ളൊരു വ്യത്യാസം . പെണ്ണ്‌ തള്ളി കളത്തിനു പുറത്തായ ചെക്കന്‍മാരില്ലെന്നു പറയാന്‍ പറ്റില്ല. അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്‌. ഒരു ശതമാനം സാദ്ധ്യതയുണ്ടെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാകുമായിരുന്നു

david santos said...

I loved this post and this blog.
Have a nice day.

കുറുമാന്‍ said...

അത്മകഥാശമുള്ള രസികന്‍ അനുഭവകുറിപ്പുകള്‍ ഇങ്ങനെ ഓരോന്നായി പോരട്ടെ മാഷെ.

എഴുത്ത് പതിവുപോലെ തന്നെ രസാവഹം.

ഞാനും ഒരു രണ്ടായിരത്തി ഒന്ന് ബ്യാച്ചാ :)

തോന്ന്യാസി said...

ഇടതുവശം ചേര്‍ന്നുനടക്കുന്ന നിത്യന്റെ ഒരാഗ്രഹം സാധിച്ചില്ല. എല്ലാവരുടെയും അഭിപ്രായപ്രകാരം അവള്‍ വലതുകാലുതന്നെയെടുത്തുവച്ചു.

എത്രനല്ല തുടക്കം....

എത്താനിത്തിരി താമസിച്ചു....

Unknown said...

“എന്തെങ്കിലും ചെയ്യേണ്ടേ എന്നുതോന്നിയപ്പോള്‍ ഒന്നു സമയം നോക്കാമെന്നു കരുതിയപ്പോള്‍ വാച്ചുമില്ല” ... ഇപ്പോഴാണ് വായിച്ചത് ..കുറച്ചു നേരത്തേക്ക് ഊറിച്ചിരിക്കാന്‍ ഒരു വകയായി .. !
നിത്യന്‍ എഴുത്ത് തൊഴില് തന്നെ ആക്കിയാലെന്താ എന്ന് എനിക്ക് തോന്നുന്നു ..

Unknown said...

നല്ല എഴുത്ത് നിത്യന്‍-ജി കണ്ണൂരാന്റെ ലിങ്കിലൂടെയാണ് ഇങ്ങോട് കയറിയിത്

Mr. K# said...

:-)