സാദാ തുപ്പാക്കിമുതല്‍ പെരിയ സുബേദാര്‍മാര്‍ വരെയുള്ള ഒരു പാട് യോദ്ധാക്കളെക്കൊണ്ട് സമൃദ്ധമാണ് നിത്യന്റെ ആവാസമേഖല. ക്യാപ്‌റ്റനും അതിനുമുകളില്‍ വിഷം മൂത്ത സാധനങ്ങളും നാട്ടിലുണ്ടെങ്കിലും ബോഫേഴ്‌സ് തോക്കുപോലെ നാട്ടുകാര്‍ക്ക് അപ്രാപ്യമാണ്. അങ്ങിനെയുള്ള നിരവധിയാളുകളില്‍ എടുത്തുപറയേണ്ട ഒരു ധീരജവാനാണ് രാമകൃഷ്‌ണേട്ടന്‍. 18 ആവുമ്പോഴേക്കും രാജ്യസ്‌നേഹം നിറഞ്ഞുകവിയുന്നതുകാരണം നാട്ടിലെ ആണുങ്ങളെല്ലാം നേരെപോയി പട്ടാളത്തില്‍ ചേരുകയാണ് പതിവ്. പെണ്ണുങ്ങള്‍ക്ക് വനിതാപട്ടാളത്തെപ്പറ്റി കേട്ടറവില്ലാത്തതുകൊണ്ട് ഉണ്ണിയാര്‍ച്ചകളായി വീട്ടില്‍ തന്നെ കഴിയും.
പലപ്പോഴും പതിനാറുവയതിനില്‍ തന്നെ അല്ലെങ്കില്‍ കുറച്ചുകൂടി കഴിഞ്ഞാല്‍ ആ മംഗളകര്‍മ്മം നടക്കും. അന്നുതൊട്ട് ആ ഹതഭാഗ്യനെ അഥവാ മഹാധീരനെ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്ന ഉഗ്രവാദിയായി പ്രഖ്യാപിച്ച് വകവരുത്താനുള്ള ശ്രമം അവരും തുടരും. പോയനൂറ്റാണ്ടില്‍ ഇവരുടെയെല്ലാം പൂര്‍വ്വികര്‍ പലരും പേരുകേട്ട വക്കീല്‍ ഗുമസ്ഥന്‍മാരായിരുന്നു. ഗുമസ്‌തന്‍ മൂത്ത് വക്കീലായവരും ഉണ്ട്. ഒന്നുംകൂടി മൂത്ത് വിധിച്ച് വിധിച്ച് കൊതിതീരാതെ മരിച്ച ജഡ്‌ജിമാരായവരുമുണ്ട്. പിന്നെ സ്വന്തം നിലയില്‍ നടത്തിയ വ്യവഹാരങ്ങളുടെ ഫലമായി തറവാടുകള്‍ ഉപ്പുവച്ച പാറപോലെ അസ്‌തുവായിക്കിട്ടിയെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഗുമസ്‌തപ്പണി വേണ്ടെന്നുവച്ച് രാമകൃഷ്‌ണേട്ടന്‍ പോയി പട്ടാളത്തില്‍ ചേര്‍ന്നു.
വര്‍ഷത്തില്‍ പത്തുമാസം അതിര്‍ത്തി കൃത്യമായി സംരക്ഷിച്ച് ഉഗ്രവാദികളെയെല്ലാം നിലയ്‌ക്കുനിര്‍ത്തി, ചുരുങ്ങിയത് രണ്ടുമാസത്തേക്ക് അവറ്റകള്‍ തലപൊക്കാതിരിക്കാനായി ഒരുഗ്രവെടിയും വെച്ച് നാട്ടില്‍ വരികയാണ് മൂപ്പരുടെ ഒരു രീതി. ഇട്ട പട്ടാളക്കുപ്പായത്തോടെ ഇങ്ങോട്ടുപോരുയാണ് പതിവ്.
അതിര്‍ത്തിയിലെ അറിയപ്പെടുന്ന വീരശൂരപരാക്രമിയായ രാമകൃഷ്‌ണേട്ടന്റെ ആ വരവ് ഓര്‍മ്മയില്‍ ഇപ്പോഴും മരണമില്ലാതെ കിടക്കുകയാണ്. അതൊരു ഒന്നൊന്നര വരവായിരുന്നു. ഉത്സവപ്പറമ്പിലേക്കുവരുന്ന വളച്ചെട്ടിയെപ്പോലെ മൂന്നുനാലു വല്യപെട്ടികളുമായി തെക്കുനിന്നും വന്ന വണ്ടിയില്‍ മൂപ്പര്‍ തലശ്ശേരി സ്റ്റേഷനിലിറങ്ങി.
എപ്പോഴും വരുന്ന വിവരം പരമരഹസ്യമായിരിക്കും. മൂപ്പര്‍ക്കും പിന്നെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിക്കും മാത്രമേ അക്കാര്യത്തെപ്പറ്റി അറിവുണ്ടാവുകയുള്ളൂ എന്നത് നാട്ടില്‍ പരസ്യമായ രഹസ്യമാണ്. പ്രിയതമ ജാനകിക്കുട്ടിക്കുള്ള ഭീഷണിക്കത്തില്‍ കൂടി വരവിനെപ്പറ്റി ഒരക്ഷരം മിണ്ടുകയില്ല. "നമ്പാന്‍ പറ്റാത്ത വര്‍ഗമാണല്ലോ ഉഗ്രവാദികള്‍. ബോംബിന്റെ സഹായമൊന്നും കൂടാതെ തന്നെ പൊട്ടിച്ച് വായിക്കാനാവുന്ന സാധനമാണല്ലോ ഇന്‍ലന്റ് എന്ന കത്തുകടലാസ്"്. അങ്ങിനെ മൂപ്പര്‍ അതിരുവിടുന്ന വിവരം വല്ല തീവ്രവാദിക്കും കിട്ടിയാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ലീവുതീര്‍ന്ന് മൂപ്പര്‍ തിരിച്ചുവണ്ടികയറിയ ദിവസത്തെ വീട്ടിലെ അതേ അവസ്ഥയായിരിക്കും അതിര്‍ത്തിയിലും അരങ്ങേറുക.
തലശ്ശേരി റയിവേസ്റ്റേഷനില്‍ നിന്നും തന്നെ തുടങ്ങാം. മൂപ്പര്‍ വരുന്ന വിവരം ചോരാനേതായാലും സാദ്ധ്യതയില്ല. എന്തുകൊണ്ടോ അന്നൊരു ലക്ഷണമൊത്ത ബന്ദുദിവസമായിരുന്നു. അക്കാലത്ത് ബന്ദൊരു നാലുദിവസം തുടര്‍ച്ചയായി നടന്നാലും നാലാളറിയണമെന്നില്ല. നാലുകാശു കീശയിലുണ്ടെങ്കിലാണ് നാളെ ബസുണ്ടാവുമോ ഓട്ടോയോടുമോ കള്ളുഷാപ്പുതുറക്കുമോ എന്നെല്ലാം ആലോചിക്കുക. പുരയില്ലാത്തവനെന്തിന് തീയെ പേടിക്കണം?
അന്നു മുന്തിയ ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ദിവ്യവാഹനമായിരുന്നു ഓട്ടോറിക്ഷ. ഓരോ കുഴിയില്‍ വീഴുമ്പോഴും പണ്ടു കുടിച്ച മുലപ്പാല്‍ വരെ തേക്കിവരുന്ന ഒരു സുഖമായിരുന്നു അതിന്റെയൊരു അട്രാക്ഷന്‍. വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് 10മാസം കഴിഞ്ഞ വനിതകള്‍ക്കുമാത്രമാണ് ഈയൊരു വാഹനത്തില്‍ കയറാനുള്ള ഭാഗ്യം പലപ്പോഴും ഒത്തുവരിക. ബക്കറ്റു പാട്ടയും പായും ചുരുട്ടിപ്പിടിച്ച് വണ്ടിയിലുമല്ല റോഡിലുമല്ല എന്നാല്‍ വായുവിലുമല്ല എന്ന സ്ഥിതിയില്‍ സഞ്ചരിക്കാന്‍ ചിലപ്പോള്‍ ഇതിനുകാരണക്കാരായ മഹാപാപികള്‍ക്കും ഒരു ചാന്‍സ് ഒത്തുവന്നാലായി. അക്കാലത്ത് ഈയൊരു വണ്ടിയുണ്ടായിരുന്നതുകൊണ്ട് സീസേറിയന്‍ എന്നൊരു സംഗതിയേ ആവശ്യമുണ്ടായിരുന്നില്ല. ലാംബ്രട്ടേറിയന്‍ എന്നാണ് ഇതിനു നാട്ടിലെ പേര്. ഇതൊരു സര്‍ജറിയല്ല എന്ന കാര്യം പലര്‍ക്കുമറിയില്ല. ലാംബ്രട്ട വണ്ടിയില്‍ നടക്കുന്ന സുഖപ്രസവം തന്നെയാണ് ലാംബ്രട്ടേറിയന്‍. രണ്ടുകിലോമീറ്റര്‍ ദൂരം ലാംബ്രട്ട വണ്ടിയില്‍ സഞ്ചരിച്ചിട്ടും പ്രസവലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ നേരെ കോയിക്കോട്ടേക്കെടുത്തോളാനാണ് വണ്ടിക്കാര്‍ തന്നെ ഉപദേശിക്കുക. പറഞ്ഞുപറഞ്ഞു കാടുകയറി.
ആ ബന്ദുനാളില്‍ ഈ വണ്ടിയുമില്ല.മൂപ്പര്‍ പട്ടാളക്കുപ്പായത്തില്‍ തന്നെയിറങ്ങി. ബൂട്ടിന്റെ ഒച്ചകേട്ട് ട്രെയിനെത്തിപ്പോയെന്നുകരുതി ചാടിവീണ സ്‌റ്റേഷന്‍മാസ്‌റ്റര്‍ ജവാനെ കാര്യം പറഞ്ഞുമനസ്സിലാക്കി. സാധാരണ മൂപ്പര്‍ ആരെയും അങ്ങോട്ടു മനസ്സിലാക്കിക്കുകയല്ലാതെ ഇങ്ങോട്ട് മനസ്സിലാക്കിക്കാന്‍ അവസരം കൊടുക്കാറില്ലായിരുന്നു. മനസ്സിലായൊ എന്നുചോദിക്കുന്ന ഒരേര്‍പ്പാട് പട്ടാളത്തിലുമില്ല എന്നാണ് മൂപ്പര്‍ പറയാറുള്ളത്. എല്ലാം മനസ്സിലായിട്ടു ചെയ്യാമെന്നുവച്ചാല്‍ പിന്നെ അതിരും കൊണ്ട് ആങ്കുട്ടുകള്‍ സ്ഥലം വിടും. അതുകൊണ്ട് മനസ്സില ായാലും മനസ്സിലായില്ലെങ്കിലും വെടിയുടെ എണ്ണം കുറയ്‌ക്കരുതെന്നുമാത്രം.
പിന്നെയും കാടുകയറി. റെയില്‍വേസ്റ്റേഷനിലേക്കുതന്നെ തിരിച്ചുനടക്കാം. അതിര്‍ത്തിയിലാണെങ്കില്‍ കാണിച്ചുതരാമായിരുന്നെടാ പരിഷകളേ എന്നോ മറ്റോ രാഷ്ട്രഭാഷയില്‍ ഒരു വെല്ലുവിളി നടത്തിയ ശേഷം സ്‌റ്റേഷന്‍മാഷ് ഏര്‍പ്പാടാക്കിക്കൊടുത്ത കൈവണ്ടിക്കാരനെ തുമാരാ നാം ക്യാ ഹേ എന്നലറി ഒന്നു വിരട്ടി.
പെട്ടികളെല്ലാം കൈവണ്ടിലോട്ടെടുത്തിട്ട് തൊപ്പിയൊന്നെടുത്ത് കഷണ്ടിയിലെ വിയര്‍പ്പൊന്നു തുടച്ചു. മുന്നോട്ടുള്ള പ്രയാണം തുടങ്ങി. വണ്ടിക്കാരന്‍ മുന്നില്‍ നിന്നും വലിക്കും. ജവാന്‍ പിന്നില്‍ നിന്നും തള്ളും. അങ്ങിനെ 10 കി.മീ നടത്തം.
ആരെങ്കിലും കല്ലെറിഞ്ഞാലോയെന്ന വണ്ടിക്കാരന്റെ ഒടുക്കത്തെ സംശയത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ മൂപ്പര്‍ ഒരൊറ്റയാട്ടിന് അതിര്‍ത്തികടത്തിവിട്ടു. രാഷ്ട്രീയക്കാരെപ്പറ്റി രാമകൃഷ്‌ണേട്ടന് പണ്ടുമുതലേ നല്ല മതിപ്പായിരുന്നത് ഈ സംഭവത്തോടുകൂടി ഒന്നുകൂടി ദൃഢപ്പെട്ടു. അവരൊക്കെ ഇവിടെ ജീവിക്കുന്നത് അതിര്‍ത്തിയില്‍ രാമകൃഷ്‌ണന്‍മാര്‍ നില്‌ക്കുന്നതുകൊണ്ടാണെന്ന് പറയാന്‍ ഒരിക്കലും രണ്ടാമതൊന്നാലോചിക്കേണ്ട ഗതികേടും മൂപ്പര്‍ക്കുണ്ടായിരുന്നില്ല.
ഇത്രയ്‌ക്ക് ധീരനായ ഒരു ജവാന്‍ പിന്നില്‍ നിന്നും നയിക്കാനുണ്ടെന്ന വസ്‌തുത വണ്ടിക്കാരനിലെ ആത്മവിശ്വാസത്തെ തീപ്പെട്ടി കണ്ട എലിബാണം പോലെ ഉയരങ്ങളിലെത്തിച്ചു. അങ്ങിനെ വലിച്ചും തള്ളിയും കല്ലുമ്മേക്കായ വില്‌പനക്കാരനെപ്പോലെ വീട്ടിലെത്തുമ്പോഴേക്കും വണ്ടിക്കാരന് ഇന്ത്യന്‍ പട്ടാളത്തെപ്പറ്റിയുണ്ടായിരുന്ന ഏകദേശധാരണകളെല്ലാം പോയി ശരിയായ ധാരണ കൈവന്നുതുടങ്ങി.
താറിട്ട റോഡിലെ ബൂട്ടിന്റെ ശബ്ദം ആളുകളെ ഒന്ന് നിശ്ശബ്ദമാക്കിയെങ്കിലും അതത് ഏരിയയുടെ അതിര്‍ത്തിവിടുന്നതുവരെ പട്ടികള്‍ ദേശീയഗാനവുമായി അകമ്പടി സേവിച്ചതുകൊണ്ട് ഏറുവിദഗ്‌ധന്‍മാരൊന്നും റോഡിലിറങ്ങിയതുമില്ല. ജവാന്‍ നാളെ അതുവഴി പോകണമെന്നില്ല. പട്ടികള്‍ക്കാവട്ടെ വേറെയെങ്ങും പോകാനുമില്ല. അവറ്റകള്‍ക്ക് ഏറുകൊണ്ടാല്‍ പിന്നെ പ്രതികരണം പ്രത്യയശാസ്‌ത്രം പഠിച്ചശേഷമായിരിക്കണമെന്നുമില്ല.
"എടുത്തുവെക്കീനെടാ സകലോം" ഒരലര്‍ച്ചയായിരുന്നു. അടുക്കളയില്‍ നിന്നും ജാനകിക്കുട്ടിയും പിന്നാലെ വാനരപ്പടയും ഓടിയെത്തുമ്പോഴേക്കും ജവാന്‍ റോഡിലേക്ക് തിരിച്ചു മാര്‍ച്ചു തുടങ്ങിയിരുന്നു. വര്‍ദ്ധിതവീര്യത്തോടെ പിള്ളേര്‍ പിറകെയും. രാജദ്രാവകം അടങ്ങിയ പെട്ടിമാത്രം അതിര്‍ത്തി കാക്കുന്ന അതേ ശുഷ്‌കാന്തിയോടെ മൂപ്പര്‍ സ്വയം വഹിച്ചു. പോക്കറ്റില്‍ നിന്നും കാശെടുത്ത് വണ്ടിക്കാരനുനേരെ നീട്ടി. പറഞ്ഞതിലും ഒരു രൂപാ കൂടുതല്‍.
ആ ഉദാരമനസ്‌കതയ്‌ക്ക് വണ്ടിക്കാരന്‍ തലേക്കെട്ടൂരി ആദരാജ്ഞലിയര്‍പ്പിച്ചു. എട്ടണ ചോദിച്ചാല്‍ നാലണകൊടുക്കുന്ന പട്ടാളക്കാരെ മാത്രമേ മൂപ്പര്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.
പട്ടാളത്തില്‍ ചോദിച്ചതുമാത്രമേ കൊടുക്കാവൂ. പറയുന്നതുമാത്രമേ ചെയ്യാവൂ. ചെയ്യുന്നതുമാത്രമേ പറയാവൂ എന്നൊക്കയാണ്. ലീവില്‍ പ്രവേശിക്കുന്ന നിമിഷം തൊട്ട് ഈ സ്വഭാവങ്ങള്‍ക്കും മൂപ്പര്‍ അവധികൊടുക്കും. ഇക്കാര്യത്തിലും ചോദിച്ചത് കൊടുക്കരുതെന്നൊരു നിബന്ധനമാത്രമേ മൂപ്പര്‍ക്കുള്ളൂ. ഒരു രൂപ അധികമായപ്പോള്‍ ആ പ്രശ്‌നവും സോള്‍വ്‌ഡ്. വെടി ഒന്നധികമായാലും കുഴപ്പമില്ല കുറഞ്ഞുപോകരുത് എന്നല്ലേ അതിര്‍ത്തിയിലെ ഇന്ത്യാ-പാക് നയം.
കാശുവാങ്ങിയിട്ടും വന്നത് പട്ടാളക്കാരനായതുകൊണ്ട്, വറ്റുകൈകൊണ്ട് കോഴിയെ തെളിച്ചപോലെ വണ്ടിക്കാരന്‍ തലയും ചൊറിഞ്ഞ് ചുറ്റിക്കളിക്കാന്‍ തുടങ്ങി. സംഗതി മൂപ്പര്‍ക്ക് പിടികിട്ടി. പിന്നെ അടുത്ത ഒരലര്‍ച്ചയാണ് "സകലോം ആത്തുപോ, ഉം അന്തര്‍ ജാ". അടുത്തുകിട്ടിയ സ്‌റ്റീല്‍ ഗ്ലാസില്‍ തന്നെ പുള്ളി കുപ്പി പൊട്ടിച്ചങ്ങോട്ട് ഒഴിച്ചു. മൂപ്പരുടെ ഒരു രീതിക്കനുസരിച്ച് സാമാന്യം ഭേദപ്പെട്ട ഒരൊഴിപ്പ്. വെള്ളത്തിന്റെ പാട്ടയില്‍ കൈവച്ചപ്പോള്‍ വണ്ടിക്കാരന്‍ ചാടിവീണു. "നല്ലോരു പട്ടാളത്തില്‍ മായം ചേര്‍ക്കല്ലേമാനേ" ന്നും പറഞ്ഞ് ഒരു പിടുത്തം. അതങ്ങിറങ്ങുന്നതിന് കണക്കായി മൂപ്പരൊന്നു വളഞ്ഞു. മെല്ലെയവിടെയിരുന്നു. നട്ടുച്ചയ്‌ക്ക് വെള്ളം ചേര്‍ക്കാതെടുത്ത റം ആദ്യം പൂക്കുറ്റിക്ക് തീപ്പിടിച്ചപോലെ തലയിലോട്ട് പാഞ്ഞുകയറി അവിടെ ഒരു റെയ്‌ഡ് നടത്തി ഒരു സ്റ്റെപ്പ് താഴെയിറങ്ങി ബോധം മറിയുന്നതുവരെ നാവില്‍ വിശ്രമിക്കുകയാണ് പതിവ്.
രാജദ്രാവകത്തിന്റെ ഏറ്റവും വലിയ ഗുണം അതുലേശം പിടിപ്പിച്ചാല്‍ ഏത് ഭൃത്യനെയും അത് ചക്രവര്‍ത്തിയായി വാഴിക്കും. രാജാവിനും ഒരു സ്റ്റെപ്പ് മീതെ. ഇവിടെയും അതാണ് സംഭവിച്ചത്. "സൂട്ടും കോട്ടും അയിച്ചി്‌ട്ട് പോയി സാപ്പാട് ആയോന്ന് നോക്കെടോ യെവാനെ" . അടുക്കളയില്‍ തോക്കില്ലാതിരുന്നതുകൊണ്ടുമാത്രം അതിര്‍ത്തിയില്‍നിന്നും രക്ഷപ്പെട്ടെത്തിയ ജവാനും പെട്ടികളെ കെട്ടിവലിച്ചെത്തിച്ച വണ്ടിക്കാരനും രക്ഷപ്പെട്ടെന്നു പറയുന്നതാവും ശരി.
രംഗം മോശമാവുന്നതിനുമുമ്പേ മുപ്പര്‍ തപ്പിയെടുത്ത ഒരു പായ്‌ക്കറ്റ് പൊളിച്ച് കുറെ മിക്‌ചര്‍ വാരി ഒരു പ്ലേറ്റിലിട്ടു അയാളുടെ മുന്നിലേക്കു വച്ചുകൊടുത്തു. കരിവണ്ടിയില്‍ എഞ്ചിനിലേക്ക് കരിയെറിഞ്ഞപോലെ അത് സ്വാഹ. പഹയനെ പിടിച്ചെഴുന്നേല്‌പിച്ച് ചുമരു ചാരി നിര്‍ത്തി, എങ്ങിനെയോ മുണ്ടൊന്നു മടക്കിക്കുത്തി. ഒരുവിധത്തില്‍ താങ്ങി കൈവണ്ടിക്കരികിലെത്തിച്ചു. വേറെ കച്ചറയൊന്നുമില്ലെന്ന് ജാനകിക്കുട്ടിയെയറിയിക്കുവാനായി പുള്ളി ഉച്ചത്തില്‍ പറഞ്ഞു "ഓകെ റൈറ്റ് തൂ ജാ, ബഹുത്ത് ശുക്രിയാ".
"ഫ പരട്ടെ, മലയാളത്തില്‍ പറഡാ, ഞ്ഞില്ലെപ്പാ ഹിന്ദിക്കാരനായെ ---മോനെ". ഇനി അങ്ങോട്ട് ഞ്ഞി വലിക്കും ഞാന്തള്ളും" ന്നും പറഞ്ഞ് പെറ്റപാടെയുള്ള കന്നുകുട്ടി പോകുന്ന പോലെ നാലു സ്‌്‌റ്റേപ്പും വച്ച് പുള്ളിക്കാരന്‍ നിലംപരിശായി. ഭൃത്യന്‍ ചക്രവര്‍ത്തിയായ വിവരം അപ്പോഴാണ് മൂപ്പര്‍ക്ക് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഇനി പറഞ്ഞിട്ട് കാര്യമില്ല.
ഇതിലും ഭേദം അതിര്‍ത്തിക്ക് കാവലിരിക്കലായിരുന്നു എന്നൊരാത്മഗതവുമായി തിരിയുമ്പോള്‍ യുദ്ധപ്രഖ്യാപനവുമായി സ്വന്തം ജാനകിക്കുട്ടി.
5 comments:
സാദാ തുപ്പാക്കിമുതല്‍ പെരിയ സുബേദാര്‍മാര്‍ വരെയുള്ള ഒരു പാട് യോദ്ധാക്കളെക്കൊണ്ട് സമൃദ്ധമാണ് നിത്യന്റെ ആവാസമേഖല. ക്യാപ്‌റ്റനും അതിനുമുകളില്‍ വിഷം മൂത്ത സാധനങ്ങളും നാട്ടിലുണ്ടെങ്കിലും ബോഫേഴ്‌സ് തോക്കുപോലെ നാട്ടുകാര്‍ക്ക് അപ്രാപ്യമാണ്. അങ്ങിനെയുള്ള നിരവധിയാളുകളില്‍ എടുത്തുപറയേണ്ട ഒരു ധീരജവാനാണ് രാമകൃഷ്‌ണേട്ടന്‍. 18 ആവുമ്പോഴേക്കും രാജ്യസ്‌നേഹം നിറഞ്ഞുകവിയുന്നതുകാരണം നാട്ടിലെ ആണുങ്ങളെല്ലാം നേരെപോയി പട്ടാളത്തില്‍ ചേരുകയാണ് പതിവ്. പെണ്ണുങ്ങള്‍ക്ക് വനിതാപട്ടാളത്തെപ്പറ്റി കേട്ടറവില്ലാത്തതുകൊണ്ട് ഉണ്ണിയാര്‍ച്ചകളായി വീട്ടില്‍ തന്നെ കഴിയും.
നല്ല വായന , നല്ല വിവരണം..വീണ്ടും വരാം
വായിയ്ക്കാന്‍ രസം, പക്ഷെ അല്പ, നീളം കൂടിയോ?
സംഗതി ഹരമായിട്ടുണ്ട് . വിശദീകരണം കൂടിയത് കാരണം ഒഴുക്ക് നഷ്ടപ്പെട്ടു. നിത്യ ശോഭിതാശംസകള് .
maashe post rasicchu. ithaarum sraddhikkaathe poyathengane?
Post a Comment