Sunday, July 13, 2008

കാട്ടില്‍ കുഞ്ഞിരാമനും ലോകബേങ്കും

ഒരുനാള്‍ കുഞ്ഞിരാമേട്ടന്‌ ഒരു തോന്നല്‍. കൈക്കോട്ടും ചുമലില്‍ വച്ച്‌ വയലിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ തോന്നിയത്‌ ഗുരുവായൂരേക്കൊന്ന്‌ പോകണം. ഗുരുവായൂരപ്പന്‍ മാടിവിളിച്ചാല്‍ പിന്നെ മുടക്കുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കൈക്കോട്ട്‌ റോഡരുകില്‍ വച്ച്‌ വരുന്ന ബസ്സിന്‌ കൈകാണിച്ചു. വര്‍ക്ക്‌ ഈസ്‌ വര്‍ഷിപ്പ്‌ എന്നാണല്ലോ. അതുകൊണ്ട്‌്‌ മടങ്ങിവന്നശേഷം പണിമുണ്ട്‌ മാറ്റാമെന്നും കരുതി.

കീശയിലാണെങ്കില്‍ ചില്ലറ കാശേയുള്ളുതാനും. തിരിച്ചെത്താനുള്ളതും കഴിച്ച്‌ ചില്ലറമാത്രം. ഗുരുവായൂരിലെത്തിയപ്പോഴേക്കും വിശന്നവശനായതുകൊണ്ട്‌ ആദ്യം പൂജകളുടെ വിലനിലവാരപട്ടിക വിശദമായി ഒന്നുനോക്കി. ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ട്‌ അതാ കിടക്കുന്നു അവില്‍ നിവേദ്യം. വിശപ്പിനു വിശപ്പും മാറിക്കിട്ടും പടച്ചോന്‌ കൊടുത്തൂന്നുമായി. ചോറിനുപകരം ഇന്നേക്ക്‌ അവിലാവട്ടെ എന്നുകരുതി സമാധാനിച്ചു.
"കൈ നീട്ട്വാ"
മൂപ്പര്‍ രണ്ടു കൈയ്യും നീട്ടി. ഒരു കഷണം ഇലയില്‍ അച്ചാറുപോലെ നാലുമണി അവില്‍ കൈയ്യിലേക്ക്‌ ലാന്‍ഡു ചെയ്‌തു.
കുഞ്ഞിരാമേട്ടന്റെ കണ്ണു തള്ളിപ്പോയി. "എന്നാലും ആറുറുപ്പ്യക്ക്‌ എന്തെങ്കിലും വേണ്ടേന്റെ ഗുരുവായൂരപ്പാ! ഈനാണെങ്കില്‍ ഒരു കൈ മതിയായിരുന്നല്ലോ, എല്ലത്തിനുമൊരു നേരും മര്യാദയും വേണ്ടേ. കുഞ്ഞിരാമനെയും തിരിയാണ്ടോയോ കൃഷ്‌ണാ?" തത്‌കാലം പ്രതിഷേധം ഇത്രയും വാക്കുകളിലൊതുക്കി. മനുഷ്യനാണെങ്കില്‍ കരണക്കുറ്റിക്കൊന്നു കൊടുത്തു പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഗുരുവായൂരപ്പനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നടപടിക്ക്‌ പ്രസക്തിയില്ലാത്തതുകൊണ്ട്‌ കൂടുതലൊന്നും പറയാതെ മൂപ്പര്‍ തിരിച്ചു.

ഒരു കാലന്‍കുടയ്‌ക്ക്‌ ജീവന്‍ വച്ച്‌ നടന്നുപോകുന്നതാണെന്നേ തോന്നൂ. കുട പോലെ തന്നെ ആവശ്യത്തിനുമാത്രമേ കുഞ്ഞിരാമേട്ടന്‍ വായ തുറക്കുകയുമുള്ളൂ. സാധാരണ അപൂര്‍വ്വമായി മാത്രം തുറക്കപ്പെടുന്ന ആ വായില്‍ നിന്നും വരുന്നത്‌ താങ്ങാന്‍ ത്രാണിയുള്ളവര്‍ മാത്രമേ മുന്നില്‍ നില്‌ക്കുകയുള്ളൂ.

മൂപ്പരു പറയുന്നത്‌ ആരും കേള്‍ക്കണമെന്ന വാശിയൊന്നുമില്ല. എന്നാല്‍ പറയുന്നതേ ചെയ്യൂ. ചെയ്യാന്‍ പറ്റുന്നതേ പറയൂ. ആരായാലും ലേശം നേരും മര്യാദയുമൊക്കെ വേണം എന്നാണ്‌ മൂപ്പരുടെ അഭിപ്രായം. മനുഷ്യനായാല്‍ മൂപ്പരുടെ വകയായി ലേശം ഡിസ്‌കൗണ്ടൊക്കെയുണ്ട്‌. ദൈവങ്ങള്‍ക്കാണെങ്കില്‍ അതില്ല.

കൈക്കോട്ടുപണിയാണ്‌ ഉപജീവനമാര്‍ഗം. നേരും മര്യാദയും കുഞ്ഞിരാമേട്ടന്റെ ഇടത്തും വലത്തുമായി സ്ഥിതിചെയ്യുന്നതുകൊണ്ട്‌ പണിക്കുമാത്രം യാതൊരു ക്ഷാമവുമില്ല. പോവാത്ത കുറവേ ഉള്ളൂ. കാര്യമായൊരു ദുശ്ശീലം പത്രം അരിച്ചുപെറുക്കി വായിച്ചുകളയലാണ്‌. പിന്നെ വായിച്ച സംഗതി അയവിറക്കലും.

പണികഴിഞ്ഞാല്‍ കൈക്കോട്ടിലുള്ള പിടി ഒന്ന്‌ അയയുന്നതോടെ കള്ളിന്‍കുപ്പിയുടെ കഴുത്തിലെ പിടി മുറുകും. അകത്തിരിക്കുന്ന സത്യസന്ധതയ്‌ക്ക്‌ ആനുപാതികമായി വീര്യം കൂടാന്‍ അതങ്ങോട്ടുള്ളില്‍ ചെല്ലേണ്ട താമസമേയുള്ളൂ. പിന്നെ വായില്‍ വരുന്ന സംഗതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്ക്‌ അപ്രിയസത്യങ്ങളായിരിക്കും.

അതെല്ലാംകൊണ്ടുതന്നെ നാട്ടുകാര്‍ കുഞ്ഞിരാമന്‌ ലേശം തകരാറാണെന്ന്‌ വിധിയെഴുതിയിട്ടുണ്ട്‌. ആ വിധിന്യായം അറിഞ്ഞപ്പോഴും മൂപ്പര്‍ ചിരിച്ചതേയുള്ളൂ. നാറാണത്തിനെ ഭ്രാന്തനെന്നു വിളിച്ചവരല്ലേ, പിന്നെ കുഞ്ഞിരാമനെ വിളിച്ചതിലെന്തദ്‌ഭുതം എന്നമട്ടിലുള്ള ഒരാക്കിയ ചിരി.

അങ്ങിനയൊരു ദിവസം മൂപ്പര്‍ ചായയോടൊപ്പം അന്നത്തെ പത്രം കലക്കിക്കുടിക്കുകയായിരുന്നു. കുഞ്ഞിരാമേട്ടന്‍ ചായപ്പീടികയിലെത്തിയാലാണ്‌ സൂര്യന്‍ കിഴക്കുദിക്കുക. കള്ളുഷാപ്പില്‍ നിന്നിറങ്ങിയാലാണ്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുക. അതു അനാദികാലം മുതലേയുള്ള ഒരു അണ്ടര്‍സ്റ്റാന്റിംഗാണ്‌.

പത്രം വായിച്ചു തൃപ്‌തിവന്നാലേ മൂപ്പര്‍ പണിക്കുപോവുകയുള്ളൂ. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ പിന്നെ വായന ഉച്ചത്തിലാകും "ഓരോ ഇന്ത്യക്കാരനും ലോകബാങ്കിന്‌ 20 രൂപാവച്ച്‌ കടക്കാരനാണ്‌"
അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടാഞ്ഞ്‌ ഒരു ബീഡികൂടി ആഞ്ഞുവലിച്ചു. ഒന്നുകൂടി വായിച്ചു. അപ്പോള്‍ സംഗതി ഓടി. ദില്ലിയിലെ പാദുഷമാര്‍ അന്ന്‌ കോണ്‍ഗ്രസുകാരാണ്‌.

കൂടെ പണിക്കുപോകുന്നവര്‍ വന്ന്‌ വിളിച്ചു.
"ഇങ്ങള്‌ പോയിക്കോളീന്‍, എനക്ക്‌ വേറെ ചില്ലറ പണിയുണ്ട്‌. കുഞ്ഞിരാമന്‍ ജീവിതത്തിലാരിക്കും കടം പറഞ്ഞിട്ടില്ല. അത്‌ വീട്ടീറ്റേ ഇനി വേറെക്കാര്യള്ളൂ".
സംഗതി ഗുലുമാലായി. "ഇവിടുത്തെ കാങ്ക്രസിന്റെ നേതാവാരാടോ ഇപ്പോ?"
"അതിമ്മളെ മൊട്ടക്കുമാരനല്ലെടോ, അല്ല പറേമ്പള്‌ക്കും ആളതാ വെരുന്ന്‌" കരുണന്‍ പറഞ്ഞു.

ഉം. കുഞ്ഞിരാമേട്ടന്‍ ഒന്നമര്‍ത്തി മൂളി.
മൊട്ടേമ്മല്‍ കുമാരന്‍ അഥവാ മൊട്ടക്കുമാരന്‍ പീടികയില്‍ കയറി ബ്ലോക്ക്‌ മീറ്റിംഗിന്‌ പോകേണ്ടതുകൊണ്ട്‌ ചായ ബസ്‌ വരുന്നേനും മുമ്പേ കിട്ടണമെന്ന്‌ പറഞ്ഞു.
"കുമാരാ, ഞ്ഞിങ്ങോട്ട്‌ വാ, വന്നകാലില്‍ നിക്കാതെ മരത്തിമ്മേല്‍ കേരി കുത്തിരിക്ക്‌"
"എന്താ കുഞ്ഞിരാമാ ഇന്നൊരു പുതിയ ലോഹ്യം" പന്തികേടു മണത്തുകൊണ്ട്‌ കുമാരന്‍ ചോദിച്ചു?
"ഇന്ദിരാഗാന്ധി കുമാരാ ഇന്‍യാരാ?"
ഓറല്ലേ ഞമ്മള പ്രധാനമന്ത്രി.
"ഞാന്‍ ലോകത്തിലാരിക്കും കടം പറേലില്ലാന്നകാര്യം ഇന്‌ക്കറിയാവ്വോ?"
അറിയാണ്ടോ, ലോകത്തെല്ലാരും ഇങ്ങള്‍ക്ക്‌ കടപ്പെട്ടവരാണെന്ന്‌ ആരിക്കാ അറിഞ്ഞൂടാത്തത്‌.
"സുയിപ്പിക്കണ്ട. ഇന്നേത്ത കടലാസ്‌ നോക്കിയാ ഞ്ഞി"
ഇല്ല.
"എന്നാ നോക്കീന്‍. അയില്‌ കാട്ടില്‍ കുഞ്ഞിരാമന്‍ 20 ഉറുപ്പിക കടക്കാരനാന്ന്‌ എഴുതീറ്റ്‌ണ്ടല്ലോ?"
കുമാരന്‍ പരതി തളര്‍ന്നപ്പോള്‍ കുഞ്ഞിരാമേട്ടന്‍ തന്നെ ആ ഭാഗം കാട്ടിക്കൊടുത്തു.
"ഇനിക്കെന്താ കുഞ്ഞിരാമാ പെരാന്താ. അതു മൊത്തത്തിലുള്ള കണക്കല്ലേ."
എനക്കിതൊന്നുമറിയണ്ട. ഞ്ഞി ഇത്‌ പിടിക്ക്‌. 20 ഉറുപ്പ്യണ്ട്‌. രണ്ടീസം പട്ടിണ്യായാലും ശരി. ദുശ്‌പേര്‌ ഞാന്‌ണ്ടാക്കൂല്ല. ഇന്നല്ലെങ്കില്‍ നാളത്തന്നെ ഞ്ഞി ഇത്‌ ഇന്ദിരാഗാന്ധിക്കെത്തിക്കണം. മറ്റന്നാളത്തെ പേപ്പറില്‍ ആ വിവരം വര്വേം വേണം. അതായത്‌ കാട്ടില്‍ കുഞ്ഞിരാമനൊഴിച്ച്‌ ബാക്കി ഇന്ത്യക്കാരെല്ലാം ലോകബാങ്കിന്‌ 20 ഉറുപ്പിക കടക്കാരാണ്‌".
"ഞ്ഞിയെന്നാ കുഞ്ഞിരാമാ ഇപ്പറേന്നെ"
ആയിനില്ല എന്നൂണ്ട്‌. ഇനി മേലാണ്ട്‌ കുഞ്ഞിരാമനോട്‌ ചോയിക്കാണ്ട ഓന്റ പേരില്‍ കടം മേടിക്കരുതെന്നും ഓളോട്‌ പറേണം. ഇല്ലെങ്കില്‍ ഇന്റ കാലിന്റ മുട്ടാ ഞാനടിച്ചാട്ട്വ.

20രൂപ എന്തുചെയ്യണമെന്നറിയാതെയും നാളെ കാലിന്റെ ഷേപ്പെന്താവുമെന്നുമൊക്കെ ആലോചിച്ചുകൊണ്ട്‌
മൊട്ടക്കുമാരന്‌ തൂണും ചാരി നില്‌ക്കുമ്പോള്‍ കൈക്കോട്ട്‌ വീത്‌ ചുമലിലേക്കിട്ട്‌ കാട്ടില്‍ കുഞ്ഞിരാമന്‍ നടന്നകന്നു.

14 comments:

NITHYAN said...

ഗുരുവായൂരപ്പന്‍ മാടിവിളിച്ചാല്‍ പിന്നെ മുടക്കുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കൈക്കോട്ട്‌ റോഡരുകില്‍ വച്ച്‌ വരുന്ന ബസ്സിന്‌ കൈകാണിച്ചു. വര്‍ക്ക്‌ ഈസ്‌ വര്‍ഷിപ്പ്‌ എന്നാണല്ലോ. അതുകൊണ്ട്‌്‌ മടങ്ങിവന്നശേഷം പണിമുണ്ട്‌ മാറ്റാമെന്നും കരുതി.

Unknown said...

കുഞ്ഞിരാമാട്ടനെ എവിടെയോ കണ്ട് മറന്ന പോലെ ... :)

തറവാടി said...

good one :)

ശ്രീ said...

കലക്കി മാഷേ... കലക്കി.

‘അതായത്‌ കാട്ടില്‍ കുഞ്ഞിരാമനൊഴിച്ച്‌ ബാക്കി ഇന്ത്യക്കാരെല്ലാം ലോകബാങ്കിന്‌ 20 ഉറുപ്പിക കടക്കാരാണ്‌’ ഹ ഹ.

:)

അനില്‍@ബ്ലോഗ് // anil said...

ഒരു പുതിയ സന്ദര്‍ശകനാണെ,
നല്ല എഴുത്താണ്.വീണ്ടും വരാം

ഫസല്‍ ബിനാലി.. said...

നിത്യന്‍..നല്ല എഴുത്ത്, ലളിതം, സുന്ദരം
ആശംസകളോടെ...

Manikandan said...

നിത്യന്‍‌ജി വളരെ ഇഷ്ട്പ്പെട്ടു. ഇതുപോലെ സത്യസന്ധരായ കഥാപാത്രങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിന്‍‌പുറങ്ങളില്‍ ഉണ്ടെന്നതും ആ‍ശ്വാസകരം.

പിന്നെ ഒരു ചെറിയ തിരുത്തും വേണം. അവസാനം വന്നപ്പോള്‍ മൊട്ടകുമാരന്‍ മൊട്ടരാഘവന്‍‌ ആയി.

കുതിരവട്ടന്‍ | kuthiravattan said...

:-)

കണ്ണൂരാന്‍ - KANNURAN said...

ഇന്നലെ ശില്പശാലക്കു വന്നപ്പോള്‍ പ്രിന്റൌട്ട് കിട്ടിയതിനാല്‍ ഇവിടെ കമന്റാന്‍ വൈകിയെങ്കിലും തേങ്ങ എന്റെ വകയായിരുന്നു. ഇനിയും പോരട്ടെ തനി നാടന്‍ കഥാപാത്രങ്ങള്‍...

NITHYAN said...

നന്ദി മണികണ്‌ഠന്‍. ആ തെറ്റ്‌ ഒരു ഇമ്മിണി ബല്യ തെറ്റുതന്നെയായിരുന്നു. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്‌.

പാമരന്‍ said...

കുഞ്ഞിരാമേട്ടന്‍ കലക്കി! ഓളെ കാല്‌ മ്പക്ക്‌ കൊത്താ..

രസികന്‍ said...

ഹഹഹ കുഞ്ഞിരാമേട്ടൻ അസ്സലായി
ആശംസകൾ

ഒരു സ്നേഹിതന്‍ said...

സൂപര്‍ എഴുത്താണ് നിത്യന്‍, ഇതുപോലെ പ്രതീക്ഷിച്ചു ഇനിയും വരും , പ്രതീക്ഷ തെറ്റിക്കരുത്,
ശരിക്കും ഇഷ്ടപ്പെട്ടുട്ടോ...

വേര്‍ഡ് വെരിഫികേഷന്‍ നമുക്കു വേണോ?

ബഹുവ്രീഹി said...

:)