Monday, August 4, 2008

മുരുകാ! ഉന്‌ക്ക്‌ റൊമ്പ താങ്ക്സെടാ

വര്‍ഷം 1991. പൊതുജനസമ്മതി അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതു കാരണം നാട്ടിലൊരു രക്ഷയുമില്ലാതെയായ നല്ല നാളുകള്‍. കൗമാരത്തില്‍ നിന്നും വഴിതെറ്റി യൗവ്വനത്തില്‍ ശീര്‍ഷാസനം നടത്തുന്ന സുവര്‍ണകാലഘട്ടം.
കുടുംബക്കാര്‍ക്കിടയിലുള്ള മതിപ്പിന്റെ മെര്‍ക്കുറിയും വച്ചടിവച്ചടി കയറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

മലബാറുകാര്‍ക്ക്‌ വീടുവിട്ടാല്‍ മറ്റൊരു വീടാണ്‌ പണ്ടേ മദിരാശി.
അങ്ങിനെ വഴിതെറ്റിയവര്‍ക്കുള്ള ദുര്‍ഗുണപഠന പാഠശാലകളാണ്‌ മദിരാശിയിലെ ചായപ്പീടികകള്‍.

മുരുകാ പോകലാമാ?
എന്നാ മാസ്‌റ്റര്‍ ഇപ്പത്താ
ന്‍ പട്‌ത്തിരിക്കേ, ശുത്തമാ തൂങ്ങവേയില്ല്യേ
എന്നടാ, ടൈം എവളായ്‌ച്ച്‌ന്നാ നെനക്കെറേന്‍?
ആമാ രണ്ട്‌ മണി മാസ്റ്റര്‍.
അതുതാന്‍ ഇന്‌റക്ക്‌ കോര്‍പ്പറേഷന്‍ തണ്ണി വരത ടൈം. ലേറ്റ്‌ ആയ്‌ച്ചാല്‍ തണ്ണി പുടിക്കമുടിയാത്‌. കാലേലെ കട ഓപ്പണ്‍പണ്ണമുടിയാത്‌. അതോടെ നമ്മ വേലയേ പോയിടും.

ദോഷം പറയരുതല്ലോ. ഞാന്‍ കേള്‍ക്കേ മുരുകന്‍ എന്നെ മാസ്‌റ്റര്‍ എന്നുവിളിക്കും. മദിരാശിയിലെ കീഴ്‌പാക്കം പൂന്തോട്ട നഗരിയിലെ ചായക്കാരന്‍ അഥവാ ടീ മാസ്‌റ്റര്‍ എന്ന ഹൈ പ്രോഫൈല്‍ ജോലിയില്‍ ഞാന്‍ വിലസുന്ന കാലം. മുരുകന്‍ ടീ അസിസ്റ്റന്റ്‌ എന്ന ഗ്ലാസുകഴുകിയുടെ ലോ പ്രൊഫൈല്‍ ജോലിയിലും.

ആദ്യനാളുകളില്‍ അന്ത പൈത്ത്യക്കാരന്‍ പരദേശീന്നു മുരുകന്‍ അരുമയായി നമ്മളെ വിശേഷിപ്പിച്ചിരുന്നു. പിന്നീട്‌ മുരുകന്‍ ഞാനുമായി അടുത്തു. കാജാബീഡി രണ്ടെണ്ണം ഞാന്‍ വലിക്കുമ്പോള്‍ ചോദിക്കാതെ ഒന്നെടുത്ത്‌ മുരുകനുകൊടുക്കുന്ന വിശാലസൗഹൃദത്തിന്റേതായി പിന്നീടുള്ള നാളുകള്‍. അതോടെ എന്റെ പൈത്ത്യവും മാറിക്കിട്ടി. പരദേശിപ്പട്ടത്തിന്റെ നൂലും അറ്റുകിട്ടി.

അന്ത ഊരിലെ അറിയപ്പെടുന്ന പെറുക്കികള്‍ക്കിയിലെ അറിയപ്പെടാത്ത പെറുക്കിയായി ജീവിക്കണോ അതോ ഫുള്‍ ടൈം പെറുക്കിയായി നാടു വാഴണോ അല്ലെങ്കില്‍ നാട്ടിലേക്ക്‌ തിരിച്ചുപോയി നിന്നിടം കുഴിക്കുന്ന (കല്ലുവെട്ട്‌) തു തുടരണമോ എന്നെല്ലാം ആലോചിക്കുന്ന സമയം.

ടീ മാസ്റ്ററും ടീ അസിസ്റ്റന്റുമായി എന്റെയും മുരുകന്റെയും കലാപജീവിതം ഏതാണ്ട്‌ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുടങ്ങി പാതിരാവരെ നീളും.
കണ്ണുതെറ്റിയാല്‍ നല്ലവരായ നാട്ടുകാര്‍ ഭരണിയിലെ നാലണബിസ്‌കറ്റിന്റെ കഥ കഴിക്കും. റോഡരുകില്‍ അതായത്‌ കടയുടെ ചായ്‌പില്‍ തന്നെ കുത്തിയിരുന്ന്‌ ചായ മോന്തി, ആ ഗ്ലാസുമെടുത്ത്‌ അഭ്യുദയകാംക്ഷികള്‍ നേരെ പോയെന്നും വരും. ഗ്ലാസു തരുമ്പോഴല്ലേ കാശു തരേണ്ടതുള്ളൂ. ഇനി പിടിച്ചുവച്ച്‌ ചോദിച്ചാല്‍ എന്തിനും തയ്യാറായി നിന്നുകൊള്ളണം.

ഏറ്റവും പ്രധാനപ്രശ്‌നം അന്നും കുടിവെള്ളം തന്നെയാണ്‌. തണ്ണിവണ്ടി തെരുവിലെത്തുക നട്ടപ്പാതിരയ്‌ക്കായിരിക്കും പലപ്പോഴും. അല്ലെങ്കില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍. വീലുള്ള വാട്ടര്‍ടാങ്ക്‌ അഥവാ ഉടല്‍ ലോറിയുടെ തലയ്‌ക്ക്‌ ഘടിപ്പിച്ച ഒരദ്‌ഭുദ ജീവിയാണ്‌ തണ്ണിവണ്ടി. ലോറി വടക്കോട്ടുപോയപ്പോള്‍ വെള്ളം അചഞ്ചലമായി തെക്കുതന്നെ നിലയുറപ്പിച്ച ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്‌. കോര്‍പ്പറേഷന്‍ തണ്ണിവിതരണം തുടങ്ങിയാല്‍ തെരുവിലെ ജീവജാലങ്ങളുടെ എണ്ണത്തിലും സാരമായ കുറവുണ്ടാവുകയാണ്‌ പതിവ്‌. പിന്നില്‍ കൊളുത്തിവച്ച ടാങ്കിന്റെ സഞ്ചാരപഥം അതുതന്നെയാണ്‌ നിശ്ചയിക്കുക. ഡ്രൈവറും കടവുളും പലപ്പോഴും നിസ്സഹായരായിരിക്കും. അതുകൊണ്ട്‌ ആട്‌, പന്നി, പട്ടി, മനിതനാദി മൃഗങ്ങള്‍ വണ്ടിക്കടിപ്പെട്ട്‌ ചാവുകയാണ്‌ പതിവ്‌.

രണ്ട്‌ ചായയും ഒരു കെട്ട്‌ കാജാബീഡിയും കൊടുത്താല്‍ മതിയാവോളം തണ്ണി നേരിട്ട്‌ ടാങ്കിലടിച്ചുതരുന്ന ഒരു സംവിധാനമുണ്ടായിരുന്നത്‌ നിന്നുപോവുകയും ചെയ്‌തു. ഇങ്ങോട്ടുവരാത്ത തണ്ണിയെ തേടി അങ്ങോട്ട്‌ പോവേണ്ട സ്ഥിതിയായപ്പോള്‍ മുതലാളി ഒരു മുച്ചക്രസൈക്കിള്‍ തരമാക്കി. ഒരു ഫസ്റ്റ്‌ ജനറേഷന്‍ സാധനം. പിന്നെ രണ്ട്‌ പ്ലാസ്റ്റിക്‌ ടാങ്കുകള്‍, കുറെ കുട്ടിപ്പാത്രങ്ങള്‍.

പത്ത്‌ലോറി ഒന്നായിനിന്ന്‌ ന്യൂട്ടറില്‍ വച്ച്‌ ആക്‌സ്‌്‌ലേറ്റര്‍ ഫുള്‍ കൊടുത്താലും ആ ശബ്ദം തണ്ണിക്ക്‌ കാത്തുകിടക്കുന്ന തള്ളമാരുടെ ബഹളത്തിന്റെ പകുതി കാണുകയില്ല. അവിടെപ്പോയി നിന്ന്‌ അവരെയെല്ലാം ഒരുവിധം മെരുക്കി ടാങ്കില്‍ വെള്ളവും പിടിച്ച്‌ തിരിക്കാന്‍ നോക്കുമ്പോഴാണ്‌ മുരുകന്‍ ആ മഹാസത്യം വെളിപ്പെടുത്തിയത്‌. `ഇന്ത സൈക്കിളേ ഓട്ടമുടിയാത്‌. നാനത്‌ പഠിക്കവേയില്ല`
`അട പാപീ നീ എന്നാ പെരിയ...............സൈക്കിളേ തെരിയാത്ത തമിഴനാ` ചോദിക്കണമെന്നുണ്ടായെങ്കിലും ചോദിച്ചില്ല. നാട്ടിലാണെങ്കില്‍ വിളിക്കാന്‍ ദൈവങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു. മദിരാശിയിലെ ദൈവങ്ങളുമായി നേരിട്ട്‌ പരിചയമില്ലാതിരുന്നതുകൊണ്ട്‌ മുരുകാ കാപ്പാത്തയ്യാ എന്നല്ലാതെ മറ്റെന്തു പറയാന്‍.

വേറെ മാര്‍ഗമൊന്നും കാണാത്തതുകൊണ്ട്‌ തത്‌ക്കാലം ഒരു കോമണ്‍ മിനിമം പ്രോഗ്രാമെന്ന നിലയില്‍ ഞാന്‍ അന്തസ്സായി ചവുട്ടും മുരുകന്‍ അന്തസ്സിനുകുറവുവരാത്തവിധം തള്ളും എന്നൊരു തീരുമാനത്തിലെത്തി. പുറമേ രണ്ടു കാജാബീഡി ഞാന്‍ വലിക്കുമ്പോള്‍ ഒന്ന്‌ അസിസ്‌റ്റന്റായ മുരുകനും കൊടുക്കുകമാത്രമല്ല മാനംമര്യാദയായി ബീഡിവലിക്കാന്‍ ഫ്രീയായി പഠിപ്പിച്ചുകൊടുക്കുകയും ചെയ്യും.

പെഡലില്‍ വലതുകാലൊന്നമര്‍ത്തിച്ചവുട്ടിയപ്പോഴേക്കും സര്‍വ്വേക്കുറ്റി കണ്ട പട്ടിയെപ്പോലെ ഇടതുഭാഗം അറിയാതങ്ങുപൊങ്ങി. മുരുകാ..... മേലേന്ന്‌ മുരുകന്‍ വിളി കേട്ടില്ലെങ്കിലും താഴെയുള്ള മുരുകന്‍ ആഞ്ഞുവലിഞ്ഞു തള്ളിയതും വണ്ടി കണ്‍ട്രോളുപോയ വിത്തുകാളയെപ്പോലെ പൊന്നുച്ചാമിയുടെ ചായ്‌പിലേക്ക്‌ ഒരു പോക്കങ്ങുപോയി. മുതലാളിയുടെ ഭാഗ്യം കൊണ്ടായിരിക്കണം ആപത്തൊന്നും സംഭവിച്ചില്ല.

ജീവിതത്തില്‍ എനിക്ക്‌ യാതൊരു കണ്‍ട്രോളും നീയനുവദിച്ചില്ല. മുരുകാ ഈ വണ്ടിയുടെ മേലെങ്കിലും ചില്ലറ കണ്‍ട്രോളുതന്നാല്‍ പെരിയ ഉപകാരമായിരുന്നു എന്നെല്ലാം പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീണ്ടും കയറിയിരുന്നു. മുരുകന്‍ മുന്നോട്ടേക്ക്‌ തന്നെ തള്ളുന്നു. ഞാനും മുന്നോട്ടേക്കുതന്നെ ചവുട്ടുന്നു. എന്നാലോ എന്‍.സി.പിയെപ്പോലെ നശിച്ച വണ്ടിയുടെ ഒടുക്കത്തെ പോക്ക്‌ ഒന്നുകില്‍ വലത്തോട്ട്‌ അല്ലെങ്കില്‍ ഇടത്തോട്ട്‌.

ഒരു കാല്‍ കിലോമീറ്റര്‍ കന്നിക്കുടിയനെപ്പോലെ നാഗമാര്‍ഗത്തില്‍ സഞ്ചരിച്ചശേഷം സ്ഥിരം കുടിയനെപ്പോലെ സഞ്ചാരപഥം ലേശം നേരെയായി. അപ്പോഴത്തെ എന്റെ സന്തോഷം വേറൊരാള്‍ മുമ്പ്‌ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ എവറസ്‌റ്റിന്റെ നെറുകയില്‍ ആദ്യമായി ചുംബിച്ച ടെന്‍സിങ്ങായിരിക്കും. ഇനി ബാക്കിപ്രദേശങ്ങള്‍ ഇഷ്ടം പോലെ കിടക്കുന്നുണ്ടെങ്കിലും ചുരുങ്ങിയത്‌ മദിരാശി നഗരം നമ്മുടെ കാലുചുവട്ടില്‍ എന്നൊരു തോന്നലായിരുന്നു.

സന്തോഷം കൊണ്ട്‌ വണ്ടി നടുറോഡില്‍ തന്നെ നിര്‍ത്തി. എംജിആര്‍ സ്‌റ്റൈലില്‍ തന്നെ ചാടിയിറങ്ങി ഒരു കാജാബീഡിക്ക്‌ തീയ്യും വച്ച്‌ മേലോട്ടുനോക്കി നക്ഷത്രങ്ങളെയെല്ലാം വിശദമായൊന്ന്‌ നിരീക്ഷിച്ചു. സംഗതിയൊന്നും പിടികിട്ടാത്ത മുരുകന്‍ മേലോട്ട്‌ നോക്കി `എന്നാ മാസ്റ്റര്‍, എന്നാ പാര്‍ക്കറേന്‍?` എന്നുചോദിച്ചു.
ഞാന്‍ മേലെ ആളുകള്‍ക്ക്‌ വാടകയ്‌ക്ക്‌ കൊടുത്ത സംഗതിയെല്ലാം അവിടെത്തന്നെയുണ്ടോന്ന്‌ നോക്കിയതാ ...................മോനേ എന്ന്‌ മലയാളത്തില്‍ പറഞ്ഞുകൊടുത്തു. മുരുകനു തൃപ്‌തിയായി. മദിരാശിയിലെത്തിയശേഷം മനസ്സില്‍ തോന്നിയത്‌ മലയാളത്തില്‍ പറഞ്ഞിട്ട്‌ കാലം കുറേയായതിന്റെ ആ ക്ഷീണം അങ്ങോട്ട്‌ മാറിക്കിട്ടി. അണ്ണാച്ചിക്ക്‌ മനസ്സിലാവാതെപോയതുകൊണ്ട്‌ വേറെ ക്ഷീണത്തിനൊന്നും ഇടയായില്ല.

റോഡിന്റെ ഇരുവശത്തും ചവറുകള്‍ക്ക്‌ തീക്കൊടുത്ത്‌ ആ പുകയുടെ മാസ്‌മരീകസൗരഭ്യത്തില്‍ സുഖമായുറങ്ങുന്ന തമിഴ്‌മക്കളെ കുറച്ചുനേരം നോക്കിനിന്നു. ആട്‌, പട്ടി, എരുമ ആദിയായ ജീവജാലങ്ങളും

അപ്പോഴേക്കും പ്രദേശത്തെ ഭൂമിശാസ്‌ത്രത്തില്‍ അഗാധപണ്ഡിതനായിരുന്ന മുരുകന്‍ വാചാലനായി. `ഇന്ത തൂങ്ങറ്‌ത്‌ നമ്മ അഴകിയും അപ്പാവും മാസ്റ്റര്‍`
ആമാ. കട തുറക്കുമ്പോഴേക്കും ഒരു അലൂമിനിയം പാട്ടയുമായി കപ്പുചായയ്‌ക്കും നാലു പൊറക്കുമായി എന്നും നാലണയുടെ കുറവുമായെത്തുന്ന അഴകി. വാക്കിലും നോക്കിലും അഴകി.

അപ്പോ മുരുകാ അഴകിയുടെ കിടപ്പ്‌ എന്നും ഇന്ത അഴകാന റോഡിലാ?
`ആമ മാസ്‌റ്റര്‍, വീട്ടുക്കുള്ളേ എടം കെടയാത്‌. അതുതാന്‍`

ന്നാ പോകലാമാ. ഒരു എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ കയറുന്ന ഗമയോടെ അതിലങ്ങോട്ട്‌ കയറി. ഞാന്‍ ആഞ്ഞുചവുട്ടി. മുരുകന്‍ ആഞ്ഞുതള്ളി. വണ്ടി കൃത്യമായി മുന്നേറി. ഇരുവശവും ആടും എരുമയും പട്ടിയും അണ്ണാച്ചിയും തുല്യമായി വീതിച്ചെടുത്തിരിക്കുന്നതുകൊണ്ട്‌ സഞ്ചാരയോഗ്യമായി നടുവില്‍ ഒരിത്തിരി സ്ഥലമേയുള്ളൂ. കോട വീഴുമ്പോള്‍ വയനാടുചുരത്തില്‍ വണ്ടിപോകുന്നപോലെ അളന്നുമുറിച്ചുപോവുക.

എംജീയാര്‍ പടത്തിലെ പാട്ടും പാടി മുരുകന്‍ വണ്ടിക്കുപിന്നാലെ ഓടുകയാണ്‌. തമിഴ്‌ പറയുന്നതുതന്നെ കഷ്ടിയായതുകൊണ്ട്‌ പാടുന്നതിനെക്കുറിച്ചാലോചിക്കേണ്ടതില്ലായിരുന്നു. പടുപാട്ടൊന്നു പാടാത്ത കഴുതയില്ലെന്ന വസ്‌തുത ആലോചിച്ചപ്പോള്‍ ഒന്നു പാടിയില്ലെങ്കില്‍ അതിലും വലിയ അബദ്ധം വേറെയില്ലെന്നുംതോന്നി. ഒന്നുകൂടി ആലോചിച്ചപ്പോള്‍ ആ ചൊല്ല്‌ മലയാളത്തിലാണ്‌. തമിഴ്‌ കഴുതയുമായി അതിനു ബന്ധമില്ല. അങ്ങിനെയെല്ലാം ചിന്തിച്ച്‌ കുഴപ്പമില്ലെന്നു കരുതി പാടാനുള്ള പ്രലോഭനത്തെ ഊര്‍ജമാക്കി കണ്‍വേര്‍ട്ട്‌ ചെയ്‌ത്‌ കാലിലേക്കാവാഹിച്ച്‌്‌ വണ്ടി ചവുട്ടിവിട്ടു.

പിന്നെ കേള്‍ക്കുന്നത്‌ മുരുകന്റെ നാദമാധുരിയെ തികച്ചും അപ്രസക്തമാക്കുന്ന ഒരാടിന്റെ വിലാപമാണ്‌. വിലാപങ്ങള്‍ക്കപ്പുറം മുരുകന്റേതായി ഒരു സ്റ്റേറ്റ്‌മെന്റും വന്നു ചെവിയില്‍ തറച്ചു. `മാസ്‌റ്റര്‍, ആട്‌ അടിപ്പെട്ടു. ചവുട്ടി വിടുങ്കോ`. അതുവരെയുള്ള എന്റെ എസ്‌കോര്‍ട്ട്‌ മുരുകന്‍ പൊടുന്നനെ പയലറ്റ്‌ മുരകനായി അവതരിച്ചു. പിന്നെ അരങ്ങേറിയത്‌ ഫസ്റ്റ്‌ ക്വാളിറ്റി മരണപ്പാച്ചില്‍. അതിന്‌ അണ്ണനെന്താണ്‌ പറയുക എന്ന്‌ എനിക്ക്‌ ഇപ്പോഴും നിശ്ചയമില്ല. മുരുകന്‍ ഇപ്പോഴെവിടെയെന്ന്‌ എനിക്കറിയില്ല. പക്ഷേ ഓടുന്ന ആ മുരുകന്‌ നിത്യന്റെ ഓര്‍മ്മളില്‍ ഒരിക്കലും വാര്‍ദ്ധക്യമുണ്ടാവുകയില്ല.

എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. മുരുകന്‍ കടാക്ഷിച്ച്‌ അന്നേരം പഠിച്ച തമിഴും നാവില്‍നിന്നും അപ്രത്യക്ഷമായതുകൊണ്ട്‌ മുച്ചക്രവണ്ടി അന്നുവരെ ആ തെരുവില്‍ ആരും കാണാത്ത വേഗതയില്‍ പറന്നു എന്നു പറയുന്നതാവും നേര്‌.

പിന്നില്‍ നിന്നും ആളുകള്‍ ഓടിയടുക്കുന്ന ശബ്ദം. ഒരു വിധം വെള്ളവും വണ്ടിയും കടയ്‌ക്ക്‌ മുന്നില്‍ നിര്‍ത്തിയപ്പോഴേക്കും ആളുകള്‍ തൊട്ടുപിന്നാലെയെത്തി.
രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. കടയുടെ ഷട്ടര്‍ പൊക്കി. അകത്തേക്ക്‌ വലിഞ്ഞു. ഠപ്പേ! വലിച്ചുതാഴെയിട്ടു.
എന്താണ്‌ പറ്റിയതെന്നൊരു നിശ്ചയവുമില്ല. മുരുകന്‍ മൂലയ്‌ക്ക്‌ കോടിയിരുന്ന്‌ കൈത്തോട്ടില്‍ വീണ പട്ടിയെപ്പോലെ വിറച്ചുകൊണ്ടേയിരിക്കുന്നു.

സംഗതിയുടെ കിടപ്പും ആളുകളുടെ അട്ടഹാസവും ഷട്ടറില്‍ താളാത്മകമായി പതിച്ചുകൊണ്ടിരിക്കുന്ന കല്ലുകളുടെ നാദമാധുരിയും എല്ലാം കൂടെ കൂട്ടിവായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. ആടിന്റെ കരച്ചില്‍ അതിനെ ചവുട്ടി ആളുകള്‍ ഓടിയപ്പോള്‍ കേട്ടതായിരിക്കാം. മുരുകാ! നമ്മ വണ്ടി ഏതാവത്‌ പശങ്ങള്‌ മീതെ ഓടിയേച്ചാ. കടവുളേ!

കോയമ്പത്തൂര്‍ ജയിലില്‍ മദനിക്കിടത്ത്‌ ഞാനും വലത്തു മുരുകനും ഇരിയ്‌ക്കുന്ന രംഗമാണ്‌ പിന്നെ മനസ്സില്‍ തെളിഞ്ഞത്‌.
ആദ്യത്തെ പത്തുമിനിറ്റ്‌ ഡിഫി തോറ്റുപോകുന്ന താളാത്മകമായ ഏറിനു ശേഷം മാത്രമാണ്‌ സാമാന്യം ഭേദപ്പെട്ട കുറുവടി പ്രയോഗം തുടങ്ങിയത്‌. ആ ഷട്ടറിന്റെ ആരോഗ്യത്തെ ആരായാലും ആദരിച്ചുപോകും.

എന്തെങ്കിലും വിളിച്ചുപറയണമെന്നുണ്ടായിരുന്നെങ്കിലും നാവില്‍ ഒരക്ഷരം തമിഴ്‌ വരുന്നുമില്ല. മുരുകനാണെങ്കില്‍ വിറയല്‍ നിന്നിട്ടുമില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും പുറത്തൊരു മഴപെയ്‌തുതോര്‍ന്ന പ്രതീതി. പെട്ടെന്ന്‌ ശബ്ദമൊക്കെ നിലച്ചു.

പോലീസുകാരായിരിക്കും. പോയാല്‍പിന്നെ കിട്ടിയെന്നുവരില്ല. അവസാനത്തെ ഒരു ബീഡിയും വലിച്ച്‌ ജയിലിലേക്ക്‌ പോകുന്നതല്ലേ നല്ലത്‌ എന്നുതോന്നി.
ഒരു ബീഡി മുരുകനു വച്ചുനീട്ടി, വരുന്നതു വരട്ടെ വലിയെടാ ന്നു തട്ടിവിട്ടു.
അപ്പോഴതാ വരുന്നു ഒരു രണ്ടു കൊട്ട്‌, `തൊറക്കെടാ, പേടിക്കണ്ട ഇത്‌ ഞാനാ` അതിനിടെ ആരോ പോയി മുതലാളിയെ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു. രക്ഷപ്പെട്ടുവെന്നുതോന്നി.

മെല്ലെ ഷട്ടര്‍ പൊക്കി നോക്കുമ്പോള്‍ ശ്രീധരേട്ടന്‍ ചിരിച്ചുകൊണ്ടു നില്‌ക്കുന്നു. വെളിയില്‍ ഡീയെംകെയുടെ മാവട്ടം സമ്മേളനത്തിനുള്ള ആളുണ്ട്‌. മുന്‍നിരയില്‍ ഒരുവന്റെ ചുമലില്‍ ഒരാടും.
ഉം, എന്നാ പ്രച്ചനം? എന്നടാ ഷട്ടറെ ഒടച്ച്‌ ഉള്ളെ ഏറി ഏന്‍ പശങ്ങളെ ഒതക്കാന്നാ നെനച്ചിരിക്കത്‌?

`എയ്‌, എന്നാ മൊതലാളീ ഇപ്പടിയെല്ലാം പേശ്‌റ്‌. നീ താന്‍ നമ്മ തലൈവര്‌. എനിക്കപ്പം റൊമ്പ കോപം വന്തിരിച്ച്‌. അന്ത പൈത്ത്യക്കാരന്‍ പയ്യന്‍ ഏന്‍ ആട്ടിന്റെ കാലേ ഒടച്ച്‌. ഇനി ഞാനെന്നാ പണ്‌റത്‌? ഏതാവ്‌ത്‌ ഒരു നൂറുരൂപാവുക്ക്‌ ആടിനെ അന്ത തിരുട്ടുപയ്യന്‍ താന്‍ വാങ്ങട്ടും`.

അതു കേട്ടപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. ആടിന്റെ കാലേ അപ്പോ പോയുള്ളൂ. ഇക്കണക്കിന്‌ ആ ആടെങ്ങാന്‍ വടിയായിപ്പോയെങ്കില്‍ എന്നൊന്നാലോചിച്ചുപോയി.
ഞാന്‍ ശ്രീധരേട്ടന്റെ മുഖത്ത്‌ നോക്കി. എന്റെ മുഖഭാവവും മുരുകന്റെ നിലയക്കാത്ത വിറയലും കണ്ടപ്പോള്‍ ശ്രീധരേട്ടന്‍ ചിരിയടയ്‌ക്കാന്‍ പാടുപെട്ടു.

നാളെത്തൊട്ട്‌ കാലൊടിഞ്ഞ ആടിനെയും ചുമന്ന്‌ മദിരാശി നഗരത്തിലൂടെ ഉലാത്തുന്ന എന്നെത്തന്നെ ഒരു നിമിഷം ചിന്തിച്ചു.

ഡേയ്‌, അന്തമാതിരി പേശൊന്നും കെടയാത്‌. നീ ഒരു മുപ്പതുരൂപാ പുടീങ്കടാ. ആടിനേയും വച്ച്‌ക്കോ. പോപ്പാ അവന്‍ ഏന്‍ പുതുസാ പയ്യന്‍. നല്ല പയ്യനപ്പാ. ഇപ്പോ താന്‍ തമിഴ്‌ പഠിച്ച്‌ വരത്‌. പേശു തിരിയാത്‌. അതുതാന്‍ ഭയന്ത്‌ ഷട്ടറിട്ടേന്‍.

അല്ല മുതലാളീ, നാന്‍ നിജമാ ശൊല്‌റേന്‍, അന്ത താടി മലയാളത്താന്‍ പാത്താലേ തിരുട്ടുപയ്യന്‍. നമ്പവേ മുടിയാത്‌.

അപ്പോഴേക്കും വിറയലിന്‌ അവധികൊടുത്ത മുരുകനെ ഞാനൊന്നു നോക്കി. ഒരു നേരിയ ചിരി മുഖത്ത്‌ തെളിഞ്ഞുവരുന്നുണ്ട്‌.
മുരുകാ! ഉന്‌ക്ക്‌ റൊമ്പ താങ്ക്സെടാ.....

15 comments:

NITHYAN said...

വര്‍ഷം 1991. പൊതുജനസമ്മതി അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതു കാരണം നാട്ടിലൊരു രക്ഷയുമില്ലാതെയായ നല്ല നാളുകള്‍. കൗമാരത്തില്‍ നിന്നും വഴിതെറ്റി യൗവ്വനത്തില്‍ ശീര്‍ഷാസനം നടത്തുന്ന സുവര്‍ണകാലഘട്ടം.
കുടുംബക്കാര്‍ക്കിടയിലുള്ള മതിപ്പിന്റെ മെര്‍ക്കുറിയും വച്ചടിവച്ചടി കയറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

ശ്രീവല്ലഭന്‍. said...

ഹാ ഹാ..... കൊള്ളാം അനുഭവം. :-)

തോന്ന്യാസി said...

അല്ല മുതലാളീ, നാന്‍ നിജമാ ശൊല്‌റേന്‍, അന്ത താടി മലയാളത്താന്‍ പാത്താലേ തിരുട്ടുപയ്യന്‍. നമ്പവേ മുടിയാത്‌.......

അപ്പോ എന്നേക്കാള്‍ മുന്‍‌പേ പലര്‍ക്കും ഈ സംശയം ഉണ്ട് ...ല്ലേ

ഉഗാണ്ട രണ്ടാമന്‍ said...

:)

ഒരു സ്നേഹിതന്‍ said...

അല്ല മുതലാളീ, നാന്‍ നിജമാ ശൊല്‌റേന്‍, അന്ത താടി മലയാളത്താന്‍ പാത്താലേ തിരുട്ടുപയ്യന്‍. നമ്പവേ മുടിയാത്‌.......

Manikandan said...

നിത്യൻ‌ജി സംഭവം കൊള്ളാം. അങ്ങനെ തടികേടാകതെ രക്ഷപെട്ടു അല്ലെ. :)

ശ്രീ said...

അനുഭവങ്ങള്‍ കുറേയുണ്ടല്ലോ മാഷേ

:)

Cartoonist said...

ലോറി വടക്കോട്ടുപോയപ്പോള്‍ വെള്ളം അചഞ്ചലമായി തെക്കുതന്നെ നിലയുറപ്പിച്ച ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്‌...
...........
malayaalam ithil kaanaanilla, nithyaa. kshamikkwa.

assalaayi !

കണ്ണൂരാന്‍ - KANNURAN said...

തല്ലു കിട്ടാത്തത് വളരെ മോശമായിപ്പോയി... കിടിലൻ എഴുത്ത്...

കുഞ്ഞന്‍ said...

മാഷെ..
ദുരിതങ്ങളിലൂടെയുള്ള ജീവിതം,അതാണ് എഴുത്തിന് തീവ്രത..

ഇടതു വശത്തേക്കും വലതുവശത്തേക്കും പോകുന്ന പോക്കിന് എന്‍ സി പിയോട് ഉപമിച്ചത് കി ക്കിടിലന്‍ മാഷെ..!!!

പിന്നെ ഒരു ചെറിയ തെറ്റ് ചൂണ്ടി കാണിക്കുന്നു..മാഷിന്റെ പ്രായം എനിക്കറിഞ്ഞുകൂടാ..ഈ കഥ പറയുന്ന കാലഘട്ടം തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍.. ഇനി ഞാന്‍ പറയാന്‍ പോകുന്നത്..മദനിയെ പിടിച്ചത് 98-99 കാലഘട്ടത്തില്‍, അപ്പോള്‍ ഈ കഥ പറയുന്നതില്‍ മദനിയുടെ ജയില്‍‌വാസം പരാമര്‍ശിക്കണമെങ്കില്‍ എന്തായാലും രണ്ടായിരമാ‍ണ്ട് തുടങ്ങാതെ പറ്റില്ലല്ലൊ.

G.MANU said...

നിന്നിടം കുഴിക്കുന്ന (കല്ലുവെട്ട്‌) തു തുടരണമോ എന്നെല്ലാം ആലോചിക്കുന്ന സമയം.


namaha....namaha....namaha....

ഏറനാടന്‍ said...

:)

കുറുമാന്‍ said...

ഇന്നാ ഇത് വായിച്ചത് നിത്യന്‍ ഭായി. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്ന ചോദ്യം ഇവിടെ അപ്രസക്തമായതിനാല്‍ ചോദിക്കുന്നില്ല.

അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളതിനാലായിരിക്കാം താങ്കളുടെ പതിവ് നര്‍മ്മശൈലി ഇതില്‍ കാണാ‍ാന്‍ കഴിഞ്ഞില്ല, എന്നാലോ ചിരീക്കൊട്ടും കുറവ് വന്നതുമില്ല.

അപ്പോ പാക്കലാം, ഇപ്പോള്‍ കളമ്പട്ടും.

nandakumar said...

നിത്യന്‍ സാര്‍, ഉങ്കള്‍ക്ക് റോമ്പ താങ്ക്സ്..
ഗംഭീര ശൈലി. ഒഴുക്കോടെ വായിച്ചു. അനുഭവങ്ങളെ എങ്ങിനെയാണ് സാര്‍ ഇമ്മാതിരി എഴുതുന്നത് ? നമിക്കാതെ വയ്യ!! നമോ നമ ആണ്ടവാ....

വിപിന്‍ said...

പൊന്നണ്ണാ...
നിങ്ങളു പുലി തന്ന കേട്ടാ...
...............
സൂപ്പര്‍ നിത്യന്‍ ജീ...