Thursday, March 5, 2009

എഫ്‌.എം സ്‌പോണ്‍സേര്‍ഡ്‌ ബോധക്ഷയം

നിത്യന്‍ രാവിലെ ക്ലബ്‌. എഫ്‌.എം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയം 4.30. അപ്പോള്‍ അലാറം വച്ചെഴുന്നേറ്റ്‌ റേഡിയോ കേള്‍ക്കുകയാണോ എന്നു തോന്നിയേക്കാം. അങ്ങിനെ തോന്നുന്നവര്‍ക്ക്‌ ഞങ്ങള്‍ ബുദ്ധിജീവികളെപ്പറ്റിയോ അവരുടെ ശീലങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല എന്നതാണ്‌ സത്യം. മെമ്മറികാര്‍ഡ്‌ പുകപിടിച്ചുപോയതുകൊണ്ട്‌ ടെലിവിഷന്‍, ഫാന്‍, റേഡിയോ, മോട്ടോര്‍ എന്നീ വസ്‌തുക്കളുടെ സ്വിച്ചോണ്‍ കര്‍മ്മം മാത്രമാണ്‌ നമ്മള്‍ സ്വയം നിര്‍വ്വഹിക്കുക.

സ്വിച്ചോഫ്‌ കര്‍മ്മം അനുഷ്‌ഠിക്കാന്‍ കുടുംബത്തില്‍നിന്നോ സമീപഗ്രാമങ്ങളില്‍ നിന്നോ ആരുംതന്നെ എത്തുന്നില്ലെങ്കില്‍ നാവുതാണുപോയതുകൊണ്ടു നാവടങ്ങി എന്നതുപോലെ യന്ത്രം സ്വന്തം നിലയ്‌ക്കങ്ങ്‌ നിലയ്‌ക്കുകയാണ്‌ പതിവ്‌. വിശേഷബുദ്ധി അശേഷമില്ലാത്തതുകൊണ്ട്‌ പാതിരാവില്‍ മനുഷ്യന്‍ ചത്തപോലെ ഉറങ്ങുമ്പോഴും എഫ്‌.എം ടണ്‍ കണക്കിന്‌ ഫണ്‍ ചൊരിഞ്ഞുകൊണ്ടിരിക്കും.

4.30 ന്‌ എഫ്‌. എം സ്വമേധയാ അലറിവിളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഉറക്കം പോയത്‌. മറന്നുപോയ പല സംഗതികളും ഓര്‍മ്മയിലേക്ക്‌ ലോങ്‌മാര്‍ച്ച്‌ നടത്തുക ഈ ബ്രാഹ്മമൂഹൂര്‍ത്തത്തിലായിരിക്കും. അതുകൊണ്ടാണ്‌ എഴുത്തുകാര്‍ ഈ സമയത്ത്‌ എഴുത്തിനിരിക്കുന്നത്‌്‌. എഴുത്താണിയോട്‌ അലര്‍ജിയുള്ള നമ്മള്‍ മറ്റുമേഖലകളില്‍ കര്‍മ്മനിരതരാവുന്നതും.

മനസ്സുവിളിച്ചിടത്തേക്ക്‌ കൈയ്യെത്തിയതേയുള്ളൂ. ഇടം കൈയ്യില്‍ വില്ലും വലംകൈയ്യില്‍ അമ്പുമായി ബാലയവനന്‍ നിദ്രയില്‍ നിന്നും മൂരിനിവര്‍ന്നു കര്‍മ്മനിരതനായി. ഉറങ്ങുമ്പോള്‍ തലക്കുത്തില്‍ വച്ച സാധനങ്ങളുമായിത്തന്നെ ഉണരണം എന്ന്‌ മൂപ്പര്‍ക്ക്‌ നിര്‍ബന്ധമുള്ള കാര്യമാണ്‌. തട്ടിലെ ദോശ പോലെ യവനസുന്ദരിയും മറിഞ്ഞുവീണു. വായില്‍ നിന്നും വന്നത്‌ ഗ്രീക്കിലായതുകൊണ്ട്‌ അത്‌ എഫ്‌.എമ്മിനോടുള്ള സ്വാഭാവിക പ്രതികരണത്തിന്റെ തത്സമയ സംപ്രക്ഷേപണമായിരിക്കണം. എന്നെ ചീത്തവിളിച്ചതാവാന്‍ വഴിയില്ല.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ്‌ ഇനിയെന്തെല്ലാം സല്‌ക്കര്‍മ്മങ്ങളാണ്‌ അനുഷ്‌ഠിക്കേണ്ടത്‌ എന്നചിന്തയിലായിരിക്കണം യവനന്‍. വലത്തേക്കൈയ്യുടെ തള്ളവിരല്‍ വായിലും ഇടത്തേക്കൈ വില്ലിലും മുറുക്കിപ്പിടിച്ച്‌ ധ്യാനനിരതനായി ഇരിക്കുകയാണ്‌. അച്ഛന്‍ അര്‍ജുനനാണെങ്കില്‍ മോന്‍ ദ്രോണാചാര്യന്‍ എന്ന ഭാവം തന്നെ മുഖത്ത്‌.

നമ്മള്‍ക്കായിട്ട്‌ പറയാന്‍ ഒന്നുമില്ലാത്തപ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആരെങ്കിലും പറയുന്നത്‌ കേള്‍ക്കുകയാണ്‌. അതും ഒരു സുന്ദരിയുടെ പേച്ചാവുമ്പോള്‍ ഗുണംകൂടുമെന്നാണ്‌ ഐതിഹ്യം. അപ്പോള്‍ കുഞ്ഞമ്മദ്‌ക്കാ ചോദിച്ചപോലെ ഓള്‌ ചുന്നരിയാന്ന്‌ ഞ്ഞി ഞമ്മളോട്‌ പറഞ്ഞത്‌ ഹമുക്കേ ഓള ശെത്തം കേട്ടിറ്റേനൂം എന്ന്‌ ആളുകള്‍ ചോദിച്ചുകളയും. എല്ലാം ഓരോരോ വിശ്വസം. കുയിലിന്‌ ശബ്ദം സൗന്ദര്യം എന്നല്ലേ. അതുകൊണ്ട്‌ എഫെമ്മിലെ കുയില്‍ നാദം ഒരു മയിലിന്റേതാവാനേ വഴിയുളളൂ.

റേഡിയോയുടെ പ്രധാനധര്‍മ്മം പണ്ട്‌ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. റേഡിയോനിലയത്തില്‍ നിലയവിദ്വാന്‍മാര്‍ ആസ്ഥാനവിദ്വാന്‍ മാരുടെ ഭാവികണക്കിലെടുത്ത്‌ കിട്ടുന്ന വാര്‍ത്തകള്‍ അല്‌പം ചൂടുള്ളതാണെങ്കില്‍ കുറച്ചു സമയം ഐസിലിട്ട്‌ വെയ്‌ക്കും. ഫ്രീസര്‍ സംവിധാനമൊക്കെ വന്നത്‌ പിന്നീടാണ്‌. ഇനി മഞ്ഞുകൊണ്ട വെടിമരുന്നുപോലെയാണ്‌ കിട്ടിയ വാര്‍ത്തയെങ്കില്‍, ആവശ്യത്തിന്‌ ചൂട്‌ പകര്‍ന്ന്‌ അന്തരീക്ഷത്തിലേക്ക്‌ പറഞ്ഞുവിടും. അക്കാലത്ത്‌ മര്‍ഫി, ബുഷ്‌, ഫിലിപ്‌സ്‌ എന്നൊക്കെ പേരുകളുള്ള റേഡിയോ സെറ്റുകള്‍ ഒരാഡംബര വസ്‌തുവായിരുന്നു. റേഡിയോവിന്‌ നികുതിയുള്ള കാലം. കാലം കാലന്‌ വഴിമാറിയപ്പോള്‍ സ്ഥിതിമാറി.

അങ്ങിനെ കളമൊഴിയാള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ നാട്ടുകാരോട്‌ ക്ഷേമാന്വേഷണങ്ങള്‍ തുടങ്ങി. എസ്‌.എം.എസ്‌ അയക്കേണ്ട കാര്യം ആദ്യം തന്നെ പറയുകയാണ്‌ അതിന്റെയൊരു രീതി. ഈ എഫ്‌.എം. റേഡിയോ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും തോന്നിപ്പോകുന്ന ഒരു സംശയമാണ്‌. ഇതിലെ അവതാരകരെ പെറ്റിട്ടതുതന്നെ എസ്‌.എം.എസ്‌ സമ്പ്രദായത്തിലൂടെയാണോ ആവോ.

ഓരോ ദിവസവും ഇഷ്ടംപോലെ വിഷയങ്ങളുള്ളതുകൊണ്ട്‌ രക്ഷപ്പെട്ടു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കിട്ടിയ വിഷയം കണ്‍ഫ്യൂഷന്‍. ഹലോ, ............ എഫ്‌. എമ്മിലേക്ക്‌ സ്വാഗറ്റം. പരയൂ, എവിടുന്നാണ്‌ വിലിക്കുന്നത്‌. എന്തായിരുന്നൂ കണ്‍ഫ്യൂഷന്‍.

"ഞാമ്പിളിക്കുന്നത്‌ വടകരേന്നാണെ. എന്റ പേര്‌ രാജേശ്‌. ഞാനിവിടെ ഒരു മൊബേല്‍ ഷാപ്പില്‌ സെയില്‍സ്‌ മേനാണേ. മെഞ്ഞാന്നില്ലേ ഞാനെന്റമ്മേനേം കൂട്ടി ബസ്സില്‍ കാര്യതാണേ. നല്ലതെരക്കേന്വേ. എറങ്ങേണ്ട സ്ഥലത്തെത്തി തിക്കിത്തിരക്കി ഒര്യാന എറങ്ങ്യപ്പാട്‌ ഞാനമ്മേന്റെ കൈയ്യിങ്ങ്‌ പിടിച്ച്‌. അമ്മ്യെന്താ നടക്കാത്തേന്ന്‌ വിചാരിച്ച്‌്‌ തിരിഞ്ഞുനോക്കുമ്പാ ആള്‌മാറിപ്പോയീന്ന്‌ മനസ്സിലായെ, ചമ്മിപ്പോയി. ബമ്പന്‍ കംഫ്യൂശനായിപ്പോയേ".

ആഹഹ! ശ്ശോ എന്തൊരു കണ്‍ഫ്യൂഷന്‍ ന്നും പറഞ്ഞു കളമൊഴിയാള്‍ തുടങ്ങിയപ്പോഴേക്കും നിത്യന്‍ കരച്ചിലടയ്‌ക്കാന്‍ പാടുപെടുകയായിരുന്നു. മിനിമം ഒരു ഒന്നൊന്നര ടണ്‍ ഫണ്‍ തലയില്‍ വന്ന്‌ പതിച്ചാല്‍ കരയുകയാണോ അതോ ചിരിക്കുകയാണോ വേണ്ടതെന്ന ഭാവം നിത്യകാമുകിയുടെ മുഖത്ത്‌ തളം കെട്ടിനില്‌ക്കുകയയും ചെയ്യുന്നു.

മരണാസന്നനായ ഈയുള്ളവനെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്താനുള്ള യാതൊരു ശ്രമവും എഫ്‌.എം. യന്ത്രത്തിലെ തരുണിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല, അടുത്ത കണ്‍ഫ്യൂഷന്റെ യജമാനനെ വിളിച്ച്‌ എന്റെ തല ലക്ഷ്യംവച്ച്‌ വിടാനുള്ള ശ്രമം തുടങ്ങുകയും ചെയ്‌തു. നമ്മള്‍ ആണുങ്ങള്‍ക്ക്‌ വിശേഷബുദ്ധി ചിലപ്പോള്‍ ഉണ്ടാവണമെന്നില്ല. നിത്യനെപ്പോലുള്ളവര്‍ക്ക്‌ ജന്മനാ അതില്ലാതിരുന്നതുകൊണ്ട്‌്‌ ജാതകപ്രകാരം നിത്യകാമുകിം രക്ഷതി യൗവ്വനേ എന്നാണ്‌ ആചാര്യന്‍ എഴുതിവച്ചിരിക്കുന്നത്‌.

ഒരു ഞെട്ടലോടെയാണ്‌ അടുത്ത ടെണ്‍ ഫണ്ണുമായി എഫ്‌.എം ടിപ്പര്‍ കാതിനരികിലെത്തിയ വിവരം തരുണിയില്‍ നിന്നുമറിയുന്നത്‌. ഫണിന്റെ ഉടമ ഒരു കോളേജുകുമാരിയാണ്‌. ഓളിങ്ങനെ നടന്നുപോവുമ്പോള്‍ മുന്നിലൂടെ ഓള ചങ്ങാതി നടന്നുപോവുന്നതുകണ്ടു. വേഗം നടന്ന്‌ പിന്നിലൂടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു. മുന്നിലത്തെ ചരക്ക്‌ പെട്ടെന്ന്‌ തിരിഞ്ഞുനോക്കുമ്പോഴേക്കം ഓള്‌ ഞെട്ടിപ്പോയി. അതൊരാങ്കുട്ട്യേനും. ഹ്‌ഹഹ!

'ആനക്കുട്ടിയാവാത്തത്‌ ഭാഗ്യം' ന്നും പറഞ്ഞ്‌ പിന്നോട്ട്‌ മറിഞ്ഞുപോയതുമാത്രമേ എനിക്കോര്‍മ്മയുള്ളൂ. നിത്യകാമുകി പഠിച്ചത്‌ കൃഷിശാസ്‌ത്രമാണ്‌. തെങ്ങിന്റെ പള്‍സ്‌ നോക്കി കുറിപ്പെഴുതുന്ന രീതിയുണ്ടോയെന്നറിയില്ല. നിത്യന്‍ വടിയായിട്ടില്ല ബോധം പോയതുമാത്രമാണെന്ന്‌ പള്‍സ്‌ നോക്കി മൂപ്പര്‌ പ്രഖ്യാപിച്ചതറിഞ്ഞപ്പോള്‍ ഒരിക്കല്‍കൂടി ബോധം മറിഞ്ഞത്‌ നന്നായോര്‍മ്മയുണ്ട്‌.

ഒരിക്കലുമില്ലാകിരുന്ന ബോധം ഇന്നായിട്ട്‌ പോവുകയൊന്നുമില്ല, ഇതു കഥകഴിഞ്ഞതുതന്നെയാണെന്ന്‌ ചില അഭ്യുദയകാംക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നതായും പിന്നീടാണറിഞ്ഞത്‌. എക്കാലത്തും നേരും നെറിയുമുള്ള കുറച്ചാളുകളെങ്കിലും നാട്ടിലുണ്ടാവുമെന്നത്‌ സത്യം തന്നെയാണ്‌.

വിവരം പത്രത്തില്‍ കൊടുക്കാന്‍ ആളുകള്‍ പുറപ്പെടാന്‍ നോക്കുമ്പോള്‍ 'തലയില്‍ ഒരു ടണ്‍ ഫണ്‍ വീണുമരിച്ചു എന്നു പ്രത്യേകം കൊടുക്കണം' എന്ന്‌ ഞാനറിയാതെ വിളിച്ചുപറഞ്ഞുപോയിപോലും . മുറ്റത്ത്‌ കെട്ടിയ മുഷര്‍ അതുകേട്ട്‌ നെഗറ്റീവ്‌ സെന്‍സില്‍ ഒന്നു ഓരിയിട്ടുവെന്നും ഒരൈതിഹ്യമുണ്ട്‌. നിത്യനായതുകൊണ്ട്‌ ആ പറഞ്ഞതുകൊണ്ടുമാത്രം ജീവനുണ്ടാവണമെന്നൊന്നുമില്ല, ഇങ്ങിനെ പലേ നമ്പറും ഓനെടുക്കും എന്ന ഉറച്ചനിലപാടുതന്നെയായിരുന്നു ഭൂരിപക്ഷത്തിനും.

പെട്ടെന്നായിരുന്നു ആ ശബ്ദം. "അമ്മേ എന്റെ അമ്പ്‌ കാണുന്നില്ലാ, എനിക്കിപ്പംതന്നെ എയ്യണം". അറിയാതെ കണ്ണുതുറന്നുപോയി. വില്ലുംകുലച്ചുപിടിച്ച്‌ ഇതാ ഇപ്പം ശരിയാക്കിത്തരാ എന്ന ഭാവത്തില്‍ നിത്യപുത്രന്‍. കട്ടില്‍ തേര്‍ത്തടമായി സങ്കല്‍പിച്ചതാവണം. സമീപത്തെങ്ങും കൊടിമരവും കിളിയുമില്ലാത്തതുകൊണ്ട്‌ ലക്ഷ്യം നിത്യശിരസ്സാവാനേ വഴിയുള്ളൂ.

"മൂപ്പരങ്ങിനെയെന്നും പോവൂലാന്ന്‌ ഞാന്‍ പറഞ്ഞതല്ലേ. വെറുംവാക്കൊന്നും പറേന്ന ആളൂ്വല്ല. എന്നേംകൊണ്ടേ കുരിശ്‌ പോവൂന്ന്‌ ഇന്നലേംകൂടി ഒറപ്പിച്ച്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇതൊരു ബോധക്കേട്‌ മാത്രാന്ന്‌ ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാ."

ചുറ്റിലുമുണ്ടായിരുന്നവര്‍ നിരാശരായി പുറത്തിറങ്ങിയപ്പോഴേ സംഗതിയുടെ കിടപ്പ്‌ മനസ്സിലായുള്ളൂ. ഒന്നു വാര്‍ത്ത കേക്കണല്ലോ, മോന്‍ റേഡിയോ ഇങ്ങെടുത്താട്ടേ എന്നുപറഞ്ഞപ്പോള്‍ ചെക്കന്‍ വില്ലുകൈവിടാതെ ജനാലയില്‍ കൂടെ അനന്തവിഹായസ്സിലേക്ക്‌ വിരല്‍ ചൂണ്ടി.

"ഇങ്ങളേതായാലും പോയി. മൂന്നാമത്തെ ടണ്‍ ഫലിതം വരുമ്പോഴേക്കും ഞാന്‍ എന്റെയും ചെക്കന്റെയും കാര്യം ആലോചിച്ചു. പിന്നെ അമാന്തിച്ചില്ല. വലിച്ചൊരേറുകൊടുത്തു. ചെമ്മീനിലെ പരീക്കുട്ടി കടാപ്പുറത്ത്‌ പാടിപ്പാടി മരിച്ചതുപോലെ ടണ്‍കണക്കിന്‌ ഫണ്‍ പറമ്പില്‍ ചൊരിഞ്ഞുചൊരിഞ്ഞതങ്ങുചത്തു."

നമ്മള്‍ ആണുങ്ങള്‍ക്ക്‌ വിശേഷബുദ്ധി ചിലപ്പോള്‍ ഉണ്ടാവണമെന്നില്ല എന്നു ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌.

7 comments:

NITHYAN said...

"മൂപ്പരങ്ങിനെയെന്നും പോവൂലാന്ന്‌ ഞാന്‍ പറഞ്ഞതല്ലേ. വെറുംവാക്കൊന്നും പറേന്ന ആളൂ്വല്ല. എന്നേംകൊണ്ടേ കുരിശ്‌ പോവൂന്ന്‌ ഇന്നലേംകൂടി ഒറപ്പിച്ച്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇതൊരു ബോധക്കേട്‌ മാത്രാന്ന്‌ ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാ."

G.MANU said...

നിത്യന്‍ മാഷേ...
എന്റെ അരിപ്രശ്നം ടണ്‍ കണക്കിനായി എഫ്.എം ഫ്രീക്വന്‍സിയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, ക്രിയാത്മകമായി ഒരു കമന്റ് ഇടാന്‍ പറ്റാത്തതിലുള്ള ഖേദം അറിയിക്കുന്നു


:) :) :)

Lathika subhash said...

"ചെമ്മീനിലെ പരീക്കുട്ടി കടാപ്പുറത്ത്‌ പാടിപ്പാടി മരിച്ചതുപോലെ ടണ്‍കണക്കിന്‌ ഫണ്‍ പറമ്പില്‍ ചൊരിഞ്ഞുചൊരിഞ്ഞതങ്ങുചത്തു."

പാവം! ര്‍ റേ ...ഡിയോ‍..... കസ്റ്റമായിപ്പോയി!!!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മനോഹരമായി എഴുതി..
താങ്കളുടെ നര്‍മ്മോക്തികള്‍ ഹൃദ്യം.
നന്ദി.

Anonymous said...

ടണ്‍ കണക്കിന് ഫണ്‍,എവിടെയാണാവോ
ഇതിനവസാനം.

Anonymous said...

ടണ്‍ കണക്കിന് ഫണ്‍,എവിടെയാണാവോ
ഇതിനവസാനം.

NiKHiL | നിഖില്‍ said...

നന്നായിട്ടുണ്ട്, എഴുതിയുണ്ടാക്കിയ രീതി... സ്വാഭാവികനര്‍മ്മം, വായന സുഖകരം...