(രംഗം ഒന്ന്)
നിത്യാ, ഇനിക്കൊരു കാര്യം കേള്‍ക്കണോ?
എന്നും കാര്യല്ലാതെ ജ്ജ് എന്തെങ്കിലും പറയാറുണ്ടോ... പറയൂ വത്സേ കാര്യം മുഷിയാതെ....ഉം... എന്തുപറ്റി...
ഇനിയെന്തു പറ്റാന്‍... നിനക്കറിയാലോ ഇപ്പഴേ ചുരുങ്ങിയത് ഓഫീസിലും വണ്ടിയിലും പൊരയിലുമിരുന്ന് ആകെ മൊത്തം ടോട്ടല്‍ 12 മണിക്കൂറെങ്കിലും പണിയെടുത്തിട്ടാണ് ഓഫീസ് കാര്യങ്ങള്‍ പോണത്..
ഇതിപ്പോ എന്താ ഉണ്ടായേ, ജ്ജ് പറഞ്ഞ് തുലയ്ക്ക്... അധികം നേരമൊന്നുമില്ല... ഐസ്‌ക്യൂബിനു വിശക്കുന്നുണ്ടാവണം, എനിക്കാണെങ്കില്‍ ദാഹവുമുണ്ട്..
അത്... ഇപ്പോ ഉള്ളതൊന്നും പോരാണ്ട് ഒരു അധികച്ചുമതല കൂടി കിട്ടീരിക്കുന്നു... അടുത്ത ബ്ലോക്കിലെ ഒരു കൃഷി ഓഫീസറുടെ അധികച്ചുമതല..
അതെന്താ അവിടുത്തെ ആപ്പീസറദ്ദേം ചത്തുപോയോ? ഇനി ആ ബ്ലോക്കില്‍ തന്നെ വേറാരുല്ലേ ചാര്‍ജു കൊടുക്കാന്‍..
അതൊന്നും എനിക്കറീല്ല....കാര്യം പറേമ്പം ജ്ജ് തമാശിക്കല്ലേ..
ഇനി പറ, ഇനീപ്പം എന്താ ചെയ്യ?
ഉത്തരവ് കിട്ടിയാ പോയി ചാര്‍ജെടുക്വ, വേറെന്ത് ചെയ്യാനാ?
ഞാനും അതെന്നാ ചെയ്യാന്നു വിചാരിക്കിന്നത്.. എന്നാലും ഇവിടെ ചെയ്തുവച്ചതെല്ലാം കുളമാവുമല്ലോ എന്നോര്‍ക്കുമ്പൊഴാ....
അതു താനെന്തിനാ നോക്കുന്നേ, ഡിപ്പാര്‍ട്ടുമെന്റ് നോക്കിക്കോട്ടെ...
അതൊന്നും നിനക്കു മനസ്സിലാവില്ല, കൃഷിക്കാരുമായി നിത്യേന ഇടപെടുന്നവര്‍ക്കേ അവരുടെ ബുദ്ധിമുട്ടും സങ്കടോം മനസ്സിലാവൂ...
ആ ജ്ജ് പറേണ്ടതെല്ലാം വേഗം പറയ്... എന്നെപ്പോലെയല്ല ഐസ്‌ക്യൂബിനു ക്ഷമ കുറവാണ്....
ഞാന്‍ പറേന്നതൊന്നു കേള്‍ക്ക്... ഒന്നൂല്ലെങ്കില്‍ ആ കര്‍ഷകപെന്‍ഷന്‍ ഫയല് ശരിയാക്കാന്‍ വേണ്ടി പാതിരവരെ ഓഫീസില്‍ സഹായിച്ചതിനു താന്‍ പറഞ്ഞ സാധനം കൈകൊണ്ടു തൊടൂല്ലേങ്കിലും കാശു ഞാന്‍ തന്നതല്ലേ? അതിനുള്ള നന്ദിയെങ്കിലും കാണിക്കെടോ.
ഉം വേഗം പറയ്...
എന്തോന്നു പറയാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത് എന്നു പറയ്...
എന്തോന്നു ചെയ്യാന്‍, ആദ്യം താന്‍ ഇതുവരെ ചെയ്തതും ഭാവിപരിപാടികളും അധികച്ചുമതല വന്നാല്‍ ഉറപ്പായും കുളമാവുന്ന കാര്യങ്ങളും അങ്ങു മേലാവിലെ അധികാരികള്‍ക്ക് എഴുതിവിട്..
എഴുതീട്ട് കാര്യമില്ല, അതാരും നോക്കൂല്ല എന്നാണ് എല്ലാരും പറയുന്നത്...
അങ്ങിനെയൊരു ഐതിഹ്യമുണ്ട്. താന്‍ എഴുതണമെന്നേയുള്ളൂ, നോക്കേണ്ടത് കിട്ടിയവരുടെ പണിയാണ്. അതായതുത്തമേ...
എഴുതുക നിന്നുടെ ധര്‍മ്മം
പഠിക്കുക മേലാവിന്‍ ധര്‍മം
എന്നു ഭഗവാന്‍ ഉവാച..
(ആത്മഗതം... ആരോട്)
ശരി.... പിന്നെയോ?
പിന്നെ പഞ്ചായത്ത് പ്രസിഡണ്ടിനോടും കര്‍ഷക സമിതി പോലുള്ളതിന്‍െ ഭാരവാഹികളോടും പറഞ്ഞേക്കണം.. ഇല്ലെങ്കില്‍ പുത്തനോഫീസില്‍ പുരപ്പുറം തൂക്കുന്ന പാതിദിവസത്തിന്റെ കണക്ക് അവര്‍ക്ക് പിടികിട്ടിയെന്നു വരില്ല..
ആ പിന്നെ ഒന്നുകൂടി... ആ ബ്ലോക്കിലേ പെടാത്ത തനിക്കു തന്നെ ഇതു കിട്ടിയതിന് എന്തെങ്കിലും കാരണമുണ്ടാവണമല്ലോ? താന്‍ ആരെങ്കിലുമായി എന്തിനെങ്കിലും ഉടക്കിയിട്ടുണ്ടോ എന്നൊന്ന് ആലോചിച്ചു നോക്ക്.
എയ് അങ്ങിനെയൊന്നൂല്ല...എനിക്ക് പഞ്ചായത്തില്‍ എല്ലാരുമായും കര്‍ഷകരുമായും എല്ലാം നല്ല ബന്ധമാണ്...
അതല്ല, വല്ല യുണിയന്‍ നേതാക്കളുമായോ മറ്റോ?
അതുണ്ട്... ശരിയാ... ഒരിക്കല്‍ ഒരു കക്ഷി ഒരു സംഘടനയുടെ നേതാവാണെന്നും ട്രാന്‍സ്ഫര്‍ പോലുള്ള എല്ലാം കാര്യവും മൂപ്പരാണ് നോക്കുന്നതെന്നും മെമ്പര്‍ഷിപ്പ് എടുക്കണമെന്നും പറഞ്ഞു വന്നിരുന്നു. ഏതോ സമ്മേളനത്തിന്റെ ഒരു പിരിവിന്റെയോ മറ്റോ 3000 ത്തിന്റെ ഒരു രസീപ്റ്റും മുറിച്ചു തന്നു. നമ്മുടെ വഴി നേര്‍വഴിയാണ് എന്നും ട്രാന്‍സ്ഫര്‍ പോലുള്ള ഒരാവശ്യത്തിനും ഞാന്‍ വരില്ലെന്നും മൂപ്പര്‍ക്ക് അപ്പോള്‍ തന്നെ ഉറപ്പുനല്കിയതാണ്. പലേ സാമൂഹികബാധ്യതകളും കണക്കിലെടുത്തു അതു ന്യായമായി ഒരു ആയിരം രൂപ ആക്കണമെന്നും അപേക്ഷിച്ചിരുന്നു... അത്രേയുള്ളൂ... വേറെ പ്രശ്‌നോന്നുല്ല...
വേറെ ഇനി എന്തോന്നുണ്ടാവാനാണ് മകാളെ, ഹൊറിബിള്‍ കേസ് ഓഫ് ഡിസ്രസ്പക്ട് റ്റു ഹോണറബിള്‍ ലീഡര്‍...
ബാധ ഒഴിവാകണമെങ്കില്‍ ജ്ജ് പോയി സാംഷ്ടാംഗം പ്രണമിച്ചോ... മൂവായിരത്തിന്റെ ഒരു സംഭാവനാഹോമം അത്യുത്തമം.
നിത്യാ ഒന്നാലോചിച്ചേ, ലേശം ഭേദം കൃഷിഓഫീസര്‍ പണിവിട്ടു നമുക്കു കൃഷി ചെയ്യുന്നതല്ലേ..
ബഹുവചനം വേണ്ട, ജ്ജ് പോയി വാഴവെച്ചോളൂ.. നോം ലേശം കൊള്ളിവെച്ചോളാം.
എന്നാലും ഒന്നാലോചിച്ചാല്‍ ഇക്കാലത്ത് ഇനിക്ക് സംഘടനയൊന്നും വേണ്ടേ?
എന്തിനാത്? കേരളത്തിലെ ഗസറ്റഡ് ഓഫീസര്‍മാരെന്താ പട്ടിണി ജാഥ നയിക്കാന്‍ പോണോ? എന്തിന്റെ കുറവാ ഇപ്പോഴുള്ളത്?
പിന്നെ ഒരു സംഘടനയുടെ ആവശ്യം തന്നെയെന്താ?
വിവരം കെട്ട ഹമുക്കേ, നമ്മുടെ അവകാശങ്ങള്‍ എപ്പഴാണ് എരണംകെട്ട പിന്തിരിപ്പന്‍ ഭരണകൂടം കവര്‍ന്നെടുത്തുപോവുക എന്നു പറയാന്‍ പറ്റില്ല എന്ന പ്രകൃതിസത്യം തനിക്കറിയോ? ലോകത്തെ പല രാജ്യങ്ങളിലും അതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്.. പോളണ്ടു മുതല്‍ ഇംഗ്ലണ്ടു വരെ... എസ്‌തോണിയ മുതല്‍ ലിത്വാനിയ വരെ... കസാക്കിസ്ഥാന്‍ മുതല്‍ പാക്കിസ്ഥാന്‍ വരെ...എന്തിന് പണ്ടുണ്ടായിരുന്ന പെന്ഷന്‍ അവകാശം എടുത്തുകളഞ്ഞില്ലേ?
അറിയാന്‍ മേലാത്തോണ്ടു ചോദിക്കുവാണ്, പെന്‍ഷന്‍ കളഞ്ഞപ്പോള്‍ സംഘടനകള്‍ ഭരണകൂടത്തെ വിറപ്പിച്ച് മുണ്ടില്‍ മുള്ളിച്ചോ? ഇനിക്ക് ദ്വേഷം ഒന്നും വേണ്ട്.. അപ്പോ നിത്യാ, എന്റെ ചെറിയോരു പുത്തീല്‍ തോന്നുന്ന ഒരു സംശയാണേ...
ആ മടിക്കാണ്ട് ചോയിക്ക്... ഞാന്‍ പറയാം...
ജ്ജ് പറഞ്ഞ കണക്കിനു കേരളത്തില്‍ ആ മാറുമറക്കല്‍ സമരസമിതി പിരിച്ചുവിട്ടത് ഒരു വല്യ തെറ്റായിപ്പോയീന്ന് തോന്നുന്നു...
ആയെന്തേനും ഇപ്പോ അങ്ങിനെ തോന്നാന്‍...
ഒന്നൂല്ല... ഭാവിയില്‍ മാറുമറക്കാനുള്ള അവകാശം പോയിപ്പോയാലോ.. അപ്പോ മാറുമറ അവകാശം തിരിച്ചുകിട്ടാന്‍ നമുക്കൊരു സംഘടന വേണ്ടേ?
ത്ഫൂ.. പണ്ഡിതയാണെന്നു തോന്നുന്നു... ഹമുക്കേ ജ്ജ് നിക്ക് തോന്നുന്ന പോലെ ചെയ്യ്..
അപ്പോ ഏതായാലും ഒരു മറുപടി കൊടുത്തേക്കട്ടെ ഇല്ലെ..
വേണെങ്കില്‍ കൊടുത്താല്‍ മതി നാ.മോ.... (ലിംഗസമത്വം സിന്ദാവാ)
(രംഗം രണ്ട് )
നിത്യാ.. ഓ ജ്ജ് വര്‍ച്വല്‍ ലോകത്തു നിന്നും സ്പിരിച്വല്‍ ലോകത്തേക്ക് നേരത്തെകാലത്തെ ഇറങ്ങിയോ? ജ്ജൊന്നും നന്നാവൂല്ല... ആ അത് വിട്..
സംഗതി മൊത്തത്തില്‍ പ്രശ്‌നായീന്നാണ് തോന്നുന്നത്...
എന്തോന്ന്? മറുപടി കൊടുത്തതോ?
മറുപടി ഞാനെഴുതിക്കൊടുത്ത വിവരം പ്രസിഡണ്ടോടും മറ്റും പറഞ്ഞിരുന്നു.. വിവരം അറിഞ്ഞപ്പോഴേ അവര്‍ ചൂടിലാണ്.. എല്ലാ പദ്ധതികളും കൃത്യായി നടക്കുന്നതില്‍ അവര്‍ക്ക് ചില്ലറ സന്തോഷല്ല... കൃഷിക്കാര്‍ക്കും...
ആ ബ്ലോക്കില്‍ തന്നെ ആര്‍ക്കെങ്കിലും അവര്‍ ചാര്‍ജു കൊടുക്കണം അല്ലെങ്കില്‍ പുതിയ ആള്‍ വരണം എന്നൊക്കെ പറഞ്ഞു.. ഞാന്‍ പോവണ്ട എന്നും...
പക്ഷേ ഉത്തരവിട്ടവര്‍ ഉറച്ചു നില്ക്കുകയാണ് എന്തായാലും പോയി ചാര്‍ജെടുത്തില്ലെങ്കില്‍ പ്രശ്‌നാവും എന്നു പറയുന്നു.
അതവിടെ നില്ക്കട്ടെ, അപ്പോ ജ്ജ് കൊടുത്തതിനു മറുപടി തന്നോ?
ഇല്ല...
ഇത്ര അത്യാവശ്യമായി ഈ ട്രാന്‍സ്ഫറും തനിക്ക് അധികച്ചുമതലയും എന്തിനായുരുന്നൂവെന്ന് ഏതായാലും അന്വേഷിച്ചു വച്ചോ. സംഗതിയുടെ കിടപ്പ് കാണുമ്പോള്‍ രോഗം കരളിനെ ബാധിച്ചതുപോലെയാണ് തോന്നുന്നത്...ഉത്തരവു തന്നെയും കൊണ്ടേ പോകൂ...അല്ലെങ്കില്‍ എന്തിനു ഇത്ര ധൃതി?
എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് അവിടെ പ്രൊജക്ടുകളൊന്നും നേരാംവണ്ണം നടന്നില്ല, നടത്തിയതിന്റെ ലക്ഷങ്ങളുടെ ബില്ലുകളെല്ലാം കെട്ടിക്കിടക്കുന്നു എന്നൊക്കെയാണ്. മൂപ്പരു മേലെ പിടിപാടുള്ളതുകൊണ്ട് അതൊക്കെ വരാന്‍പോവുന്നവരുടെ തലയിലിട്ട് തടിതപ്പാന്‍ പോവുകയാണെന്നും... അപ്പോ ഞാന്‍ പോയാല്‍ ഈ ബില്ലൊക്കെ എന്റെ തലയിലാവ്വോ?
ഉറപ്പല്ലേ... നിത്യേ വിതൗട്ട് സംശയം വത്സേ നീ തന്നെ തൂങ്ങും.
ആ ഇപ്പോ ഈ യമണ്ടന്‍ ട്രാന്‍സ്ഫര്‍ അടിയന്തിര കമ്പിസന്ദേശം കിട്ടാന്‍ മാത്രം ആ ആപ്പീസര്‍ എത്ര കാലായി അവിടെ?
ങാ... കൊല്ലം ഒന്നു തികഞ്ഞിട്ടില്ല.
അപ്പോള്‍ ട്രാന്‍സ്ഫര്‍ അപേക്ഷ പരിഗണിക്ക്വോ?
ഇല്ല. എല്ലാറ്റിലും സുതാര്യത ഉറപ്പാക്കാന്‍ സോഫ്‌ട്വെയര്‍ ഉണ്ട്. അതില്‍ അപേക്ഷിക്കാന്‍ മൂന്നു കൊല്ലം സര്‍വ്വീസ് വേണം...
അപ്പോ ഇതെങ്ങിനെയാണ്?
അതാണ് നേതാവു പണ്ടു പറഞ്ഞ സംഗതി.
അപ്പോള്‍ രൊമ്പ സുതാര്യമായ ഏര്‍പ്പാടാണ്. എന്നേച്ചാല്‍ അണിയില്‍ സംപ്രീതനായാല്‍ നേതാവ് ട്രാന്‍സ്ഫര്‍ റെക്കമന്റുന്ന ചങ്ങലംപരണ്ടയാണ്
ഇന്നും സുതാര്യ സര്‍വ്വീസ് ലോകം. നമിച്ചിരിക്കുന്നു.
അതായത് ജ്ജ് മൂവായിരം നോ ശൊല്ലി, മൂപ്പര്‍ മൂവായിരം യെസ് ശൊല്ലി എന്നര്‍ത്ഥം... നേതാവിനെ തെറ്റുപറയാന്‍ പറ്റില്ല, നീതിമാനാണ്. മൂവായിരം നഹിക്ക് ചെറിയോരു ശിക്ഷയായ അധികച്ചുമതല... മൂവായിരം യെസിനു നോ ചുമതല... കണ്ണുകെട്ടിയ പെണ്ണുപിടിച്ച ആ ത്രാസ് ഒന്നു നേര്‍ന്നോളൂ..
ജ്ജ് അതുവിട്ട് കാര്യം പറയ്...അപ്പോ ചാര്‍ജെടുക്കേണ്ടിവന്നാല്‍ എന്താ ചെയ്യാ?
പണിയുണ്ട്. സംശയമുള്ള ബില്ലുകള്‍ മുഴുവന്‍ ഉത്തരവു തന്നെ മേലാവിലേയ്ക്ക് തന്നെ ഉപദേശത്തിനായി സവിനയം അയച്ചുകൊടുക്കുക. ബാക്കി ഉപദേശം പോലെ. ബില്ലിനും സ്വസ്തി തനിക്കും സ്വസ്തി പഞ്ചായത്തിനും സ്വസ്തി... തൂങ്ങുമ്പോ മൊത്തം തൂങ്ങും എന്നു വന്നാല്‍ പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ തീര്‍ത്തോളും.. അതാണ് നേരിന്റെ നേര്‍വഴി...
(രംഗം മൂന്ന് )
നിത്യാ പണിയായി. അടുത്ത ഉത്തരവെത്തീറ്റുണ്ട്, ഇന്നുതന്നെ പോയി ചാര്‍ജെടുക്കാന്‍... അല്ലേല്‍ അനുസരണക്കേടിനു നടപടി വരൂന്ന് പറഞ്ഞിട്ടുണ്ട്..
നടപടിയോ നടയടിയോ?
ഇനിക്ക് പിന്നെ, എന്നെക്കൊണ്ട് പറേപ്പിക്കണ്ട...
പ്രസിഡണ്ടും സമിതിക്കാരുമൊക്കെ എന്താ പറഞ്ഞത്?
അവര് ഡിപ്പാര്‍ട്ടുമെന്റില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്, എന്നോട് പോയി ചാര്‍ജ് എടുക്കണ്ടാന്നാ പറേന്നത്.. അവര്‍ക്കെന്താ പറയുന്നേന്? ഇന്നു ഉച്ചയ്ക്ക് ശേഷം പോയി ചാര്‍ജെടുക്കൂന്ന് ഞാന്‍ അവരോടെല്ലാം പറഞ്ഞിട്ടുണ്ട്, പക്ഷേ അവര് പറഞ്ഞത് നാലുമണിയുടെ മീറ്റിങ്ങും കഴിഞ്ഞ് പോയാല്‍ മതീന്നാണ്. അവിടെ മൂപ്പര്‍ ഇന്ന് റിലീവാകുന്ന സന്തോഷത്തിന്റെ പാര്‍ട്ടി പൊടിപൊടിക്കുവാണെന്നും കേട്ടു.
ഉം... ശ്രദ്ധിച്ചില്ലേല്‍ തൂങ്ങും... അത്രേയുള്ളൂ... തൂങ്ങുമ്പോ മൊത്തം തൂങ്ങുന്ന വിധത്തില്‍ നോക്കിയാല്‍ മതി. വേറെ വിശേഷൊന്നുമില്ലല്ലോ, നോ ലേശം തിരക്കിലാണ്... പിന്നെ വിളിക്കാം...
മണിക്കൂര്‍ ഒന്നങ്ങു പോയതെയുള്ളൂ ഫോണ്‍ റിങ്ങുന്നു.....
നിത്യാ, സംഗതിയെല്ലാം തിരിഞ്ഞുപോയി... വിചാരിക്കാത്ത ക്ലൈമാക്‌സ്...പദ്ധതികളെ ബാധിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ടവരൊക്കെ ഇടപെട്ടതായി കേട്ടു. മുകളില്‍ നിന്നും ആ ഉത്തരവ് മരവിപ്പിച്ചതായി അറിയിച്ചു പുതിയ ഉത്തരവിറങ്ങി...
അപ്പോ പണി പശൂന്നെയ്യിലായിരുന്നില്ലേ? അതു പോട്ടെ, ഇനി മൂപ്പരുടെ റിലീവിങ് ആഘോഷപ്പാര്‍ട്ടിയോ? അതു മരവിപ്പിച്ചതായി വല്ല അറിയിപ്പും വന്നോ?
ദേ പിന്നേം തമാശ...
ജോയിനിങ് പാര്‍ട്ടി കൊടുക്കാത്ത വിവരം മൂപ്പര്‍ക്ക് ഓര്‍മ്മവന്നത് ഉത്തരവ് കാന്‍സലായ ശേഷമാണ്. അതോണ്ട് ഇന്നത്തെ റിലീവിങ് പാര്‍ട്ടി അന്നത്തെ ജോയിനിങ് പാര്‍ട്ടിയാക്കി വരവുവെച്ചു പുള്ളി ഉത്തരവിറക്കി എന്നറിഞ്ഞു...
ആളു കൊള്ളാലോ.. അപ്പോ മൊത്തത്തില്‍ ഭേഷായിട്ടുണ്ട് എന്നര്‍ത്ഥം...
ഇതില്‍ നിന്നും ഇപ്പോ താന്‍ എന്താ പഠിച്ചത്?
നമ്മുടെ പണി കൃത്യമായി ചെയ്തുതീര്‍ക്കുക, കര്‍ഷകര്‍ക്ക് പരമാവധി ഒന്നിനും കുറവുണ്ടാവാത്തവിധം ജോലി ചെയ്തു തീര്‍ക്കുക... എല്ലാം അറിഞ്ഞുചെയ്യുക..
നമ്മളൊപ്പമുണ്ടായാല്‍ കര്‍ഷകര്‍ നമുക്കൊപ്പമുണ്ടാവുമെന്നു പഠിച്ചു..
വേറെയെന്തെങ്കിലും പഠിച്ചോ?
ഇല്ലല്ലോ... എന്തേലും ഉണ്ടോ ഇനീം പഠിക്കാന്‍?
അതായത് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വായവര്‍ത്താനം പറയരുത്... എഴുതിത്തന്നെ കൊടുക്കണം. അപ്പോള്‍ അതു രേഖയാണ് ആണ്. കെട്ട ലോകത്ത് കെട്ട വഴികളേ കാണൂ എന്നര്‍ത്ഥം. മറുപടി തരേണ്ടവര്‍ വേണമെങ്കില്‍ തന്നാല്‍ മതി എന്നു കൂട്ടിക്കോളുക.
അതുകൊണ്ടെന്താ കാര്യം?
എന്താണെന്നു വച്ചാല്‍ ആ മറുപടിയെ അഡ്രസ് ചെയ്യാതെ അടുത്തഘട്ടത്തിലേക്കു നീങ്ങുന്നത് വിഡ്ഢിത്തമാവും എന്നെല്ലാര്‍ക്കും അറിയാം.. പിന്നെ ഒരു ഫ്യൂഡല്‍കാല തണ്ട് ഇങ്ങിനെ കൊണ്ടുനടക്കുന്നു എന്നേയുള്ളൂ.. വായില്‍ നിറയെ സുതാര്യതയും അനുഭവത്തില്‍ മരുന്നിനുപോലും അതിഷ്ടമല്ലാത്തവരുമാണ് കുറേയെണ്ണം.
ഏതായാലും തനിക്ക് നല്ലൊരു തിരിച്ചറിവാണത്... രണ്ട് ഐസ്‌ക്യൂബെടുക്കട്ടെ...
ജ്ജ് തന്നെ മോന്തിയാല്‍ മതി...
ന്നാ പിന്നെ..
ലാല്‍സലാം..